മാഞ്ചസ്റ്റര്‍ യുണൈറ്റഡ് 0-0 ടോട്ടന്‍ഹാം ഹോട്ട്സ്പര്‍, സൗത്താംപ്ടണ്‍ 3-0 നോര്‍വിച്ച് സിറ്റി…
ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡിനെതിരെ ടോട്ടന്നത്തിന് സമനില. അവസാനസ്ഥാനക്കാരായ നോര്‍വിച്ച് സിറ്റിയെ സൗത്താംപ്ടണ്‍ ഏകപക്ഷീയമായ മൂന്നു ഗോളുകള്‍ക്ക് തോല്പിച്ചു.
യുണൈറ്റഡിനെതിരായ അവസാന നിമിഷങ്ങളില്‍ റഫറി പെനല്‍റ്റി സ്പോട്ടിലേക്ക് വിരല്‍ ചൂണ്ടിയപ്പോള്‍ നെഞ്ചിടിപ്പേറിയത് ടോട്ടന്നം പ്രതിരോധക്കാരന് എറിക് ഡയറിനായിരുന്നു. നേരത്തെ ബ്രൂണോ ഫെര്‍ണാണ്ടസ് 81ാം മിനുറ്റില്‍ സമനില ഗോള്‍ നേടിയ പെനല്‍റ്റിക്ക് കാരണമായതും ഡയറിന്റെ ഫൗളായിരുന്നു. എന്നാല്‍ വാര് പരിശോധനയില്‍ പെനല്‍റ്റി റദ്ദാക്കിയതോടെ ടോട്ടന്നവും ഡയറും ആശ്വാസത്തിലായി.
നേരത്തെ മത്സരത്തില്‍ ലഭിച്ച ആദ്യ അവസരത്തില്‍ തന്നെ സ്റ്റീവന്‍ ബെര്ജെയ്ന് യുണൈറ്റഡ് വല കുലുക്കി. 27ാം മിനുറ്റിലായിരുന്നു വേഗവും കരുത്തും ഒത്തിണങ്ങിയ മുന്നേത്തിനൊടുവില് ബെര്ജെയ്ന്റെ ഗോള്‍.
ഇതിന് മറുപടി നല്കാന് യുണൈറ്റഡിന് 81ാം മിനുറ്റ് വരെ കാത്തിരിക്കേണ്ടി വന്നു. അറുപതാം മിനുറ്റില്‍ പകരക്കാരനായിറങ്ങിയ പോഗ്ബയെ ഫൗള്‍ ചെയ്തതിനായിരുന്നു പെനല്‍റ്റി അനുവദിച്ചത്. ഗോളിലേക്കുള്ള ശ്രമങ്ങളിലും പന്ത് കൈവശം വെക്കുന്നതിലുമെല്ലാം മുന്നിലെത്തിയെങ്കിലും മാഞ്ചസ്റ്റര്‍ യുണൈറ്റഡിന് സമനിലകൊണ്ട് തൃപ്തിപ്പെടേണ്ടി വന്നു. പ്രീമിയര്‍ ലീഗില്‍ തുടര്‍ച്ചയായി 12ാം മത്സരമാണ് സോള്‍ഷ്യറിന്റെ കുട്ടികള്‍ തോല്‍വിയറിയാതെ പൂര്‍ത്തിയാക്കുന്നത്.
🔥 @IngsDanny 🔥
— Southampton FC (@SouthamptonFC) June 19, 2020
Some things in life are a certainty: pic.twitter.com/6AynzndBNC
തരംതാഴ്ത്തല്‍ ഭീഷണിയിലുള്ള നോര്‍വിച്ച് സിറ്റിയെ മൂന്നു ഗോളുകള്‍ക്കാണ് സൗത്താംപ്ടണ്‍ തോല്പിച്ചത്. ഡാനി ഇന്‍ഗ്സ്(49′), സ്റ്റുവര്‍ട്ട് ആംസ്ട്രോങ്(54′), നാഥന് റെഡ്മണ്ട്(79′) എന്നിവരാണ് ഗോളുകള്‍ നേടിയത്. ജയത്തോടെ ഒരുപടി കയറിയ സൗത്താംപ്ടണ്‍ 13ാം സ്ഥാനത്തെത്തി.