Football

ബയേണ്‍, ബാഴ്‌സ, അഴ്‌സണല്‍… ടോട്ടന്‍ഹാം പുറത്താക്കിയ കോച്ചിനായി ക്ലബുകളുടെ പിടിവലി

ടോട്ടന്‍ഹാം പുറത്താക്കിയ പരിശീലകന്‍ മൗഷീഷ്യോ പോച്ചെറ്റിനോക്ക് പിന്നാലെയാണ് മുന്‍നിര ക്ലബുകള്‍. ബയേണ്‍ മ്യൂണിക്, ബാഴ്‌സലോണ, അഴ്‌സണല്‍ തുടങ്ങി നിരവധി ക്ലബുകളുടെ പേരുകളാണ് പോച്ചെറ്റിനോക്കൊപ്പം ഉയര്‍ന്നു കേള്‍ക്കുന്നത്. കഴിഞ്ഞ ചൊവ്വാഴ്ച്ചയാണ് പുറത്തായ പോച്ചെറ്റിനോക്ക് പകരക്കാരനായി യേസെ മൗറിന്യോ ടോട്ടന്‍ഹാം പരിശീലകനായെത്തിയിട്ടുണ്ട്.

2014ലാണ് പോച്ചെറ്റിനോ ടോട്ടന്‍ഹാം പരിശീലകനായി എത്തുന്നത്. അഞ്ചുവര്‍ഷ കാലത്ത് ഒരു കിരീടം പോലും നേടാനായില്ലെന്നതാണ് പോച്ചെറ്റിനോക്ക് തിരിച്ചടിയായത്. സീസണില്‍ 12 മത്സരങ്ങള്‍ പൂര്‍ത്തിയായപ്പോള്‍ മൂന്ന് കളികള്‍ മാത്രം ജയിച്ച ടോട്ടന്‍ഹാം പതിനാലാമതാണ്. കിരീടം നേടിയില്ലെങ്കിലും ടോട്ടന്‍ഹാമില്‍ ചെറുപ്പക്കാരുടെ ഒരു നിരയെ വളര്‍ത്തിയെടുത്ത പോച്ചെറ്റിനോയുടെ രീതി പലര്‍ക്കും സ്വീകാര്യമാണെന്നതിന്റെ തെളിവാണ് പോച്ചെറ്റിനോക്ക് പിന്നാലെയുള്ള മുന്‍നിര ക്ലബുകള്‍.

ടോട്ടന്‍ഹാം പുറത്താക്കിയ ഈ അര്‍ജന്റീനക്കാരനായ പരിശീലകനുപിന്നാലെ ഏറ്റവും ഒടുവിലെത്തിയിരിക്കുന്ന സ്പാനിഷ് വമ്പന്മാരായ ബാഴ്‌സലോണയാണ്. സീസണിലെ മോശം തുടക്കമാണ് ബാഴ്‌സലോണയേയും പരിശീലകനെ മാറ്റാനുള്ള പ്രചോദനമാകുന്നത്.

കഴിഞ്ഞ മാസം പുറത്തുപോയ പരിശീലകന്‍ നികോ കോവാകിന് സ്ഥിരം പകരക്കാരനെ ബയേണ്‍ മ്യൂണിച്ചും തേടുകയാണ്. കോവാകിന്റെ സഹപരിശീലകനായ ഹാന്‍സി ഫഌക്കിനാണ് ഇപ്പോള്‍ ബയേണിന്റെ ചുമതല.

അതേസമയം ബാഴ്‌സലോണയുമായുള്ള അഭിപ്രായ വ്യത്യാസം നേരത്തെ പരസ്യമാക്കിയിട്ടുള്ളയാളാണ് പോച്ചെറ്റിനോ. ‘ബാഴ്‌സലോണയില്‍ ഞാന്‍ ബഹുമാനിക്കുന്ന നിരവധി സുഹൃത്തുക്കളുണ്ട്. പക്ഷേ അവരുടേയും എന്റെയും വഴി വ്യത്യസ്ഥമാണ്. അവിടെ പരിശീലകനാവുക അസാധ്യം’ എന്നായിരുന്നു പോച്ചെറ്റിനോ കഴിഞ്ഞ വര്‍ഷം പറഞ്ഞത്.

ഇംഗ്ലീഷ് മുന്‍ പ്രതിരോധക്കാരന്‍ മാര്‍ട്ടിന്‍ കിയോണാണ് പോച്ചെറ്റിനോയുടെ അഴ്‌സണിലേക്കുള്ള സാധ്യത ടെലിവിഷന്‍ ചര്‍ച്ചക്കിടെ പറഞ്ഞത്. അഴ്‌സണല്‍ പോച്ചെറ്റിനോയെ പരിശീലകസ്ഥാനത്തെത്തിക്കാന്‍ മുന്‍കൈ എടുത്തേക്കുമെന്നാണ് മാര്‍ട്ടിന്‍ പറഞ്ഞത്. അഴ്‌സണലിനുവേണ്ടി 400ലേറെ മത്സരങ്ങളില്‍ ബൂട്ടുകെട്ടിയിട്ടുള്ള മാര്‍ട്ടിന്‍ കിയോണ്‍ അങ്ങനെ പറയുമ്പോള്‍ ഒറ്റയടിക്ക് തള്ളിക്കളയാനാകില്ല.