UAE

ദുബൈയിലെ 766 മസ്ജിദുകളിൽ അടുത്ത വെള്ളിയാഴ്ച മുതൽ ജുമുഅ നമസ്കാരം ആരംഭിക്കും

ദുബൈയിലെ 766 മസ്ജിദുകളിൽ അടുത്ത വെള്ളിയാഴ്ച മുതൽ ജുമുഅ നമസ്കാരം ആരംഭിക്കുമെന്ന് ദുബൈ ഇസ്ലാമിക കാര്യ വകുപ്പ് അറിയിച്ചു. കോവിഡ് മുൻകരുതൽ പാലിച്ചായിരിക്കും വിശ്വാസികളെ നമസ്കാരത്തിന് പ്രവേശിപ്പിക്കുക. കൂടുതൽ വിശ്വാസികൾക്ക് അവസരം നൽകാൻ 60 പള്ളികളിൽ കൂടി ജുമുഅ തുടങ്ങും. യു.എ.ഇയിലെ പള്ളികളിൽ ഡിസംബർ നാല് മുതൽ ജുമുഅ നമസ്കാരം പുനരാംഭിക്കാൻ യു.എ.ഇ ദേശീയ ദുരന്തനിവാരണ സമിതി അനുമതി നൽകിയിരുന്നു. ഈ പശ്ചാത്തലത്തിലാണ് 766 പള്ളികളിൽ ജുമുഅ തുടങ്ങുന്നതെന്ന ദുബൈ ഇസ്ലാമിക് അഫയേഴ്സ് ആൻഡ് ചാരിറ്റബിൾ ആക്ടിവിറ്റീസ് ഡിപ്പാർട്ട്മെന്‍റ് അറിയിച്ചത്.

പള്ളികളുടെ ശേഷിയുടെ 30 ശതമാനം വിശ്വാസികളെ പ്രവേശിപ്പിക്കാനാണ് ദേശീയ ദുരന്തനിവാരണ സമിതി നിർദേശിച്ചിരിക്കുന്നത്. ശാരീരിക അകലം പാലിക്കേണ്ടതിനാൽ ദുബൈയിൽ 60 പള്ളികളിൽ കൂടി ജുമുഅ നമസ്കാരത്തിന് മതകാര്യവകുപ്പ് സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ട്. നേരത്തേ അഞ്ചുനേരത്തെ നമസ്കാരം മാത്രമുള്ള പള്ളികളാണ് ഇവ.

കോവിഡ് നിർദേശം പാലിക്കേണ്ട സാഹചര്യത്തിൽ കൂടുതൽ പേർക്ക് സൗകര്യം ഏർപ്പെടുത്താനാണ് ഈ തീരുമാനം. മാസ്ക് ധരിച്ച് മാത്രമേ പള്ളികളിലേക്ക് പ്രവേശനം അനുവദിക്കൂ. നമസ്കാരത്തിന് അരമണിക്കൂർ മുമ്പ് മാത്രമേ പള്ളികളിൽ തുറക്കൂ. പത്ത് മിനിറ്റിൽ ഖുത്തുബയും നമസ്കാരവും പൂർത്തിയാക്കണം. നമസ്കാരം കഴിഞ്ഞ് അരമണിക്കൂറിൽ പള്ളികൾ അടക്കാനും ദുരന്തനിവാരണ സമിതിയുടെ നിർദേശമുണ്ട്.