Football

ലൂക്ക മോഡ്രിച്ച് വിരമിക്കൽ നീട്ടിവെക്കണമെന്ന് ക്രൊയേഷ്യൻ പരിശീലകൻ

ഇതിഹാസ താരം ലൂക്ക മോഡ്രിച്ച് വിരമിക്കൽ നീട്ടിവെക്കണമെന്ന് ക്രൊയേഷ്യൻ പരിശീലകൻ സ്ലാറ്റ്കോ ഡാലിച്ച്. മോഡ്രിച്ച് രാജ്യാന്തര മത്സരങ്ങളിൽ നിന്ന് വിരമിക്കുകയാണെന്ന റിപ്പോർട്ടുകൾക്കിടെയാണ് പരിശീലകൻ്റെ ആവശ്യം. താരത്തെ ക്രൊയേഷ്യക്ക് ആവശ്യമുണ്ടെന്ന് ഡാലിച്ച് പറഞ്ഞു. യുവേഫ നേഷൻസ് ലീഗ് ഫൈനലിൽ സ്പെയിനോട് പെനാൽറ്റി ഷൂട്ടൗട്ടിൽ പരാജയപ്പെട്ടതിനു പിന്നാലെയാണ് ഡാലിച്ചിൻ്റെ പ്രതികരണം.

37 വയസുകാരനായ താരം ഇപ്പോഴും മികച്ച ഫോമിലാണ് കളിക്കുന്നത്. ക്ലബ് റയൽ മാഡ്രിഡിലും ക്രൊയേഷ്യയ്ക്കായും മോഡ്രിച്ച് തകർത്തുകളിക്കുകയാണ്. തൻ്റെ രാജ്യാന്തര കരിയറിൻ്റെ കാര്യത്തിൽ തീരുമാനമെടുത്തുകഴിഞ്ഞെന്ന് മോഡ്രിച്ച് ഫൈനൽ മത്സരത്തിനു ശേഷം പറഞ്ഞിരുന്നു. 2006ൽ രാജ്യാന്തര കരിയറിൽ അരങ്ങേറിയ മോഡ്രിച്ച് ആകെ 166 മത്സരങ്ങൾ കളിച്ചിട്ടുണ്ട്.

ഷൂട്ട് ഔട്ടിൽ ഇരട്ട സേവുകളുമായി സ്പാനിഷ് ഗോൾകീപ്പർ ഉനൈ സൈമൺ തിളങ്ങിയതോടെയാണ് ക്രോയേഷ്യ കിരീടം കൈവിട്ടത്. ഇതോടെ, ലോക ഫുട്ബോളിൽ ഒരു മേജർ കിരീടം നേടുക എന്ന സ്വപ്നം വീണ്ടും ക്രൊയേഷ്യയിൽ നിന്നും നായകൻ ലൂക്ക മോഡ്രിച്ചിൽ നിന്നും അകന്നു നിന്നു. സ്പെയിനിനാകട്ടെ മുഖ്യപരിശീലകനായിരുന്ന ലൂയിസ് എൻറിക്കക്ക് പകരം നിയമിതനായ ലൂയിസ് ഡി ലാ ഫ്യൂന്റെയുടെ കീഴിൽ നേടുന്ന ആദ്യ കിരീട നേട്ടം കൂടിയാണ് ഇത്.