ലയണൽ മെസി ലോകകപ്പ് വേളയിൽ താമസിച്ച മുറി മ്യൂസിയമായി പ്രഖ്യാപിച്ച് ഖത്തർ യൂണിവേഴ്സിറ്റി. ലോകകപ്പ് ഫുട്ബാൾ സമയത്ത് ലയണൽ മെസിയും സംഘവും താമസവും പരിശീലനവുമായി കഴിഞ്ഞ ഖത്തർ യൂണിവേഴ്സിറ്റി ക്യാമ്പസിലെ ഹോസ്റ്റലിൽ മെസി താമസിച്ച മുറിയാണ് മിനി മ്യൂസിയമായി പ്രഖ്യാപിച്ചത്.
നവംബർ മൂന്നാം വാരം ഖത്തറിലെത്തിയത് മുതൽ ലോകകപ്പ് ജേതാക്കളായി ഡിസംബർ 19ന് രാവിലെ നാട്ടിലേക്ക് മടങ്ങുന്നത് വരെ 29 ദിവസവും അർജൻറീന ടീമിന്‍റെ താമസം ഖത്തർ യൂണിവേഴ്സിറ്റിയിലായിരുന്നു. ടീമിന് വീടുപോലെ അന്തരീക്ഷം ഒരുക്കുന്നതിനായി മിനി അർജൻറീനയെ യൂണിവേഴ്സിറ്റി ക്യാമ്പസിൽ പുനസൃഷ്ടിച്ചായിരുന്നു ഖത്തർ യൂണിവേഴ്സിറ്റി അധികൃതരും സുപ്രിം കമ്മിറ്റി ഫോർ ഡെലിവറി ആൻറ് ലെഗസിയും താരങ്ങൾക്ക് താമസമൊരുക്കിയത്.
കളിക്കാരുടെ ചിത്രങ്ങൾ പതിച്ചും ചുമരിനും വാതിലുകൾക്കും അർജൻറീന ദേശീയ പതാകയുടെയും ജഴ്സിയുടെയും നിറങ്ങൾ നൽകിയും ഖത്തറിലെ താമസ ഇടം അർജൻറീനയാക്കി മാറ്റി. ഡിസംബർ 18ന് ലുസൈൽ സ്റ്റേഡിയത്തിൽ നടന്ന ഫൈനലിൽ ഫ്രാൻസിനെ ഷൂട്ടൗട്ടിൽ തോൽപിച്ചായിരുന്നു അർജൻറീന ലോക കിരീടം നേടിയത്.