Football

തുടരെ രണ്ടാം പരാജയം; എഎഫ്സി കപ്പിൽ നിന്ന് ഗോകുലം കേരള പുറത്ത്

ഐലീഗ് ചാമ്പ്യന്മാരായ ഗോകുലം കേരള എഎഫ്സി കപ്പിൽ നിന്ന് പുറത്ത്. ഇന്ന് ഗ്രൂപ്പ് ഡിയിൽ നടന്ന രണ്ടാം മത്സരത്തിൽ ബംഗ്ലാദേശ് ക്ലബ് ബസുന്ധര കിംഗ്സിനോട് ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് പരാജയപ്പെട്ടാണ് ഗോകുലം പുറത്തായത്. ഗ്രൂപ്പിലെ ആദ്യ മത്സരത്തിൽ ഐഎസ്എൽ ക്ലബായ എടികെ മോഹൻബഗാനെ തോല്പിച്ച ഗോകുലം അടുത്ത മത്സരത്തിൽ ബംഗ്ലാദേശ് ക്ലബായ മസിയയോട് പരാജയപ്പെട്ടിരുന്നു.

ഇന്ന് 36ആം മിനിട്ടിൽ തന്നെ ബസുന്ധര മുന്നിലെത്തി. റൊബീഞ്ഞോ ആണ് ബസുന്ധരയുടെ ആദ്യ ഗോൾ നേടിയത്. 54ആം മിനിട്ടിൽ നുഹ മരോങിലൂടെ അവർ ലീഡ് ഇരട്ടിയാക്കി. 75ആം മിനിട്ടിൽ ജോർഡൈൻ ഫ്ലെച്ചെർ ഒരു ഗോൾ മടക്കിയെങ്കിലും പരാജയം ഒഴിവാക്കാൻ ഗോകുലത്തിനു സാധിച്ചില്ല.

എടികെ മോഹൻബഗാനെ രണ്ടിനെതിരെ നാല് ഗോളുകൾക്ക് വീഴ്ത്തിയാണ് ഗോകുലം ടൂർണമെൻ്റ് ആരംഭിച്ചത്. എന്നാൽ, രണ്ടാം മത്സരത്തിൽ മസിയക്കെതിരെ എതിരില്ലാത്ത ഒരു ഗോളിന് ഗോകുലം പരാജയപ്പെട്ടു. എടികെ ആവട്ടെ ആദ്യ കളി തോറ്റെങ്കിലും രണ്ടാമത്തെ കളിയിൽ ബസുന്ധര കിംഗ്സിനെ എതിരില്ലാത്ത 4 ഗോളുകൾക്ക് തകർത്ത് ടൂർണമെൻ്റിലേക്ക് തിരികെയെത്തി. ഇന്ന് രാത്രി നടക്കുന്ന മത്സരത്തിൽ മസിയയെ തോല്പിക്കാനായാൽ എടികെ അടുത്ത റൗണ്ടിലെത്തും.