Technology

പിക്‌സൽ സ്മാർട്‌ഫോണുകൾ ഇന്ത്യയിൽ നിർമിക്കാനുള്ള പദ്ധതിയുമായി ഗൂഗിൾ

സാംസങ്, ആപ്പിൾ എന്നീ വൻ ബ്രാൻഡുകൾക്ക് പിന്നാലെ ഗൂഗിളും ഇന്ത്യയിൽ സ്മാർട്ട്ഫോൺ നിർമാണം ആരംഭിക്കാൻ പോകുന്നു. പിക്‌സൽ 8 സ്മാർട്‌ഫോണുകളാണ് ഇന്ത്യയിൽ നിർമിക്കുക. 2024-ൽ ഇവ വിപണിയിൽ എത്തിക്കുകയും ചെയ്യും. ഈ മാസം ആദ്യമാണ് ഇന്ത്യയിലും മറ്റ് വിപണികളിലുമായി പിക്‌സൽ 8 സ്മാർട്‌ഫോണുകൾ അവതരിപ്പിച്ചത്.(Google Announces Plan to Manufacture Pixel Phones in India)

ഗൂഗിൾ ഫോണുകളുടെ ഇന്ത്യയിലെ നിർമാണത്തിന് പുറമേ സുപ്രധാനമായ ​​ഒട്ടനവധി പ്രഖ്യാപനങ്ങൾ ഗൂഗിൾ ഫോർ ഇന്ത്യ ഇവന്റിൽ ഉണ്ടായിട്ടുണ്ട്. ഗൂഗിൾ മാപ്‌സിന്റെ ഒഎൻ‌ഡി‌സിയുമായുള്ള പങ്കാളിത്തമാണ് അ‌തിലൊന്ന്. ഈ പങ്കാളിത്തത്തിലൂടെ അ‌ധികം ​വൈകാതെ ഗൂഗിൾ മാപ്‌സ് ആപ്പ് വഴി മെട്രോ ടിക്കറ്റുകൾ ബുക്ക് ചെയ്യാൻ ഉപയോക്താക്കൾക്ക് അ‌വസരം ഒരുങ്ങും.

ഏഴ് വർഷങ്ങൾക്ക് മുമ്പ് ആദ്യ പിക്‌സൽ ഫോൺ അവതരിപ്പിച്ചതിന് ശേഷം ആദ്യമായാണ് ഗൂഗിൾ ഒരു പിക്‌സൽ ഫോൺ ഇന്ത്യയിൽ നിർമിക്കുമെന്ന പ്രഖ്യാപനം. എന്നാൽ ഇന്ത്യയിൽ വെച്ച് നിർമാണം ആരംഭിക്കുമ്പോൾ പിക്‌സൽ ഫോണുകളുടെ വില കുറയുമോ എന്നതിൽ വ്യക്തതയില്ല. 27 നഗരങ്ങളിലായി 28 സർവീസ് സെന്ററുകളാണ് ഇപ്പോൾ ഗൂഗിളിനുള്ളത്. ഇന്ത്യയിൽ കൂടുതൽ പ്രദേശങ്ങളിലേക്ക് സർവീസ് സെന്ററുകളുടെ സേവനം ലഭ്യമാക്കുമെന്നും കമ്പനി പ്രഖ്യാപിച്ചു.