ഐ.സി.സി ടി20 കിരീടം നേടാനും മുംബൈ ഇന്ത്യന്‍സിനാവുമെന്ന് അഭിപ്രായപ്പെട്ടത് മുന്‍ ഇംഗ്ലണ്ട് താരം മൈക്കില്‍ വോണ്‍. ലോകത്തിലെ ഏറ്റവും മികച്ച ടി20 ഫ്രാഞ്ചൈസി ഏതെന്ന ചോദ്യത്തിന് ഒരൊറ്റ ഉത്തരമെയുള്ളൂവെന്നും അത് മുംബൈ ഇന്ത്യന്‍സാണെന്നും അഭിപ്രായപ്പെട്ടത് ആ ടീമിലെ തന്നെ വെസ്റ്റ്ഇന്‍ഡീസ് താരം കീരണ്‍ പൊള്ളാര്‍ഡ് (ലോകത്തെ ഏതാണ്ടെല്ലാം ടി20 ടീമുകളില്‍ കളിച്ചിട്ടുണ്ട് പൊള്ളാര്‍ഡ് ) പ്രതാപ കാലത്തെ വെസ്റ്റ്ഇന്‍ഡീസിനെയും ആസ്‌ട്രേലിയയേയും ഈ ടീം ഓര്‍മിപ്പിക്കുന്നു എന്ന് അഭിപ്രായപ്പെട്ടവരും ഏറെ.
ചുമ്മാ പറഞ്ഞതല്ല ഇതൊന്നും. ടീം എന്ന നിലയില്‍ മുംബൈയെ വിലയിരുത്തിയാല്‍ ഇവര്‍ പറഞ്ഞതിന്റെ കാമ്പ് മനസിലാക്കാനാവും. ഒരു കളിക്കാരനെ രൂപപ്പെടുത്തിയെടുക്കുന്നതിലും അയാളെ മികച്ചരൊളാക്കുന്നതിലും ഇന്ന് മുംബൈയോളം പോന്നൊരു ടീമില്ല എന്ന് പറയേണ്ടി വരും. ഇന്ത്യയുടെ പേസ് കുന്തമുന ജസ്പ്രീത ബുംറ മുതല്‍ പാണ്ഡ്യ സഹോദരന്മാര്‍ വരെ മുംബൈയുടെ ക്രീസില്‍ വളര്‍ന്നവരാണ്. അഞ്ച് ഐ.പി.എല്‍ കിരീടവും രണ്ട് ചാമ്പ്യന്‍സ് ലീഗ് കിരീടവുമുള്‍പ്പെടെ ഏഴ് ടി20 കിരീടങ്ങളാണ് മുംബൈ ഇന്ത്യന്‍സിന്റെ ഷെല്‍ഫിലുള്ളത്. കിരീട നേട്ടങ്ങളുടെ എണ്ണം കൊണ്ട് പാകിസ്താന്‍ ടീമായ സിയാല്‍കോട്ട് സ്റ്റാലിയന്‍സ് (എട്ട് കിരീടം) മുന്നിലുണ്ടെങ്കിലും പ്രകടനത്തിലും സമീപനത്തിലും മുംബൈയുടെ പരിസരത്തൊന്നും വരില്ല.
ടീമിനെ വാര്‍ത്തെടുക്കുന്ന രീതിയാണ് മുംബൈയെ മറ്റു ടീമുകളില്‍ നിന്ന് വ്യത്യസ്തമാക്കുന്നത്. അതിന് നായകന്‍ രോഹിത് ശര്‍മ്മ മുതല്‍ പരിശീലകന്‍ മഹേള ജയവര്‍ധന വരെ മത്സരിക്കുന്നു. രാഹുല്‍ ദ്രാവിഡ് എങ്ങനെയാണോ ഏതാണ്ട് അതുപോലത്തെ പ്രകൃതക്കാരനാണ് മഹേള. പുതുമുഖങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിലും മുതിര്‍ന്ന കളിക്കാരോടുള്ള സമീപനത്തിലും ‘ജയവര്‍ധന ടച്ച്’ ടീമിന് മുതല്‍കൂട്ടാണ്. മത്സരത്തിന് ശേഷം നടക്കുന്ന കളിക്കാരുടെ ടോക് ഷോയില്‍ പലരും ഇക്കാര്യം പങ്കുവെക്കാറുണ്ട്.