Football Sports

ഐഎസ്എല്ലിൽ ബ്ലാസ്റ്റേഴ്‌സ് ഇന്ന് ഇറങ്ങും, എതിരാളികൾ ഹൈദരബാദ്

ഐഎസ്എല്ലിൽ ഇന്ന് കേരളാ ബ്ലാസ്റ്റേഴ്സ് ഹൈദരാബാദ് എഫ്.സി പോരാട്ടം. രാത്രി 7:30 ന് ബമ്പോളിം സ്റ്റേഡിയത്തിലാണ് മത്സരം. ഹൈദരാബാദ് പോയിൻറ് പട്ടികയിൽ ഒന്നാം സ്ഥാനത്തും ബ്ലാസ്റ്റേഴ്സ് അഞ്ചാമതാണ്. ആദ്യ പാദത്തിൽ ബ്ലാസ്റ്റേഴ്‌സ് ഒറ്റ ഗോളിന് ഹൈദരാബാദിനെ തോൽപിച്ചിരുന്നു.

മുംബൈയുടെ കുതിപ്പില്‍ അഞ്ചാം സ്‌ഥാനത്തായ കേരളാ ബ്ലാസ്‌റ്റേഴ്‌സിന് മുന്നിലെത്താന്‍ ഇന്ന്‌ അവസരമുണ്ട്‌. പോയിൻ്റ് പട്ടികയില്‍ ഒന്നാം സ്‌ഥാനക്കാരായ ഹൈദരാബാദ്‌ എഫ്‌.സിയെ പരാജയപ്പെടുത്തിയാൽ ബ്ലാസ്‌റ്റേഴ്‌സ് 30 പോയിന്റുമായി മുംബൈക്കു മുന്നിലെത്തും. 16 മത്സരങ്ങളിൽ നിന്നും ഇവാൻ വുകുമനോവിച്ചിന്റെ ബ്ലാസ്റ്റേഴ്സിന് ഉള്ളത് 27 പോയിന്റാണ്. ടീമിന് ബാക്കി ഉള്ളത് ഹൈദരാബാദിനോട് ഉൾപ്പെടെ നാലേ നാലു മത്സരങ്ങൾ.

അതേസമയം, ലീഗിലെ അവസാന മത്സരത്തില്‍ എടികെയോട് ഇഞ്ചുറിടൈമില്‍ സമനില ഗോള്‍ വഴങ്ങിയാണ് കേരള ബ്ലാസ്റ്റേഴ്‌സിന്‍റെ വരവ്. ഇരു ടീമുകളും രണ്ട് ഗോളുകള്‍ വീതമടിച്ച് തുല്യതയില്‍ പിരിയുകയായിരുന്നു. ആദ്യപകുതിയില്‍ ഇരു ടീമുകളും ഓരോ ഗോള്‍ വീതമടിച്ച് സമനില പാലിച്ച മത്സരത്തില്‍ രണ്ടാംപകുതിയില്‍ ലീഡെടുത്ത ബ്ലാസ്റ്റേഴ്‌സ് ഇഞ്ചുറിടൈമിന്‍റെ അവസാന മിനിറ്റ് വരെ ലീഡ് കാത്തെങ്കിലും വിജയം പിടിച്ചെടുക്കാനായില്ല. ബ്ലാസ്റ്റേഴ്സിനായി ക്യാപ്റ്റന്‍ അഡ്രിയാന്‍ ലൂണ രണ്ട് ഗോളുകളും നേടിയപ്പോള്‍ ഡേവിഡ് വില്യംസും ജോണി കൗക്കോയുമായിരുന്നു എടികെയുടെ സ്കോറര്‍മാര്‍.

പരുക്കേറ്റ് ചികിത്സയിലായിരുന്ന യുവ പ്രതിരോധ താരം റുയിവാ ഹോർമിപാം ക്യാംപിൽ തിരിച്ചെത്തിയത് ബ്ലാസ്റ്റേഴ്‌സിന് ആശ്വാസ വാര്‍ത്തയാണ്. മത്സരത്തിനിടെ ഗോളി പ്രഭ്‌സുഖാന്‍ ഗില്ലുമായി കൂട്ടിയിടിച്ച് തലയ്ക്കാണ് 21കാരനായ ഹോർമിപാമിന് പരിക്കേറ്റത്. പിന്നീട് ശസ്ത്രക്രിയ നടത്തിയ താരത്തിന് സീസൺ നഷ്‌ടമാകുമെന്നായിരുന്നു കരുതിയിരുന്നത്.