Sports

മാനസിക പ്രശ്‌നം: ക്രിക്കറ്റിൽ നിന്ന് അവധിയെടുത്ത് ഗ്ലെൻ മാക്‌സ്‌വെൽ

ഓൾറൗണ്ടർ ഗ്ലെൻ മാക്‌സ്‌വെൽ മാനസികാരോഗ്യ ചികിത്സക്കായി ക്രിക്കറ്റിൽ നിന്ന് അവധിയെടുക്കുന്നതായി ക്രിക്കറ്റ് ഓസ്‌ട്രേലിയ. സ്വന്തം നാട്ടിൽ ശ്രീലങ്കക്കും പാകിസ്താനുമെതിരെ നടക്കുന്ന ട്വന്റി 20 മത്സരങ്ങളിൽ 31-കാരനായ താരം കളിക്കില്ല. ചില മാനസിക പ്രശ്‌നങ്ങളാൽ മാക്‌സ്‌വെൽ ബുദ്ധിമുട്ടുന്നതായും അതിനാൽ കുറച്ചുകാലം അവധിയെടുക്കാൻ തീരുമാനിച്ചതായും ടീം സൈക്കോളജിസ്റ്റ് ഡോ. മൈക്കൽ ലോയ്ഡ് പറഞ്ഞു. 2020-ലെ ട്വന്റി 20 ലോകകപ്പിനുമുമ്പായി താരം കളിക്കളത്തിൽ തിരിച്ചെത്തുമെന്നാണ് പ്രതീക്ഷ.

‘തന്റെ മാനസികാരോഗ്യവുമായി ബന്ധപ്പെട്ട ചില പ്രശ്‌നങ്ങൾ ഗ്ലെൻ മാക്‌സ്വെൽ നേരിടുന്നുണ്ട്. അക്കാരണത്താൽ അദ്ദേഹം കളിയിൽ നിന്ന് ചെറിയൊരു ഇടവേള എടുക്കുകയാണ്. ഈ പ്രശ്‌നങ്ങൾ കണ്ടെത്തുന്നതിലും സപ്പോർട്ട് സ്റ്റാഫുമായി സഹകരിക്കുന്നതിൽ ഗ്ലെൻ സജീവമായിരുന്നു.’ ഡോ. ലോയ്ഡ് പറഞ്ഞു.

കഴിഞ്ഞ പന്ത്രണ്ട് മാസത്തിനിടെ അദ്ദേഹം ബുദ്ധിമുട്ടുന്നതായി എനിക്ക് സംശയമുണ്ടായിരുന്നു. ശ്രീലങ്കക്കെതിരായ ആദ്യ മത്സരത്തിന്റെ തലേന്ന് അദ്ദേഹത്തിൽ പഴയ പ്രസരിപ്പും ഉത്സാഹവും കണ്ടില്ല. എന്നിട്ടും അദ്ദേഹം നന്നായി കളിച്ചു. മുഖംമൂടിക്കുള്ളിൽ മാക്‌സ്‌വെൽ എന്തോ ഒളിക്കുന്നുണ്ടെന്ന് എനിക്കുതോന്നി.

ജസ്റ്റിന്‍ ലാംഗര്‍

ശ്രീലങ്കക്കെതിരായ മത്സരങ്ങൾക്കിടെയാണ് മാക്‌സ് വെൽ ചില പ്രശ്‌നങ്ങൾ നേരിടുന്നുവെന്ന കാര്യം തന്റെ ശ്രദ്ധയിൽപ്പെട്ടതെന്നും അദ്ദേഹത്തിന്റെ ചിരിയിൽ നിന്നാണ് ഇത് വ്യക്തമായതെന്നും ഓസ്‌ട്രേലിയൻ കോച്ച് ജസ്റ്റിൻ ലാംഗർ പറഞ്ഞു. ‘കഴിഞ്ഞ പന്ത്രണ്ട് മാസത്തിനിടെ അദ്ദേഹം ബുദ്ധിമുട്ടുന്നതായി എനിക്ക് സംശയമുണ്ടായിരുന്നു. ശ്രീലങ്കക്കെതിരായ ആദ്യ മത്സരത്തിന്റെ തലേന്ന് അദ്ദേഹത്തിൽ പഴയ പ്രസരിപ്പും ഉത്സാഹവും കണ്ടില്ല. എന്നിട്ടും അദ്ദേഹം നന്നായി കളിച്ചു. മുഖംമൂടിക്കുള്ളിൽ മാക്‌സ്‌വെൽ എന്തോ ഒളിക്കുന്നുണ്ടെന്ന് എനിക്കുതോന്നി. ആളുകൾ അത്ര സുഖത്തിലല്ല എന്ന് തോന്നുമ്പോൾ കൂടെയുള്ളവർക്ക് അക്കാര്യം മനസ്സിലാകും. അഡലെയ്ഡ് മത്സരത്തിന്റെ മുമ്പ് ഞാൻ ഇക്കാര്യം ചോദിച്ചപ്പോൾ മാക്‌സ്‌വെൽ പറഞ്ഞത് എനിക്ക്് കുറച്ചു നേരം സംസാരിക്കണം എന്നാണ്. തന്റെ കാര്യങ്ങൾ അത്ര ശരിയല്ല എന്ന് തുറന്നുപറയാനുള്ള ധൈര്യം അദ്ദേഹം കാണിച്ചു.’ – ലാംഗർ പറഞ്ഞു.

മാനസികാരോഗ്യം വീണ്ടെടുക്കാൻ എല്ലാവരും മാക്‌സ്‌വെല്ലിന്റെ കൂടെയുണ്ടാകുമെന്നും അദ്ദേഹത്തിന്റെ കുടുംബത്തിന് പൂർണ പിന്തുണ നൽകുമെന്നും എക്‌സിക്യൂട്ടീവ് ജനറൽ മാനേജർ ബെൻ ഒളിവർ പറഞ്ഞു. ‘ഗ്ലെന്നിന്റെയും കുടുംബത്തിന്റെയും സ്വകാര്യത എല്ലാവരും ബഹുമാനിക്കണമെന്ന് ഞങ്ങൾ അഭ്യർത്ഥിക്കുകയാണ്. അദ്ദേഹം സവിശേഷ കളിക്കാരനാണ്, ഓസ്‌ട്രേലിയൻ ടീമിന്റെ അവിഭാജ്യ ഘടകവും. അടുത്ത വേനലിൽ അദ്ദേഹം ടീമിനൊപ്പമുണ്ടാകുമെന്നാണ് കരുതുന്നത്.’ ഒലിവർ കൂട്ടിച്ചേർത്തു.