ടോക്യോ ഒളിമ്പിക്സ് പുരുഷന്മാരുടെ അമ്പെയ്ത്തിൽ ഇന്ത്യയുടെ അതാനു ദാസ് പ്രീ ക്വാർട്ടറിൽ. നിലവിലെ ഒളിമ്പിക്സ് ജേതാവും ടോക്യോ ഒളിമ്പിക്സ് അമ്പെയ്ത്തിൽ സ്വർണം നേടിയ ടീമിലെ അംഗവുമായ ദക്ഷിണകൊറിയൻ താരം ഓ ജിൻ ഹ്യെക്കിനെ 6-5 എന്ന സ്കോറിനു കീഴടക്കിയാണ് അതാനു ദാസ് പ്രീക്വാർട്ടർ ഉറപ്പിച്ചത്. ഷൂട്ടോഫിലേക്ക് നീണ്ട ആവേശം നിറഞ്ഞ മത്സരത്തിലായിരുന്നു ഇന്ത്യൻ താരത്തിൻ്റെ ജയം. (olympics archery atanu won) ചൈനീസ് തായ്പേയിയുടെ ഡെങ് യു-ചെങിനെ 6-4 എന്ന സ്കോറിനു മറികടന്നാണ് അതാനു അവസാന 16ലെത്തിയത്. അമ്പെയ്ത്ത് ടീം ഇനത്തിൽ വെള്ളിമെഡൽ നേടിയ ടീമിലെ അംഗമായിരുന്നു ഡെങ് യു-ചെങ്.
അതേസമയം, പുരുഷ ഹോക്കിയിൽ ഇന്ത്യ തകർപ്പൻ ജയം കുറിച്ചു. നിലവിലെ ഒളിമ്പിക്സ് ജേതാക്കളും ലോക നാലാം നമ്പർ ടീമുമായ അർജൻ്റീനയെയാണ് ഇന്ത്യ കീഴടക്കിയത്. പൂൾ എയിൽ നടന്ന മത്സരത്തിൽ ഒന്നിനെതിരെ മൂന്ന് ഗോളുകൾക്കാണ് ഇന്ത്യ വിജയിച്ചത്. വരുൺ കുമാർ, വിവേക് സാഗർ, ഹർമൻപ്രീത് സിംഗ് എന്നിവർ ഇന്ത്യക്കായി സ്കോർഷീറ്റിൽ ഇടം നേടിയപ്പോൾ മായോ കസെല്ല അർജൻ്റീനയുടെ ആശ്വാസ ഗോൾ നേടി. ജയത്തോടെ ഇന്ത്യ ക്വാർട്ടർ ഫൈനലിൽ പ്രവേശിച്ചു. പൂൾ എയിൽ മൂന്ന് ജയവും ഒരു തോൽവിയും സഹിതം 9 പോയിൻ്റാണ് ഇന്ത്യക്കുള്ളത്. നാല് മത്സരങ്ങളും വിജയിച്ച ഓസ്ട്രേലിയക്ക് പിന്നിൽ രണ്ടാം സ്ഥാനക്കാരായാണ് ഇന്ത്യയുടെ ഫൈനൽ പ്രവേശനം.
നേരത്തെ, വനിതകളുടെ വ്യക്തിഗത ബാഡ്മിൻ്റണിൽ ഇന്ത്യയുടെ പിവി സിന്ധു ക്വാർട്ടറിൽ പ്രവേശിച്ചിരുന്നു. ഡെന്മാർക്കിൻ്റെ മിയ ബ്ലിച്ച്ഫെൽറ്റിനെ നേരിട്ടുള്ള സെറ്റുകൾക്ക് കീഴടക്കിയാണ് സിന്ധു അവസാന എട്ടിലെത്തിയത്. സ്കോർ 21-15, 21-13. മിയക്കെതിരെ ആധികാരികമായാണ് സിന്ധുവിൻ്റെ വിജയം. ഹോങ് കോങ് താരം ച്യുങ് ങാനെ 21-9, 21-16 എന്ന സ്കോറുകൾക്ക് പരാജയപ്പെടുത്തിയാണ് സിന്ധു നോക്കൗട്ട് റൗണ്ടിലെത്തിയത്. ആദ്യ സെറ്റ് അനായാസം സ്വന്തമാക്കിയ സിന്ധുവിന് രണ്ടാം സെറ്റിൻ്റെ തുടക്കത്തിൽ ച്യുങ് കനത്ത വെല്ലുവിളി ഉയർത്തിയെങ്കിലും അത് മറികടന്ന് ഇന്ത്യൻ താരം മത്സരം സ്വന്തമാക്കുകയായിരുന്നു.