Football

ആശാന് പിന്തുണ നൽകി; മഞ്ഞപ്പടയെ അൺഫോളോ ചെയ്ത് ഇന്ത്യൻ സൂപ്പർ ലീഗ് ഇൻസ്റ്റാഗ്രാം; ഇവാന്റെ തീരുമാനം ശരിയോ തെറ്റോ?

കേരള ബ്ലാസ്റ്റേഴ്സിന്റെ ആരാധക കൂട്ടായ്മയായ മഞ്ഞപ്പടയെ ഇൻസ്റ്റഗ്രാമിൽ അൺഫോളോ ചെയ്ത് ഇന്ത്യൻ സൂപ്പർ ലീഗ്. ഇന്ത്യൻ സൂപ്പർ ലീഗിൽ ബെംഗളൂരു എഫ്‌സിക്ക് എതിരായ നോക്ക്ഔട്ട് മത്സരം വിവാദ ഗോളിന്റെ പേരിൽ കേരളം ബ്ലാസ്റ്റേഴ്‌സ് പരിശീലകൻ ഇവാൻ വുകുമാനോവിച്ച് ബഹിഷ്ക്കരിച്ചതിനെ പിന്തുണച്ച് ബ്ലാസ്റ്റേഴ്‌സ് ആരാധകക്കൂട്ടായ്മ ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ഇട്ടതിന് ശേഷമാണ് ലീഗിന്റെ നീക്കം. കേരളം മുഴുവനായും ഇവാന്റെ കൂടെയുണ്ടാകും എന്നതാണ് മഞ്ഞപ്പടയുടെ ഇൻസ്റ്റാഗ്രാമിലെ പോസ്റ്റ്. തുടർന്ന് മഞ്ഞപ്പടയും ഇന്ത്യൻ സൂപ്പർ ലീഗ് പേജ് അൺ ഫോളോ ചെയ്തു. നാളെ കൊച്ചിയിൽ മടങ്ങിയെത്തുന്ന കേരള ബ്ലാസ്റ്റേഴ്‌സ് മുഖ്യ പരിശീലകൻ ഇവാൻ വുകുമാനോവിച്ചിനെയും ടീം അംഗങ്ങളെയും സ്വീകരിക്കാൻ മഞ്ഞപ്പട ആരാധകർ ആഹ്വാനവും നടത്തിയിട്ടുണ്ട്. Indian Super League unfollowed Manjappada

“മഞ്ഞപ്പടയാളികളേ.. കപ്പ് നേടുന്നതിനേക്കാൾ വലിയ അഭിമാനമാണ് കാലങ്ങളായി തുടർന്ന് വന്ന നെറികേടിനെതിരെ അന്തസ്സോടെ പ്രതികരിച്ചുള്ള മടക്കം. മലയാളികളുടെ അഭിമാനമായ പടനായകനെയും പോരാളികളെയും സ്വീകരിക്കാൻ നിങ്ങളും അണിനിരക്കുക.” എന്നതാണ് ഇൻസ്റ്റഗ്രാം സ്റ്റോറിയിലൂടെ മഞ്ഞപ്പട മുന്നോട്ട് വെച്ച ആഹ്വാനം.

ഇതിനിടെ ഇവാൻ വുകുമാനോവിച്ചിനെ അനുകൂലിച്ചും പ്രതികൂലിച്ചും ധാരാളം പേർ പ്രതികരണങ്ങൾ നടത്തിയിട്ടുണ്ട്. മത്സരം ബഹിഷ്കരിക്കാനുള്ള നീക്കം തെറ്റായെന്നും കനത്ത നടപടികൾ നേരിടേണ്ടി വരുമെന്നും ഒരു വിഭാഗം പറയുന്നുണ്ട്. എന്നാൽ, ഇന്ത്യൻ ഫുട്ബാളിൽ എക്കാലവും ചർച്ച വിഷയമായ മോശം റഫറിയിങ്ങിനെതിരെയുള്ള പ്രതിഷേധമായി ഈ ബഹിഷ്കരണം കാണണമെന്ന് മറു വിഭാഗം പറയുന്നു.