Cricket Sports

ദക്ഷിണാഫ്രിക്കക്കെതിരായ ടെസ്റ്റ് പരമ്പര; ബുംറ കളിക്കില്ല

ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ടെസ്റ്റ് പരമ്പരയില്‍ പരിക്കു കാരണം ഇന്ത്യയുടെ സ്റ്റാര്‍ ബൗളര്‍ ജസ്പ്രീത് ബുംറ കളിക്കില്ല. പുറംഭാഗത്തേറ്റ പരിക്കാണ് താരത്തിന് വില്ലനായത്. ബുംറയ്ക്കു പകരം പേസര്‍ ഉമേഷ് യാദവിനെ ടീമിലെടുത്തിട്ടുണ്ട്. കളിക്കാര്‍ക്ക് പതിവായി നടത്താറുള്ള പതിവ് റേഡിയോളജിക്കല്‍ സ്‌ക്രീനിങ്ങിനിടെയാണ് ബുംറയുടെ പരിക്ക് ശ്രദ്ധയില്‍പ്പെട്ടത്.

ഒക്ടോബര്‍ രണ്ടിനാണ് ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ആദ്യ ടെസ്റ്റ് തുടങ്ങുന്നത്. ഇതോടെ ഇന്ത്യയില്‍ ടെസ്റ്റ് കളിക്കുകയെന്ന ബുംറയുടെ മോഹം ഇനിയും നീളും. കഴിഞ്ഞ വര്‍ഷം ദക്ഷിണാഫ്രിക്കയ്‌ക്കെതിരേ അരങ്ങേറ്റം കുറിച്ച ശേഷം ബുംറ കളിച്ച 12 ടെസ്റ്റുകളും വിദേശത്തായിരുന്നു. 12 ടെസ്റ്റുകളില്‍ നിന്ന് 62 വിക്കറ്റുകളുമായി റാങ്കിങ്ങില്‍ മൂന്നാം സ്ഥാനത്തുള്ള ടെസ്റ്റ് ബൗളറാണ് ബുംറ. മാത്രമല്ല വിന്‍ഡീസിനെതിരായ കഴിഞ്ഞ പരമ്പരയില്‍ ഹാട്രിക്കും രണ്ട് അഞ്ചു വിക്കറ്റ് പ്രകടനവുമടക്കം മിന്നുന്ന ഫോമിലായിരുന്നു താരം.