ജര്‍മനി ആരാധകര്‍ക്ക് ഏറെ നിര്‍ണായകമായിരുന്ന ഇന്നത്തെ പോരാട്ടം സമനിലയില്‍ അവസാനിച്ചു. സ്പാനിഷ് പാസിംഗ് കരുത്തിനെ പ്രതിരോധ മികവില്‍ ജര്‍മനി തളച്ചിട്ട മത്സരം ആവേശകരമായിരുന്നു. ആദ്യ മത്സരത്തില്‍ ജപ്പാനോട് തോല്‍വി ഏറ്റുവാങ്ങിയ ജര്‍മനിക്ക് ഇന്ന് സ്‌പെയിനെ സമനിലക്കുരുക്കിലാക്കാന്‍ കഴിഞ്ഞതിനാല്‍ പ്രീ ക്വാര്‍ട്ടര്‍ പ്രതീക്ഷകള്‍ സജീവമായി. എങ്കിലും ഗ്രൂപ്പിലെ അവസാന റൗണ്ട് മത്സരം (ജര്‍മ്മനി vs കോസ്റ്ററിക്ക ), (സ്‌പെയിന്‍ vs ജപ്പാന്‍ ) നിര്‍ണ്ണായകമായി മാറും.
ജീവന്മരണ പോരാട്ടത്തില്‍ സ്‌പെയിന് നേര്‍ക്ക് ജര്‍മനി കനത്ത പ്രതിരോധക്കോട്ടയാണ് കെട്ടിയത്. ഫുള്‍ക്രഗിലൂടെയാണ് ജര്‍മനി സമനില പിടിച്ചത്. സാനെയില്‍ നിന്നുള്ള പാസിന് ശേഷം മുസിയാലയില്‍ നിന്ന് പന്ത് ഏറ്റെടുത്ത് വലത് മൂലയില്‍ നിന്നായിരുന്നു ഫുള്‍ക്രഗിന്റെ പ്രൗഢമായ ഗോള്‍. പഴയ രീതിയിലുള്ള സെന്റര്‍ ഫോര്‍വേഡ് പ്ലേയാണ് ജര്‍മനിക്ക് ഇപ്പോള്‍ ആവശ്യമെന്ന് ഇന്നത്തെ കളി തെളിയിക്കുന്നുണ്ട്. നിരവധി അവസരങ്ങള്‍ ലഭിച്ചിട്ടും ഗോളുകളൊന്നും പിറക്കാത്ത ഒരു മണിക്കൂറിന് ശേഷം സൂപ്പര്‍ സബ്ബായി സ്‌പെയിനിനെ മുന്നിലെത്തിച്ച് മൊറാട്ടയാണ്. ഇടതുവിങ്ങില്‍ നിന്ന് ആല്‍ബ എത്തിച്ച പന്തിനെയാണ് മൊറാട്ട ലക്ഷ്യത്തിലെത്തിച്ചത്.
ആദ്യ പകുതിയില്‍ ഗോളുകളൊന്നും പിറന്നില്ലെങ്കിലും കളി ആവേശകരമായിരുന്നു. മത്സരത്തിന്റെ ആദ്യ മിനിറ്റുകളില്‍ സ്‌പെയ്ന്‍ തങ്ങളുടെ സ്വതസിദ്ധമായ പാസിങ്ങുകളിലൂടെ മികവ് കാട്ടി. ആദ്യ പകുതിയുടെ 69 ശതമാനവും പന്ത് സ്‌പെയിനിന്റെ കൈവശം തന്നെയായിരുന്നു. എന്നാല്‍ ജര്‍മനിയുടെ കടുത്ത പ്രതിരോധത്തില്‍ ഒരു സ്പാനിഷ് ശ്രമങ്ങളും ഗോളുകളായില്ല.
ആദ്യ പകുതിയില്‍ ജര്‍മന്‍ ഗോള്‍മുഖം ലക്ഷ്യമാക്കി സ്‌പെയ്ന്‍ നാല് ഷോട്ടുകളും സ്‌പെയ്ന്‍ ഗോള്‍മുഖത്തേക്ക് ജര്‍മനി മൂന്ന് ഷോട്ടുകളും പായിച്ചു. കളിയുടെ ഏഴാം മിനിറ്റില്‍ ഡാനി ഒല്‍മോയുടെ ഷോട്ട് ന്യൂയറുടെ തന്ത്രപരമായ നീക്കത്തിനൊടുവില്‍ ക്രോസ്ബാറിലും പോസ്റ്റിനുമിടയില്‍ പത്ത് തട്ടിത്തെറിച്ച് കെട്ടടങ്ങി. 22-ാം മിനിറ്റിലെ ജോര്‍ഡി ആല്‍ബേയുടെ അടുത്ത നീക്കം പക്ഷേ ഗോള്‍പോസ്റ്റിനെ വെറുതെ തൊട്ട് കടന്നുപോയി. 40-ാം മിനിറ്റില്‍ ജര്‍മനിയുടെ ആന്റോണിയോ റൂഡിഗറിന് വല വിറപ്പിക്കാനായി. എന്നാല്‍ അതും ഗോളായി മാറിയില്ല.