ദോഹ ഡയമണ്ട് ലീഗിൽ നീരജ് ചോപ്രക്ക് സ്വർണം. ഖത്തർ സ്പോർട്സ് ക്ലബ്ബിൽ നടന്ന ടൂർണമെന്റിൽ ആദ്യ ശ്രമത്തിൽ 88.67 മീറ്റർ എറിഞ്ഞിട്ടാണ് നീരജ് ചോപ്ര സ്വർണമണിഞ്ഞത്. ആദ്യ ശ്രമത്തിൽ തന്നെ മികച്ച ദൂരം താണ്ടിയ നീരജ് ബാക്കിയുള്ള അവസരങ്ങളിൽ 90 മീറ്റർ കടക്കും എന്ന പ്രതീക്ഷയുണ്ടാക്കിയിരുന്നു . എന്നാൽ, നിലവിലെ ലോക ചാമ്പ്യനായ ആൻഡേഴ്സൺ പീറ്റേഴ്സ് 85.88 മീറ്റർ എറിഞ്ഞതോടെ മത്സരം കടുപ്പമായി. അഞ്ച് അവസരങ്ങളിലായി 88.67 മീറ്റർ, 86.04 മീറ്റർ, 85.47 മീറ്റർ, ഫൗൾ, 84.37 മീറ്റർ, 86.52 മീറ്റർ എന്നീ ദൂരങ്ങളാണ് നീരജ് താണ്ടിയത്.
88.63 മീറ്ററും 88.47 മീറ്ററും താണ്ടിയ ചെക്ക് താരം ജാകുബ് വാഡിലെജ്ക് ആണ് രണ്ടാം സ്ഥാനത്തെത്തിയത്. കഴിഞ്ഞ ടോക്കിയോ ഒളിംപിക്സിൽ സിൽവർ മെഡൽ നേടിയ താരമായിരുന്നു ജാകുബ്.
നീരജ് തന്റെ ജാവലിൻ കരിയറിലെ ഏറ്റവും മികച്ച നാലാമത്തെ ദൂരമാണ് ഇന്ന് താണ്ടിയത്. സീസൺ തുടക്കം തന്നെ വിജയത്തോടെയായത് മറ്റ് ടൂർണമെന്റുകളിൽ താരത്തിന്റെ ആത്മവിശ്വാസം വർധിപ്പിക്കും. ഓഗസ്റ്റിൽ നടക്കാനിരിക്കുന്ന ലോക ചാംപ്യൻഷിപ്, സെപ്റ്റംബറിൽ ഏഷ്യൻ ഗെയിംസ് എന്നിവയാണ് നീരജിന്റെ ഈ സീസണിലുള്ള പ്രധാന മത്സരങ്ങൾ. കഴിഞ്ഞ സെപ്റ്റംബറിൽ സ്വിറ്റ്‌സർലൻഡിൽ നടന്ന 2022 ഡയമണ്ട് ലീഗ് ഫൈനൽ ട്രോഫി സ്വന്തമാക്കിയതും നീരജായിരുന്നു.