സാം ആൾട്ട്മാന്റെ ഓപ്പൺ എഐ ലോകത്തെ വീണ്ടും ഞെട്ടിച്ചിരിക്കുന്നു. നിർദേശങ്ങൾ അനുസരിച്ച് വീഡിയോ സൃഷ്ടിക്കുന്ന സോറ എന്ന ടൂൾ അവതരിപ്പിച്ചിരിക്കുകയാണ് ആർട്ടിഫിഷൽ ഇന്റലിജൻസ് കമ്പനി.ടെക്സ്റ്റുകളെ വീഡിയോ ആക്കി മാറ്റാൻ കഴിയുന്ന ‘സോറ’ എന്ന പുതിയ ടൂൾ അവതരിപ്പിച്ചിരിക്കുകയാണ് ഓപ്പൺ എഐയുടെ സിഇഒ സാം ആൾട്ട്മാൻ. ജനറേറ്റീവ് ആർട്ടിഫിഷ്യൽ ഇന്റലിജൻസിലേക്കുള്ള അമ്പരപ്പിക്കുന്ന ചുവടുവയ്പായാണ് സോറയെ ലോകം നോക്കിക്കാണുന്നത്.
ഉപയോക്താവിന്റെ നിർദ്ദേശത്തിന് അനുസൃതമായി ഒരു മിനിട്ട് ദൈർഘ്യമുള്ള ഉയർന്ന ദൃശ്യനിലവാരമുള്ള വീഡിയോകൾ സൃഷ്ടിക്കാൻ സോറയ്ക്ക് കഴിയുമെന്നാണ് സാം ആൾട്ട്മാൻ പറയുന്നത്. സോറ വിപണിയിലെത്തിക്കുന്നതിന് മുമ്പായുള്ള പരീക്ഷണങ്ങളാണ് ഇപ്പോൾ നടക്കുന്നത്. ഉപയോക്താക്കളോട് നിർദ്ദേശങ്ങൾ പങ്കുവയ്ക്കാൻ സാം ആൾട്ടമാൻ ആവശ്യപ്പെടുകയും സോറ നിർമ്മിച്ച വീഡിയോകൾ പങ്കുവയ്ക്കുകയും ചെയ്തു.
വീഡിയോ നിർമ്മാണരംഗത്തിനും ചലച്ചിത്രവ്യവസായരംഗത്തിനും ഭീഷണിയാകുന്ന കണ്ടെത്തലാണ് ഇതെന്ന ആശങ്ക ഇതിനകം തന്നെ പരന്നു കഴിഞ്ഞു. ‘കുഴപ്പം പിടിച്ച ‘ വീഡിയോകൾ സോറ നിർമ്മിക്കാതിരിക്കാനുള്ള മുൻകരുതലുകളാണ് ഓപ്പൺ എ ഐ ഇപ്പോൾ സ്വീകരിച്ചുവരുന്നതെന്നാണ് റിപ്പോർട്ടുകൾ.