Football Sports

ഏഷ്യന്‍ കപ്പ്: ഇന്ത്യക്ക് ഇന്ന് നിര്‍ണ്ണായക മത്സരം

ഏഷ്യ കപ്പിലെ നിര്‍ണ്ണായക മത്സരത്തില്‍ ഇന്ത്യ ഇന്ന് ബഹ്റൈനെ നേരിടും. ആദ്യ മല്‍സരത്തില്‍ തായ്ലന്‍ഡിനെതിരെ തകര്‍പ്പന്‍ ജയത്തോടെ തുടങ്ങിയ ഇന്ത്യ രണ്ടാം മല്‍സരത്തില്‍ ആതിഥേയരായ യു.എ.ഇക്ക് മുന്നില്‍ പരാജയപ്പെടുകയായിരുന്നു. ഇന്നത്തെ മത്സരം വിജയിക്കാനായാല്‍ നീലക്കടുവകള്‍ക്ക് ‍6 പോയിന്റുമായി പ്രീക്വാര്‍ട്ടര്‍ ഉറപ്പിക്കാം.

സമനിലയാണെങ്കില്‍ യു.എ.ഇ തായിലന്റ് മല്‍സരം ഫലത്തെ ആശ്രയിച്ചായിരുക്കും ഇന്ത്യയുടെ ഭാവി. ഏഷ്യന്‍ കപ്പില്‍ ആദ്യ പ്രീക്വാര്‍ട്ടര്‍ പ്രവേശനം എന്ന കടമ്പയും ഇന്ന് ഇന്ത്യക്ക് മുന്നിലുണ്ട്. 1964ല്‍ ഇന്ത്യ ഫൈനലില്‍ എത്തിയിരുന്നെങ്കിലും അന്ന് നാല് ടീമുകള്‍ മാത്രമാണ് ടൂര്‍ണമെന്റില്‍ പങ്കെടുത്തത്.

ഇന്ത്യന്‍ നായകന്‍ സുനില്‍ ഛേത്രി ഇന്ന് മറ്റൊരു ചരിത്ര നേട്ടത്തിലെത്തും. ഇന്ന് നടക്കുന്ന മല്‍സരത്തിന് ഇറങ്ങുമ്പോള്‍ ഇന്ത്യന്‍ കുപ്പായത്തില്‍ ഛേത്രിക്ക് 107 മല്‍സരങ്ങളാകും. ഇതോടെ ഇന്ത്യക്ക് വേണ്ടി ഏറ്റവും കൂടുതല്‍ മല്‍സരങ്ങള്‍ കളിച്ച താരങ്ങളില്‍ മുന്‍ നായകന്‍ ബൂട്ടിയയുടെ റെക്കോര്‍ടിനൊപ്പമാണ് ഛേത്രി എത്തുക.