Cricket India Sports

ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങള്‍ക്ക് ‘വര്‍ക്ക് ഫ്രം ഹോം’, നിരീക്ഷിക്കാന്‍ ആപ്

കോവിഡ് ലോക്ഡൗണിന്റെ പ്രതിസന്ധിയിലും കളിക്കാരുടെ ശാരീരികക്ഷമതയും മാനസികാരോഗ്യവും നിലനിര്‍ത്തുകയെന്നതാണ് ബി.സി.സി.ഐ പദ്ധതിയുടെ പ്രധാന ലക്ഷ്യം…

ലോക്ഡൗണിനെ തുടര്‍ന്ന് കളിയും പരിശീലനവും മുടങ്ങിയ ക്രിക്കറ്റ് താരങ്ങളെ സഹായിക്കാന്‍ ബി.സി.സി.ഐ. ക്രിക്കറ്റ് താരങ്ങളോട് പരിശീലനം വീടുകളില്‍ നിന്നും പുനരാരംഭിക്കാന്‍ ബി.സി.സി.ഐ നിര്‍ദേശം നല്‍കി കഴിഞ്ഞു. കളിക്കാരുടെ പരിശീലനം നിരീക്ഷിക്കാന്‍ പ്രത്യേകം മൊബൈല്‍ ആപ്ലിക്കേഷനും ഇന്ത്യന്‍ ക്രിക്കറ്റ് ബോര്‍ഡ് ഒരുക്കിയിട്ടുണ്ട്.

കളിക്കാര്‍ക്കും പരിശീലകര്‍ക്കും മറ്റ് ഒഫീഷ്യലുകള്‍ക്കും സംവദിക്കുന്നതിനും വിവരങ്ങള്‍ കൈമാറുന്നതിനും ഒരുമിച്ച് പരിശീലനം നടത്തുന്നതിനുമാണ് ആപ്ലിക്കേഷന്‍ ഒരുക്കിയിട്ടുള്ളത്. ഈ കോവിഡ് ലോക്ഡൗണിന്റെ പ്രതിസന്ധിയിലും കളിക്കാരുടെ ശാരീരികക്ഷമതയും മാനസികാരോഗ്യവും നിലനിര്‍ത്തുകയെന്നതാണ് ബി.സി.സി.ഐ പദ്ധതിയുടെ പ്രധാന ലക്ഷ്യം. ഓണ്‍ലൈന്‍ പരിശീലന സെഷനുകളും ചാറ്റ് റൂമുകളും സംശയങ്ങള്‍ ചോദിക്കുന്നതിനുള്ള സൗകര്യവും ബി.സി.സി.ഐ ആപ്ലിക്കേഷനിലുണ്ട്.

കളിക്കാരുടെ ഭക്ഷണക്രമവും വ്യായാമവും ശാരീരികക്ഷമതയും അടക്കം ഈ ആപ്ലിക്കേഷന്‍ വഴി പ്രതിദിനം നിരീക്ഷിക്കുമെന്ന് ബി.സി.സി.ഐ ട്രഷറര്‍ അരുണ്‍ ധമാല്‍ അറിയിച്ചു. ഓരോ കളിക്കാരുമായി ബാറ്റിംഗ് പരിശീലകന്‍ വിക്രം റോത്തോര്‍ പ്രത്യേകമായി സമയം ചിലവിടും. ഓരോ ബൗളറേയും എങ്ങനെ കളിക്കാം എതിര്‍ബാറ്റ്‌സ്മാന്റെ പോരായ്മകള്‍ എന്തെല്ലാം തുടങ്ങിയ കാര്യങ്ങളൊക്കെ ചെറുവീഡിയോകളായി കളിക്കാരും പരിശീലകനും ആപ്ലിക്കേഷനില്‍ ഇടും. ഫീല്‍ഡിംഗ് പരിശീലകന്‍ ആര്‍ ശ്രീധറും കളിക്കാരില്‍ നിന്നും ചില ചോദ്യോത്തര പട്ടികയിലൂടെ ഓണ്‍ലൈന്‍ പരിശീലനത്തിന്റെ പദ്ധതികള്‍ ഒരുക്കുകയാണ്.

ലോക്ഡൗണിന്റെ പരിമിതികള്‍ക്കകത്തു നിന്നുകൊണ്ട് ക്രിക്കറ്റ് താരങ്ങളുടെ കാര്യക്ഷമമായ പരിശീലനത്തിനാണ് ബി.സി.സി.ഐ ശ്രമം. ലോക്ഡൗണില്‍ ഇളവുകള്‍ വന്നാല്‍ കളിക്കാരുടെ സമീപത്തെ സ്റ്റേഡിയങ്ങളില്‍ പോയി പരിശീലനം തുടരാനും പദ്ധതിയുണ്ട്.