Sports

വനിതാ ഐപിഎൽ; പ്ലെയിങ്ങ് ഇലവനിൽ പരമാവധി അഞ്ച് വിദേശതാരങ്ങൾക്ക് കളിക്കാൻ അനുമതി

വനിതാ ഐപിഎലിനുള്ള പ്ലെയിങ്ങ് ഇലവനിൽ പരമാവധി അഞ്ച് വിദേശതാരങ്ങൾക്ക് കളിക്കാൻ അനുമതി. ഇതിൽ ഒരു താരം അസോസിയേറ്റ് രാജ്യങ്ങളിൽ നിന്നാവണം. പുരുഷ ഐപിഎലിൽ നാല് വിദേശതാരങ്ങൾക്കേ ഫൈനൽ ഇലവനിൽ കളിക്കാൻ അനുവാദമുള്ളൂ. ആദ്യ വർഷം 12 കോടി രൂപയാണ് സാലറി ക്യാപ്പ്. വരുന്ന ഓരോ വർഷവും ഇത് ഒന്നരക്കോടി രൂപ വീതം വർധിക്കും. 2027ൽ സാലറി ക്യാപ്പ് 18 കോടിയാവും. അഞ്ച് വർഷത്തെ സൈക്കിളിൽ ആദ്യ മൂന്ന് വർഷം അഞ്ച് ടീമുകളും അടുത്ത രണ്ട് വർഷം ആറ് ടീമുകളുമാവും വനിതാ ഐപിഎലിൽ കളിക്കുക. 

ഈ വർഷം മാർച്ച് 4ന് ടൂർണമെൻ്റ് ആരംഭിക്കുമെന്നാണ് വിവരം. 26ന് ഫൈനൽ നടക്കും. മുംബൈയിലെ ബ്രാബോൺ സ്റ്റേഡിയത്തിലും നേവി മുംബൈ സ്റ്റേഡിയത്തിലുമായാവും മത്സരങ്ങൾ. ആദ്യ സീസണിൽ ആകെ 22 മത്സരങ്ങളാണ് ഉണ്ടാവുക. ലീഗ് വിജയിക്കുന്ന ടീമിന് 6 കോടി രൂപയും ഫൈനലിൽ പരാജയപ്പെടുന്ന ടീമിന് 3 കോടി രൂപയും പ്രൈസ് മണി ലഭിക്കും. മൂന്നാം സ്ഥാനത്തുള്ള ടീമിന് 1 കോടി രൂപയാണ് സമ്മാനത്തുക.

ഈ മാസം 25ന് ഫ്രാഞ്ചൈസി ലേലം നടക്കും.

വനിതാ ഐപിഎൽ സംപ്രേഷണാവകാശം റിലയൻസ് ഗ്രൂപ്പിൻ്റെ വയാകോം 18 സ്വന്തമാക്കിയിരുന്നു. ഇന്ന് നടന്ന ലേലത്തിലാണ് വയാകോം അടുത്ത അഞ്ച് വർഷത്തേക്കുള്ള സംപ്രേഷണാവകാശം സ്വന്തമാക്കിയത്. 2027 വരെ വയാകോം സംപ്രേഷണം തുടരും. 951 കോടി രൂപ മുടക്കിയാണ് വയാകോം സംപ്രേഷണാവകാശം സ്വന്തമാക്കിയത്. ഓരോ മത്സരത്തിനും 7.09 കോടി രൂപയാണ് മൂല്യം. ബിസിസിഐ സെക്രട്ടറി ജയ് ഷാ ഇക്കാര്യം ട്വീറ്റ് ചെയ്തു.

ആകെ 10 ഐപിഎൽ ടീമുകളിൽ 8 ടീമുകളും വനിതാ ഐപിഎൽ ടീം സ്വന്തമാക്കാൻ താത്പര്യം പ്രകടിപ്പിച്ചിട്ടുണ്ടെന്നാണ് റിപ്പോർട്ട്. റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ, ലക്നൗ സൂപ്പർ ജയൻ്റ്സ് എന്നീ ഫ്രാഞ്ചൈസികൾ ഒഴികെ മറ്റുള്ളവർ വനിതാ ടീമുകളിൽ താത്പര്യം കാണിച്ചിട്ടിട്ടുണ്ട്. വനിതാ ഐപിഎലിൽ താരങ്ങൾക്ക് പേര് രജിസ്റ്റർ ചെയ്യാനുള്ള അവസാന ദിവസം ജനുവരി 26 ആണ്. താരലേലം ഫെബ്രുവരിയിൽ നടക്കുമെന്നാണ് വിവരം.