ടി20 ലോകകപ്പിലെ സെമി ഫൈനൽ പോരാട്ടങ്ങൾക്ക് നാളെ തുടക്കം. ആദ്യ സെമിയിൽ ഇംഗ്ലണ്ട് ന്യൂസീലൻഡിനെ നേരിടും. രാത്രി 7.30ന് അബുദാബിയിൽ ആണ് മത്സരം.
പ്രാഥമിക ഘട്ടം കഴിഞ്ഞു. ഇനി ഒപ്പത്തിനൊപ്പമുള്ള പോരാട്ട നാളുകൾ. ഏറ്റവും മികച്ച നാല് സംഘങ്ങൾ ഫൈനൽ ബെർത്തിനായി പോരടിക്കുന്ന നിർണായക മത്സര ദിനങ്ങൾ. ന്യൂസീലൻഡും ഇംഗ്ലണ്ടും ആദ്യ സെമിയിൽ മത്സരിക്കുമ്പോൾ വീറും വാശിയും ഏറും. പരസ്പ്പരം ഏറ്റുമുട്ടിയ ചരിത്രം പരിശോധിച്ചാൽ ഇംഗ്ലണ്ടിന് മുൻതൂക്കമുണ്ട്. ഇരുടീമും ഇതുവരെ ട്വന്റി20 ൽ പോരടിച്ചത് 21 തവണ. 12 വട്ടം ഇംഗ്ലീഷ് സംഘം വിജയം സ്വന്തമാക്കിയപ്പോൾ 7 മത്സരങ്ങളിൽ കീവീസ് ജയിച്ചു. ഒരു മത്സരം ടൈ ആയി പിരിഞ്ഞു.
ഐസിസി റാങ്കിങ്ങിലെ ഒന്നാം സ്‌ഥാനവും ഇംഗ്ലണ്ടിന് ആത്മവിശ്വാസമാണ്. എന്നാൽ ടൈമൽ മിൽസും ജെയ്സൺ റോയും പരുക്കിന്റെ പിടിയിൽ ആയത് ചെറുതല്ലാത്ത ആശങ്ക പടർത്തുന്നു. 240 റൺസുമായി ടൂർണമെന്റിലെ റൺ വേട്ടയിൽ ഒന്നാമതുള്ള ജോസ് ബട്ട്ലർ ആണ് ഇംഗ്ലണ്ടിന്റെ റൺ മെഷീൻ. ആദിൽ റഷീദും മൊയിൻ അലിയും വിക്കറ്റ് നേടുന്നതിൽ മികവ് കാട്ടുന്നു.
ന്യൂസീലൻഡ് ആവട്ടെ ഓൾറൗണ്ട് മികവിലാണ് സെമി ഫൈനൽ വരെ എത്തിയത്. ട്രെൻഡ് ബോൾട്ടിന്റെ മികച്ച ഫോമിന് ടിം സൗത്തീ നൽകുന്ന പിന്തുണ ചെറുതല്ല. മാർട്ടിൻ ഗപ്റ്റിലാണ് ബാറ്റിംഗ് കരുത്ത്. കൂട്ടിന് നായകൻ കെയ്ൻ വില്യംസണുമുണ്ട്. മികച്ച രണ്ട് ക്യാപ്റ്റന്മാരുടെ പോരാട്ടം കൂടിയാണ് ആദ്യ സെമി. ടോസിലെ ഭാഗ്യമാണ് കളി നിർണയിക്കുക.