Sports

പാക് താരങ്ങളെ വിലക്കിയ സംഭവം; ഇന്ത്യക്കെതിരെ നടപടിയുമായി ഒളിംമ്പിക് കമ്മറ്റി

പുൽവാമ ഭീകരാക്രമണത്തിന്റെ പശ്ചാതലത്തിൽ ഇന്ത്യ-പാക് പോര് കളിക്കളത്തിലും മുറുകുന്നതിനിടെ പ്രശ്നത്തിൽ ഇടപ്പെട്ട് രാജ്യാന്തര ഒളിംമ്പിക് കമ്മറ്റി. ഇന്ത്യയിൽ വെച്ച് നടക്കുന്ന ലോക ഷൂട്ടിംഗ് ചാമ്പ്യൻഷിപ്പിൽ പാക് താരങ്ങൾക്കും പരിശീലകനും വിസ നിഷേധിച്ച ഇന്ത്യയുടെ നടപടിയെ തുടർന്ന് കടുത്ത നടപിടിയുമായാണ് ഒളിമ്പിക് കമ്മറ്റി രംഗത്തു വന്നിരിക്കുന്നത്. ഇന്ത്യയിൽ ഒളിമ്പിക്സ് ഉൾപ്പടെയുള്ള മത്സരങ്ങൾ നടത്തുന്നതിന് ഐ.ഒ.സി വിലക്കേർപ്പെടുത്തി.

ഒളിംപിക്സ് അടക്കമുള്ള അന്താരാഷ്ട്ര മത്സരങ്ങൾക്ക് ആതിഥേയത്വം വഹിക്കുന്നതിന് ഇന്ത്യയുമായി നടത്തി വരുന്ന എല്ലാ ചര്‍ച്ചകളും നിർത്തിവെക്കുന്നതായും ഒളിംമ്പിക് കമ്മറ്റി അറിയിച്ചു. 2026ൽ നടക്കാനിരിക്കുന്ന യൂത്ത് ഒളിംപിക്‌സ്, ഏഷ്യന്‍ ഗെയിംസ് 2030, 2032ലെ ഒളിംപിക്‌സ് എന്നിവയ്ക്ക് ആഥിതേയത്വം വഹിക്കാൻ ഇന്ത്യ ശ്രമം നടത്തി വരുന്നതിനിടെയാണ് കടുത്ത നടപടിയുമായി ഐ.ഒ.സി രംഗത്തു വന്നിരിക്കുന്നത്.

നിലവിലെ സംഭവവികാസങ്ങളുടെ പശ്ചാതലത്തില്‍, ഇന്ത്യയില്‍ വെച്ച് നടക്കുന്ന മത്സരങ്ങൾക്ക് എല്ലാ താരങ്ങളേയും പങ്കെടുപ്പിക്കുമെന്ന ഇന്ത്യൻ ഗവൺമെന്റിന്റെ ഭാഗത്ത് നിന്നുമുള്ള റിട്ടൺ ഗ്യാരന്റിയാണ് ഐ.ഒ.സി ആവശ്യപ്പെട്ടിരിക്കുന്നത്. മത്സരങ്ങൾക്ക് ആഥിതേയത്വം വഹിക്കുന്നതിന് വിലക്കേർപ്പെടുത്തിയതിന് പുറമെ, ഇന്ത്യൻ അത്‍ലറ്റുകൾക്ക് രാജ്യന്തര മത്സരങ്ങളിൽ പങ്കെടുക്കുന്നതിനും പ്രശ്നമുണ്ടാകാൻ സാധ്യതയുള്ളതായി ഇന്ത്യൻ ഒളിംമ്പിക് അസോസിയേഷൻ സെക്രട്ടറി ജനറൽ രാജീവ് മേത്ത പറഞ്ഞു. പ്രശനത്തിൽ ഇടപെടാൻ സർക്കാറിനോട് ആവശ്യപ്പെടുമെന്നും അദ്ദേഹം പി.ടി.ഐയോട് പറഞ്ഞു.