Football Sports

കാല്‍മുട്ടിനേറ്റ പരിക്ക് ഗുരുതരം; അഗ്യൂറോക്ക് സീസണ്‍ നഷ്ടമാകും

മാഞ്ചസ്റ്റര്‍ സിറ്റിയുടെ അര്‍ജന്റെയ്ന്‍ സൂപ്പര്‍ താരം സെര്‍ജിയോ അഗ്യൂറോയുടെ കാല്‍മുട്ടിനേറ്റ പരിക്ക് ഗുരുതരം. തിങ്കളാഴ്ച്ച പ്രീമിയര്‍ ലീഗില്‍ നടന്ന ബേണ്‍ലിക്കെതിരായ മത്സരത്തിനിടെയാണ് അഗ്യൂറോക്ക് പരിക്കേറ്റത്. വിദഗ്ധ ചികിത്സക്കായി അഗ്യൂറോ ബാഴ്‌സലോണയിലേക്ക് പോകും.

സിറ്റിയുടെ തട്ടകമായ എത്തിഹാദ് സ്‌റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ഏകപക്ഷീയമായ അഞ്ചുഗോളുകള്‍ക്കാണ് ബേണ്‍ലിയെ തകര്‍ത്തത്. എന്നാല്‍, ആദ്യപകുതി തീരുന്നതിന് തൊട്ടു മുമ്പാണ് മുടന്തിക്കൊണ്ട് അഗ്യൂറോ കളം വിട്ടത്. ഇത് ടീമിന് വലിയ തിരിച്ചടിയാകുമെന്ന സൂചനകള്‍ വൈകാതെ വന്നു.

മത്സരശേഷം അഗ്യൂറോയുടെ പരിക്ക് നിസാരമാണെന്ന് തോന്നുന്നില്ലെന്നും കുറച്ചു മത്സരങ്ങളില്‍ കളിക്കാന്‍ സാധിക്കില്ലെന്നും പെപ് ഗ്വാര്‍ഡിയോള തന്നെ പറഞ്ഞിരുന്നു. ചൊവ്വാഴ്ച്ച നടത്തിയ വിശദമായ പരിശോധനക്കൊടുവിലാണ് ഇടതുകാല്‍ മുട്ടിലെ പരിക്ക് ഗുരുതരമാണെന്ന് തിരിച്ചറിഞ്ഞത്. നേരത്തെയും സിറ്റി താരങ്ങളുടെ പരിക്ക് സുഖപ്പെടുത്തിയിട്ടുള്ള ഡോ. റാമോണ്‍ കുഗാറ്റിനാണ് അഗ്യൂറോയേയും ചികിത്സിക്കുക. ശസ്ത്രക്രിയ അടക്കമുള്ള കാര്യങ്ങള്‍ അദ്ദേഹമായിരിക്കും തീരുമാനിക്കുക.

പരിക്കേറ്റ വിവരം അഗ്യൂറോ തന്നെ സോഷ്യല്‍ മീഡിയയിലൂടെ സ്ഥിരീകരിച്ചിട്ടുണ്ട്. സീസണില്‍ ബാക്കിയുള്ള മത്സരങ്ങളില്‍ അഗ്യൂറോ ഇറങ്ങാനുള്ള സാധ്യത ഏതാണ്ട് അസ്തമിച്ചിരിക്കുകയാണ്. ഈ സീസണില്‍ എല്ലാ മത്സരങ്ങളിലുമായി 23 ഗോളുകള്‍ സിറ്റിയുടെ വെറ്ററന്‍ താരം നേടിയിട്ടുണ്ട്.