Sports

ടോക്യോ ഒളിമ്പിക്സ് ; ഏഷ്യന്‍ചാമ്പ്യൻ പൂജാ റാണി ബോക്‌സിങ് ക്വാര്‍ട്ടര്‍ ഫൈനലില്‍

ടോക്യോ ഒളിമ്പിക്സ് ബോക്‌സിങ് റിങ്ങില്‍ നിന്നു വീണ്ടും പ്രതീക്ഷകളുടെ വെളിച്ചും. ലോവ്‌ലിന ബോര്‍ഗോഹെയ്‌നു പിന്നാലെ ഇന്ത്യയുടെ പൂജാ റാണിയും പ്രതീക്ഷകള്‍ക്കു നിറം പകരുകയാണ്. ഇന്നു നടന്ന മത്സരത്തില്‍ അള്‍ജീരിയന്‍ താരം ഇച്ച്‌രാക് ചൈബിനെ ഇടിച്ചിട്ട പൂജ ക്വാര്‍ട്ടറില്‍ കടന്നു.

ഇനി ഒരു ജയം കൂടി കണ്ടെത്തിയാല്‍ ചുരുങ്ങിയത് വെങ്കല മെഡലെങ്കിലും പൂജയ്ക്ക് ഉറപ്പിക്കാനാകും. ഇച്ച്‌രാക്കിനെതിരേ 5-0 എന്ന ആധികാരിക സ്‌കോറിലാണ് പൂജ വിജയം കണ്ടത്. മൂന്നു റൗണ്ടിലും മുഴുവന്‍ ജഡ്ജിമാരും ഇന്ത്യന്‍ താരത്തിന് അനുകൂലമായി വിധിയെഴുതിയത്.

ക്വാര്‍ട്ടറില്‍ ചൈനീസ് താരം ലീ ക്വാനാണ് പൂജയുടെ എതിരാളി. കഴിഞ്ഞ തവണ റിയോ ഒളിമ്പിക്സ്സില്‍ വെങ്കല മെഡല്‍ നേടിയ താരമാണ് ലീ. 2018-ല്‍ ഇന്ത്യയില്‍ നടന്ന ലോക ബോക്‌സിങ് ചാമ്പ്യൻഷിപ്പിലും 2017, 2019 വര്‍ഷങ്ങളില്‍ നടന്ന ഏഷ്യന്‍ ബോക്‌സിങ് ചാമ്പ്യൻഷിപ്പിലും സ്വര്‍ണമണിഞ്ഞിട്ടുള്ള ലീ ഇന്ത്യന്‍ താരത്തിന് കനത്ത വെല്ലുവിളി ഉയര്‍ത്തിയേക്കും.

ബാഡ്മിന്റൻ വനിതാ വിഭാഗം സിംഗിൾസിൽ ഇന്ത്യയുടെ ഉറച്ച മെഡൽ പ്രതീക്ഷയായ പി.വി. സിന്ധു തകർപ്പൻ വിജയത്തോടെ പ്രീക്വാർട്ടറിൽ കടന്നു. ഹോങ്കോങ്ങിന്റെ ഷാങ് ഗ്യാൻയിയെ നേരിട്ടുള്ള സെറ്റുകൾക്കാണ് സിന്ധു തോൽപ്പിച്ചത്.

അതേസമയം, വനിതാ ഹോക്കിയിൽ ഇന്ത്യൻ ടീം തുടർച്ചയായ മൂന്നാം തോൽവി വഴങ്ങി. ഇന്നു നടന്ന മത്സരത്തിൽ ഒന്നിനെതിരെ നാലു ഗോളുകൾക്ക് ബ്രിട്ടനോടാണ് ഇന്ത്യൻ വനിതകൾ തോറ്റത്. ബ്രിട്ടനു വേണ്ടി ഹന്ന മാർട്ടിൻ ഇരട്ടഗോൾ നേടി.കൂടാതെ അമ്പെയ്ത്തിൽ വീണ്ടും നിരാശ സമ്മാനിച്ച് ഇന്ത്യയുടെ തരുൺദീപ് റായ് പുരുഷ വിഭാഗം വ്യക്തിഗത ഇനത്തിൽ എലിമിനേഷൻ റൗണ്ടിൽ പുറത്തായി. ഷൂട്ട് ഓഫിൽ ഇറ്റലിയുടെ ഷാന്നിയോട് 6–5ന് തോറ്റാണ് മടക്കം.