Sports

ലോകകിരീടം നേടിയ അർജൻറീനയ്ക്ക് ലഭിക്കുന്നത് 347 കോടി; ഫ്രാൻസിന് 248 കോടി

ഖത്തർ ലോകകപ്പ് ജേതാക്കളായ അർജൻറീനയ്ക്ക് ലഭിക്കുന്നത് വമ്പൻ തുക. 42 മില്യൺ ഡോളറാണ് (347 കോടി രൂപ) അർജന്റീനയ്ക്ക് ലഭിക്കുക. റണ്ണറപ്പായ ഫ്രാൻസിന് 30 മില്യൺ ഡോളർ (248 കോടി രൂപ) ലഭിക്കും. മൂന്നാം സ്ഥാനത്തെത്തിയ ക്രൊയേഷ്യക്ക് 27 മില്യൺ ഡോളറും (239 കോടി രൂപ) നാലാം സ്ഥാനത്തെത്തിയ മൊറോക്കോക്ക് 25 മില്യൺ ഡോളറും (206 കോടി രൂപ) സമ്മാനത്തുകയുണ്ട്.ഫ്രഞ്ച് സ്‌പോർട്‌സ് ദിനപത്രമായ എൽ എക്വിപ്പാണ് തുക വിവരം റിപ്പോർട്ട് ചെയ്യുന്നത്.

ക്വാർട്ടർ ഫൈനലിലെത്തിയ ബ്രസീൽ, നെതർലൻഡ്‌സ്, പോർച്ചുഗൽ, ഇംഗ്ലണ്ട് എന്നീ ടീമുകൾകൾക്ക് 17 മില്യൺ ഡോളറാണ് ലഭിക്കുക. അതേസമയം, യുഎസ്എ, സെനഗൽ, ഓസ്‌ട്രേലിയ, പോളണ്ട്, സ്‌പെയിൻ, ജപ്പാൻ, സ്വിറ്റ്‌സർലൻഡ്, ദക്ഷിണ കൊറിയ തുടങ്ങിയ 16 റൗണ്ട് ടീമുകൾക്ക് 13 മില്യൺ ഡോളർ വീതം ലഭിച്ചു.

ഖത്തർ, ഇക്വഡോർ, വെയിൽസ്, ഇറാൻ, മെക്സിക്കോ, സൗദി അറേബ്യ, ഡെൻമാർക്ക്, ടുണീഷ്യ, കാനഡ, ബെൽജിയം, ജർമ്മനി, കോസ്റ്ററിക്ക, സെർബിയ, കാമറൂൺ, ഘാന, ഉറുഗ്വേ എന്നിങ്ങനെ ഗ്രൂപ്പ് ഘട്ടങ്ങളിൽ വീണുപോയവർക്കും നിരാശരാകേണ്ടി വന്നില്ല. 9 മില്യൺ ഡോളർ വീതം സമ്മാനമായി ലഭിച്ചു.

കിലിയൻ എംബാപ്പെ ഹാട്രിക്കും ലയണൽ മെസി ഇരട്ടഗോളും നേടി മുന്നിൽ നിന്ന് നയിച്ചതോടെ മരണക്കളിയായ ഫൈനലിൽ അർജൻറന വിജയം നേടുകയായിരുന്നു. ആദ്യ ഇരുപകുതികളിലും അധികസമയത്തുമായി 3-3 സമനിലയിൽ പിരിഞ്ഞ ശേഷം പെനാൽറ്റി ഷൂട്ടൗട്ടിലാണ് മെസിപ്പട കിരീടം നേടിയത്.