Technology

ഇന്‍റര്‍നെറ്റ് തകരാര്‍; ആഗോള മാധ്യമങ്ങളുടേതടക്കം പ്രമുഖ വെബ്സൈറ്റുകള്‍ ഒരുമിച്ച് നിശ്ചലമായി

ആഗോള മാധ്യമ സ്ഥാപനങ്ങളുടേതുള്‍പെടെ ലോകത്തെ നിരവധി വെബ്സൈറ്റുകള്‍ ഒരുമിച്ച് പ്രവര്‍ത്തനരഹിതമായതായി റിപ്പോര്‍ട്ട്. ഇന്നു രാവിലെ മിനിട്ടുകളോളം വെബ്സൈറ്റുകള്‍ ലഭ്യമായിരുന്നില്ല.

സി.എന്‍.എന്‍, ദി ഗാര്‍ഡിയന്‍, ന്യൂയോര്‍ക്ക് ടൈംസ് തുടങ്ങി വിവിധ മാധ്യമ വെബ്സൈറ്റുകളും ആമസോണ്‍, പിന്‍റ്റെസ്റ്റ്, എച്ച്.ബി.ഒ മാക്സ്, സ്പോട്ടിഫൈ എന്നിങ്ങനെ നിരവധി ആപ്പുകളും നിശ്ചലമായിരുന്നു. വെബ്സൈറ്റുകള്‍ തുറക്കുമ്പോള്‍ സര്‍വ്വീസ് ലഭ്യമല്ലെന്ന സന്ദേശമായിരുന്നു കാണിച്ചത്. എന്നാല്‍, മിനിട്ടുകള്‍ക്ക് ശേഷം സൈറ്റുകള്‍ വീണ്ടും പ്രവര്‍ത്തനക്ഷമമായി.

ഇന്‍റര്‍നെറ്റ് സര്‍വ്വീസായ ഫാസ്റ്റ്ലിയിലെ ക്ലൗഡ് സെര്‍വര്‍ ഡൗണായതാണ് വെബ്സൈറ്റുകളുടെ പ്രവര്‍ത്തനം നിലയ്ക്കാന്‍ കാരണമായതെന്നാണ് വിവരം. പ്രശ്നം തിരിച്ചറിഞ്ഞതായും പരിഹാരം കണ്ടതായും കമ്പനി അറിയിച്ചു.