ശേഷിക്കുന്ന രണ്ട് മത്സരങ്ങളിൽ നിന്ന് രണ്ട് പോയിന്റ് കൂടി നേടാനായാൽ റയലിന് കിരീടം നേടാം
മാഡ്രിഡ്: നിർണായക മത്സരത്തിൽ ഗ്രാനഡയെ അവരുടെ ഗ്രൗണ്ടിൽ മുട്ടുകുത്തിച്ച റയൽ മാഡ്രിഡ് സ്പാനിഷ് ലാലിഗ കിരീടത്തിന് തൊട്ടരികിൽ. 36-ാം മത്സരത്തിൽ ഒന്നിനെതിരെ രണ്ടു ഗോളിലാണ് സിനദിൻ സിദാൻ പരിശീലിപ്പിക്കുന്ന സംഘം ഗ്രാനഡയെ വീഴ്ത്തിയത്. ഫെർലാൻഡ് മെൻഡി, കരീം ബെൻസേമ എന്നിവർ സന്ദർശകർക്കു വേണ്ടി ഗോൾ നേടിയപ്പോൾ ഡാർവിൻ മാക്കിസ് ഗ്രാനഡയുടെ ആശ്വാസ ഗോൾ നേടി. ഇതോടെ റയലിന് രണ്ടാം സ്ഥാനത്തുള്ള ബാഴ്സലോണയേക്കാൾ നാല് പോയിന്റ് ലീഡായി.
പത്താം മിനുട്ടിൽ പോസ്റ്റിന്റെ വലതുഭാഗത്തുനിന്ന് ക്ലോസ്റേഞ്ചിൽ നിന്ന് കരുത്തുറ്റ ഷോട്ടുതിർത്താണ് മെൻഡി റയലിന് മുൻതൂക്കം നൽകിയത്. കാസമിറോയിൽ നിന്ന് പന്ത് സ്വീകരിച്ച് ഇടതുവിങ്ങിലൂടെ മുന്നേറിയ പ്രതിരോധതാരം മൂന്ന് പ്രതിരോധക്കാരെ കബളിപ്പിച്ചാണ് ബോക്സിൽ കയറിയത്. ഗോൾലൈനിന് തൊട്ടരികിൽ നിന്നുള്ള അപ്രതീക്ഷിത ഷോട്ടിൽ പന്ത് കാണാൻ പോലും ഗ്രാനഡ കീപ്പർ റൂയി സിൽവക്കായില്ല.
ആദ്യഗോളിന്റെ തിരയടങ്ങുംമുമ്പു തന്നെ കരീം ബെൻസേമ റയലിന്റെ ലീഡ് ഇരട്ടിയാക്കി. ഇത്തവണ ലൂക്കാ മോഡ്രിച്ച് ആയിരുന്നു ഗോളിന്റെ സൂത്രധാരൻ. മൈതാനമധ്യത്തിലെ വൃത്തത്തിനരികിൽ നിന്ന് ഇടതുഭാഗത്തേക്ക് മോഡ്രിച്ച് നൽകിയ പാസ്, ഓഫ്സൈഡ് കെണി പൊട്ടിച്ച് ബെൻസേമ പിടിച്ചെടുത്തു. ഇടതുവിങ്ങിലൂടെ ബോക്സിൽ പ്രവേശിച്ച താരം രണ്ട് എതിർകളിക്കാർക്കിടയിൽ നിന്ന് വെട്ടിത്തിരിഞ്ഞ് പോസ്റ്റിനെ ലക്ഷ്യംവെച്ചപ്പോൾ റൂയി സിൽവ വീണ്ടും നിസ്സഹായനായി.
രണ്ടാംപകുതി തുടങ്ങിയതിനു പിന്നാലെ ഗ്രാനഡ ഒരു ഗോൾ മടക്കിയത് അവർക്കും ബാഴ്സലോണ ആരാധകർക്കും പ്രതീക്ഷ പകർന്നു. മൈതാനമധ്യത്ത് കാസമിറോയിൽ നിന്ന് പന്ത് തട്ടിയെടുത്ത യാങ്കെൽ ഹെരേര മുന്നോട്ടുകയറി നൽകിയ ത്രൂപാസ് ബോക്സിനുള്ളിൽ കണക്ട് ചെയ്ത ഡാർവിൻ മാക്കിസ് ഇടതുഭാഗത്തുനിന്ന് തൊടുത്ത ഷോട്ടാണ് ഗോളായത്. നിലംപറ്റെ കുതിച്ചുപാഞ്ഞ പന്ത് റയൽ കീപ്പർ കോർട്വയുടെ കാലുകൾക്കിടയിലൂടെയാണ് ഗോൾവലയിലെത്തിയത്.
സമനില ഗോളിനായി ഗ്രാനഡക്കാർ ആഞ്ഞുപിടിച്ചെങ്കിലും ആധിപത്യം പുലർത്തി റയൽ പോയിന്റ് കാത്തു.
36 റൗണ്ട് മത്സരം കഴിഞ്ഞപ്പോൾ 83 പോയിന്റാണ് ഒന്നാം സ്ഥാനത്തുള്ള റയലിനുള്ളത്. ബാഴ്സക്ക് 79 പോയിന്റേയുള്ളൂ. അടുത്ത രണ്ട് മത്സരങ്ങളിൽ നിന്ന് രണ്ട് പോയിന്റെങ്കിലും നേടാനായാൽ റയലിന് കിരീടമുറപ്പിക്കാം. റയൽ ഒരു മത്സരം തോൽക്കുകയും മറ്റൊന്നിൽ സമനില വഴങ്ങുകയും, തങ്ങൾ രണ്ട് മത്സരവും ജയിച്ചാൽ മാത്രമാണ് ബാഴ്സക്ക് കിരീടപ്രതീക്ഷ.
റയലിന് സ്വന്തം ഗ്രൗണ്ടിൽ വിയ്യാറയലും എവേ ഗ്രൗണ്ടിൽ ലീഗാനീസുമാണ് അടുത്ത എതിരാളികൾ. ബാഴ്സക്ക് ഒസാസുന, ഡിപോർട്ടിവോ അലാവസ് എന്നിവരെയാണ് യഥാക്രമം ഹോം, എവേ മത്സരങ്ങളിൽ നേരിടാനുള്ളത്.