Football Sports

ബാഴ്‍സയുടെ സമീപനങ്ങള്‍ തന്നെ കരയിച്ചതായി സുവാരസ്

ബാഴ്‌സലോണയിൽ എന്നെ ആവശ്യമില്ലെന്നു കാണിക്കാൻ ടീമിനൊപ്പം ട്രെയിൻ ചെയ്യാന്‍ ക്ലബ് അനുവദിച്ചില്ല. അത്തരം കാര്യങ്ങൾ എന്റെ കുടുംബത്തെ വളരെയധികം വേദനിപ്പിച്ചു

ബാഴ്‍സലോണ ക്ലബ് അവസാന കാലങ്ങളില്‍ എടുത്ത സമീപനങ്ങള്‍ തന്നെ കരയിപ്പിച്ചതായി ലൂയി സുവാരസ്. ചിലിയുമായി നടന്ന മത്സരത്തിൽ ഗോൾ നേടി ടീമിനെ വിജയത്തിലേക്ക് നയിച്ചതിനു ശേഷം ഉറുഗ്വെ ടീമിന്റെ ഔദ്യോഗിക മാധ്യമത്തിന് നല്‍കി അഭിമുഖത്തിലായിരുന്നു സുവാരസിന്റെ വെളിപ്പെടുത്തല്‍.

“കുടുംബത്തിന് എന്നെ സന്തോഷത്തോടെ കാണണമായിരുന്നു. ബാഴ്‌സലോണയിൽ എന്നെ ആവശ്യമില്ലെന്നു കാണിക്കാൻ ടീമിനൊപ്പം ട്രെയിൻ ചെയ്യാന്‍ ക്ലബ് അനുവദിച്ചില്ല. അത്തരം കാര്യങ്ങൾ എന്റെ കുടുംബത്തെ വളരെയധികം വേദനിപ്പിച്ചു. അവരാണ് മറ്റെന്തെങ്കിലും അവസരം തേടാൻ എന്നോടാവശ്യപ്പെട്ടത്. അതിനു ശേഷം അത്‍ലറ്റികോ എന്നെ തേടി വന്നപ്പോൾ തീരുമാനമെടുക്കാൻ ഞാൻ ഒരു നിമിഷം പോലും ചിന്തിച്ചില്ല. അത്‍ലറ്റികോയിൽ പുതിയ ഒരുപാട് കാര്യങ്ങളുമായി ഇണങ്ങിച്ചേരേണ്ടതുണ്ടെങ്കിലും ഞാനവിടെ സന്തോഷവാനാണ്,” സുവാരസ് പറഞ്ഞു.

സുവാരസിനെ ക്ലബിൽ നിന്നും ഒഴിവാക്കിയതിനെതിരെ മെസി രംഗത്തു വരികയും ക്ലബിനെതിരെ വിമർശനം നടത്തുകയും ചെയ്തിരുന്നു. ഇതിനെക്കുറിച്ച് ചോദിച്ചപ്പോഴാണ് മെസിയുടെ പ്രതികരണത്തിൽ തനിക്ക് അത്ഭുതമില്ലെന്നും സമാനമായ അവസ്ഥയിലൂടെത്തന്നെയാണ് താൻ കടന്നു പോയതെന്നും താരം വ്യക്തമാക്കി.

ബാഴ്സലോനയ്ക്കായി 283 മത്സരത്തിൽ ബൂട്ടണിഞ്ഞ താരം 198 ഗോളുകളും നേടിയിട്ടുണ്ട്. ബാഴ്സ ചരിത്രത്തിൽ തന്നെ ക്ലബിനു വേണ്ടി ഏറ്റവുമധികം ഗോളുകൾ നേടിയ മൂന്നാമത്തെ താരമാന് സുവാരസ്.