Sports

കാലിടറി വീണിട്ടും 1500 മീറ്റർ ഹീറ്റ്സിൽ ഒന്നാമത്; പിന്നാലെ 5000 മീറ്ററിൽ സ്വർണം; ഒളിമ്പിക്സ് വേദിയെ അമ്പരപ്പിച്ച് സിഫാൻ ഹസൻ

അവസാന ലാപ്പിൽ കാലിടറി വീണിട്ടും വനിതകളുടെ 1500 മീറ്റർ ഹീറ്റ്സിൽ ഒന്നാമത് ഫിനിഷ് ചെയ്ത് നെതർലൻഡിൻ്റെ ദീർഘദൂര ഓട്ടക്കാരി സിഫാൻ ഹസൻ. പിന്നാലെ 5000 മീറ്റർ ഫൈനൽസിൽ ഒന്നാമതെത്തി സ്വർണ മെഡൽ സ്വന്തമാക്കിയ താരം ഒളിമ്പിക്സ് വേദിയിൽ പോരാട്ടവീര്യത്തിൻ്റെ പുതിയ മുഖമാണ് തുറന്നത്. (sifan hassan tokyo olympics) ലോക ജേതാവായ സിഫാൻ ഹസൻ അവസാന ലാപ്പിൻ്റെ തുടക്കത്തിലാണ് കെനിയൻ താരം എദിന ജെബിടോക്കിൻ്റെ ദേഹത്ത് തട്ടി നിലത്തുവീണത്. വീഴ്ചയിൽ പതറാതെ കുതിച്ചെഴുന്നേറ്റ് എതിരാളികളെ ഓരോരുത്തരെയായി മറികടന്ന സഫാൻ അവസാന സ്ഥാനത്തുനിന്ന് ഒന്നാമതെത്തിയാണ് ഹീറ്റ്സിൽ ഫിനിഷ് ചെയ്തത്. 4 മിനിട്ട് 05.17 സെക്കൻഡ് ആണ് സഫാൻ്റെ സമയം.

മണിക്കൂറുകൾക്ക് ശേഷമായിരുന്നു 5000 മീറ്റർ ഫൈനൽസ്. 2 തവണ ലോക ജേതാവായ കെനിയൻ താരം ഹെലൻ ഒബിരിയെ പിന്തള്ളി 14 മിനിട്ട് 36.79 സെക്കൻഡ് സമയത്തിൽ സിഫാൻ സ്വർണമെഡലിൽ മുത്തമിട്ടു. 14 മിനിട്ട് 38.36 സെക്കൻഡിൽ ഫിനിഷ് ചെയ്ത ഹെലൻ വെള്ളിമെഡൽ നേടി. ഇനി 1500, 10,000 മീറ്ററുകളിൽ കൂടി സ്വർണം നേടി അപൂർവ ട്രെബിൾ സ്വന്തമാക്കാനാണ് സിഫാൻ്റെ ലക്ഷ്യം.

നേരത്തെ, വനിതകളുടെ ഡിസ്കസ് ത്രോയിൽ ഇന്ത്യയുടെ കമൽപ്രീത് കൗർ സ്ഥാനത്ത് ഫിനിഷ് ചെയ്തു. അമേരിക്കയുടെ വാലറി ഓൾമൻ ആണ് സ്വർണമെഡൽ നേടിയത്. ആദ്യ ശ്രമത്തിൽ തന്നെ 68.98 മീറ്റർ ദൂരം ഡിസ്ക് എറിഞ്ഞ അമേരിക്കൻ താരം ആ ഏറിൽ തന്നെ സ്വർണം ഉറപ്പിച്ചിരുന്നു. ആദ്യ ഏറിൽ 68.98 മീറ്റർ ദൂരം ഡിസ്ക് പായിച്ച താരം അഞ്ചാം ശ്രമത്തിൽ 66.78 മീറ്റർ ദൂരം എറിഞ്ഞ് ഏറ്റവും മികച്ച ആദ്യത്തെയും മൂന്നാമത്തെയും ദൂരവും കുറിച്ചു. ജർമനിയുടെ ക്രിസ്റ്റിൻ പുഡൻസ് 66.86 മീറ്ററുമായി വെള്ളി മെഡലും ക്യൂബയുടെ യെയ്മെ പെരസ് 65.72 മീറ്റർ ദൂരെ ഡിസ്ക് എറിഞ്ഞ് വെങ്കലവും നേടി.