ക്രിക്കറ്റില്‍ പലതരം പരീക്ഷണങ്ങള്‍ നമ്മള്‍ കണ്ടിട്ടുണ്ടാകും. ബോളര്‍മാരുടെ മനോവീര്യം തകര്‍ക്കാന്‍ വേണ്ടി മാത്രം ചില ബാറ്റ്സ്മാന്‍മാര്‍ നടത്തുന്ന പരീക്ഷണങ്ങളുമുണ്ടാകും. ഇതുപോലൊന്നാണ് കഴിഞ്ഞ ദിവസം ഓസീസ് താരം ജോര്‍ജ് ബെയ്‍ലിയും പയറ്റിയത്.
ബോളര്‍ പന്തെറിയാന്‍ തയ്യാറെടുക്കുമ്പോള്‍ വിക്കറ്റ് കീപ്പര്‍ക്ക് നേരെ തിരിഞ്ഞുനിന്നായിരുന്നു ബെയ്‍ലിയുടെ ബാറ്റിങ്. ബോളറുടെ റണ്ണപ്പ് തീരുന്നതു വരെ ബെയ്‍ലി കീപ്പര്‍ക്ക് നേരെ തന്നെയായിരുന്നു തിരിഞ്ഞുനിന്നത്. ബോളര്‍ പന്തെറിഞ്ഞതിന് പിന്നാലെ തിരിഞ്ഞു ഷോട്ട് ഉതിര്‍ക്കുകയും ചെയ്തു. ആസ്ട്രേലിയന്‍ ഫസ്റ്റ് ക്ലാസില്‍ ടാസ്മാനിയ – വിക്ടോറിയ മത്സരത്തിനിടെയാണ് ബെയ്‍ലി വിചിത്ര ബാറ്റിങ് രീതി പരീക്ഷിച്ചത്. ക്രിസ് ട്രെമെയിനായിരുന്നു ബോളര്‍.
ബെയ്‍ലി, വിക്കറ്റ് കീപ്പര്‍ക്ക് നേരെ തിരിഞ്ഞു നിന്നത് കണ്ട് ഒരു നിമിഷം സംശയിച്ചെങ്കിലും അമ്പയര്‍ അനുമതി കൊടുത്തതോടെ ക്രിസ് പന്തെറിയുകയായിരുന്നു. ഇത് ആദ്യമായല്ല ബെയ്‍ലി ഇത്തരം പരീക്ഷണങ്ങള്‍ നടത്തുന്നത്. അന്താരാഷ്ട്ര മത്സരങ്ങളിലും ബെയ്‍ലിയുടെ ഇത്തരം പരീക്ഷണങ്ങള്‍ക്ക് ബോളര്‍മാര്‍ വിധേയരായിട്ടുണ്ട്.