ഈ വര്‍ഷത്തെ ഐ.പി.എല്‍ സീസണില്‍ നിന്ന് മൊഹാലിയെ ഒഴിവാക്കിയതിന്റെ മറുപടി തേടി പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദര്‍ സിങ്. മൊഹാലിക്ക് പുറമെ ഹൈദരാബാദ്, ജയ്പൂര്‍ എന്നിവിടങ്ങളിലും ഇത്തവണ ഐപിഎല്‍ നടക്കുന്നില്ല. എന്താണ് വേദി തെരഞ്ഞെടുപ്പിലെ മാനദണ്ഡം എന്ന് ബി.സി.സി.ഐ ഔദ്യോഗികമായി വ്യക്തമാക്കിയിട്ടില്ല. ഇതിന് പിന്നിലെ കാരണം തേടിയാണ് പഞ്ചാബ് മുഖ്യമന്ത്രി ബി.സി.സി.ഐക്ക് കത്തയച്ചിരിക്കുന്നത്.
സംസ്ഥാനത്തെ കോവിഡ് കേസുകള്‍ അനുസരിച്ചാണ് വേദി തെരഞ്ഞെടുപ്പ് എന്ന് പറയപ്പെടുന്നുണ്ടെങ്കിലും വ്യക്തത വരേണ്ടതുണ്ട്. പഞ്ചാബിനെക്കാളും കോവിഡ് കേസുകള്‍ കൂടുതലുള്ള മുംബൈയില്‍ വേദി അനുവദിച്ചത് എന്തിന്റെ അടിസ്ഥാനത്തിലാണെന്നാണ് ചോദ്യം. പഞ്ചാബ് മുഖ്യമന്ത്രി അയച്ച കത്തില്‍ ഇക്കാര്യവും സൂചിപ്പിച്ചിട്ടുണ്ട്. അതേസമയം കര്‍ഷക പ്രക്ഷോഭമാണ് മൊഹാലിയെ ഒഴിവാക്കിയതിന് പിന്നിലെന്നും പറയപ്പെടുന്നുണ്ട്. ഡല്‍ഹി അതിര്‍ത്തിയില്‍ പ്രക്ഷോഭം നടത്തുന്ന കര്‍ഷകരിലധികവും പഞ്ചാബ്-ഹരിയാന സംസ്ഥാനങ്ങളില്‍ നിന്നുള്ളവരാണ്. ഇക്കാര്യം പരിഗണിച്ചാണ് മൊഹാലിയെ ഒഴിവാക്കിയതെന്നാണ് പറയപ്പെടുന്നത്. ഇത്തവണത്തെ ഐപിഎൽ മത്സരങ്ങൾ ഏപ്രിൽ 9ന് ആരംഭിക്കും. മുംബൈ ഇന്ത്യൻസും റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരും തമ്മിൽ ചെന്നൈയിലാണ് ഉദ്ഘാടന മത്സരം. 6 വേദികളിലായാണ് മത്സരങ്ങൾ നടക്കുക. ചെന്നൈയോടൊപ്പം, ബാംഗ്ലൂർ, മുംബൈ, ഡൽഹി, മുംബൈ, കൊൽക്കത്ത, അഹ്മദാബാദ് എന്നിവിടങ്ങളിലാണ് മത്സരങ്ങൾ. അഹ്മദാബാദിലെ മൊട്ടേരെ നരേന്ദ്രമോദി സ്റ്റേഡിയത്തിൽ പ്ലേ ഓഫ് മത്സരങ്ങളാണ് കളിക്കുക. മെയ് 30നാണ് ഫൈനൽ.