Football Sports

‘കലാപമല്ല വേണ്ടത് എല്ലാവരും സമാധാനത്തോടെ ജീവിക്കണം’; സാഫ് കപ്പില്‍ മണിപ്പൂര്‍ പതാകയുമയി ജിക്‌സണ്‍ സിങ്

സാഫ് കപ്പിലെ മിന്നും വിജയത്തിന് പിന്നാലെ മണിപ്പൂര്‍ പതാകയുമായി ഇന്ത്യന്‍ താരം ജിക്‌സണ്‍ സിങ്. മണിപ്പൂരിലെ പ്രശ്‌നങ്ങള്‍ കൊണ്ടുവരാനായാണ് ജിക്‌സണ്‍ മത്സരശേഷം പതാകയുമായി ഗ്രൗണ്ടിലെത്തിയത്.

സാഫ് കപ്പില്‍ കുവൈത്തിനെ പെനാല്‍റ്റി ഷൂട്ടൗട്ടിലാണ് ഇന്ത്യ പരാജയപ്പെടുത്തിയത്. ഇന്ത്യയുടെ ഒമ്പതാം കിരീട നേട്ടമാണിത്. നിശ്ചിത സമയത്തും അധിക സമയത്തും സമനിലയിലായ മത്സരത്തില്‍ പെനാല്‍റ്റി ഷൂട്ടൗട്ടില്‍ 5-4 നായിരുന്നു ഇന്ത്യയുടെ വിജയം.

മത്സരശേഷം മണിപ്പൂര്‍ പതാകയുമായെത്തിയ ജിക്‌സണ്‍ സിങ് കലാപമല്ല വേണ്ടതെന്നും ഇന്ത്യയിലും മണിപ്പൂരിലും എല്ലാവരും സമാധാനത്തോടെ ജീവിക്കുകയാണ് വേണ്ടതെന്ന് പറഞ്ഞു. അതേസമയം മണിപ്പൂരില്‍ സംഘര്‍ഷം തുടരുകയാണ്. ബുധനാഴ്ച പുലര്‍ച്ചെ രണ്ടു ജില്ലകളില്‍ വെടിവയ്പ്പ് നടന്നതായി റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു.

ഖോജുംതമ്പിയില്‍ 2 സമുദായങ്ങള്‍ തമ്മില്‍ ചൊവ്വാഴ്ച രാത്രി 7 മണിയോടെ ഇടവിട്ട് വെടിവയ്പ്പ് ഉണ്ടായതായി സുരക്ഷാ ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് പിടിഐ റിപ്പോര്‍ട്ട് ചെയ്തു. ചൊവ്വാഴ്ച സംസ്ഥാനത്ത് മൂന്നിടങ്ങളില്‍ വെടിവയ്പ്പുണ്ടായി. തൗബാല്‍ ജില്ലയില്‍ ജനക്കൂട്ടം ഇന്ത്യന്‍ റിസര്‍വ് ഫോഴ്‌സ് ക്യാമ്പ് ആക്രമിക്കുകയും ആയുധങ്ങള്‍ കൊള്ളയടിക്കാന്‍ ശ്രമിക്കുകയും ചെയ്തു.