Sports

അവസാന നിമിഷം സ്പോണ്‍സര്‍ കാല് മാറി

ലോക പവര്‍ലിഫ്റ്റിങ് ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കാന്‍ പരിശീലന പരിപാടികളുമായി തയ്യാറെടുപ്പ് നടത്തുന്ന പവര്‍ലിഫ്റ്റിങ് താരം മജ്സിയയെ ഞെട്ടിച്ച് സ്‌പോണ്‍സറുടെ ചതി. സഹായ വാഗ്ദാനം നല്‍കിയ സ്‌പോണ്‍സര്‍ അവസാന നിമിഷം കാലുമാറിയതോടെ ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കാനുള്ള പണം എങ്ങനെ സമാഹരിക്കുമെന്ന ആശങ്കയിലാണ് ഇന്ത്യയുടെ അഭിമാനമായ പവര്‍ലിഫ്റ്റിങ് താരം. സ്പോണ്‍സര്‍ക്കെതിരെ ഗുരുതര ആരോപണങ്ങളും മജ്സിയ ഫേസ്ബുക്കിലൂടെ ഉന്നയിച്ചു.

അവസാന നിമിഷം കമ്പനി വാഗ്ദാനത്തില്‍ മാറ്റങ്ങൾ വരുത്തുകയും ഇതിൽ പ്രതിഷേധം അറിയിച്ചപ്പോൾ ഖത്തറിൽ നേരിട്ടെത്തിയാൽ വേണ്ട പണമായ 5 ലക്ഷം തരാമെന്ന് പറഞ്ഞതായും മജ്സിയ പറയുന്നു. ഇത് മറ്റ് ലക്ഷ്യങ്ങളോടെയുള്ള വാഗ്ദാനമാണ് എന്ന് മനസിലാക്കി കരാറിലെത്താതെ പിൻമാറുകയായിരുന്നെന്ന് മജ്സിയ പറഞ്ഞു. മെരിഡിയന്‍ ഗ്രൂപ് ഓഫ് കമ്പനീസ്, എസ്.ജെ മെറ്റൽസ്, ദംസ എക്സിബിഷൻസ് ആന്‍റ് കോൺഫറൻസസ് എന്നീ ബിസിനസ് കമ്പനി അഡ്രസുകളെ പ്രതിനീധികരിക്കുന്ന നസീർ കണ്ണൂർ എന്ന വ്യക്തിയുടെ ഫേസ്ബുക്ക് പ്രൊഫ‌ൈൽ സഹിതമാണ് മജ്സിയ ബാനു ആരോപണം ഉന്നയിച്ചിരിക്കുന്നത്. ഇയാള്‍ക്കെതിരെ പ്രവാസിയായ യുവതി ഉന്നയിച്ച ലൈംഗിക അതിക്രമവും മജ്സിയ ഫേസ്ബുക്ക് കമന്‍റില്‍ ഉന്നയിക്കുന്നുണ്ട്. സേവ് എ ചൈൽഡ് ഫൗണ്ടേഷനും ഈ ചതിയില്‍ പങ്കുണ്ടെന്നും മജ്സിയ ആരോപിക്കുന്നു. അതെ സമയം സ്പോണ്സറായി പണം നല്‍കാമെന്നേറ്റ നസീര്‍ കണ്ണൂരും സേവ് എ ചൈൽഡ് ഫൗണ്ടേഷനും ആരോപണങ്ങള്‍ നിഷേധിച്ച് രംഗത്തുവന്നിട്ടുണ്ട്.

സപോണ്‍സര്‍ പിന്‍മാറിയതോടെ ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കാനുള്ള സഹായം തേടി മജ്സിയ ഫേസ്ബുക്കിലൂടെ രംഗത്തുവന്നു. അടുത്ത മാസം 14ന് റഷ്യയിലെ മോസ്‌കോയില്‍ നടക്കുന്ന ലോക ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കുന്നതിനാണ് സഹായം തേടിയത്. 2017ല്‍ പവര്‍ലിഫ്റ്റിങ് ഏഷ്യന്‍ ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യക്ക് വേണ്ടി വെള്ളി മെഡല്‍ നേടിയ മജ്സിയയുടെ സ്വപ്നം ഇന്ത്യക്കു വേണ്ടി ലോക കിരീടം സ്വന്തമാക്കുക എന്നതാണ്.