Cricket Sports

അടുത്ത വർഷം ടീം ഇന്ത്യ കളിച്ച് കുഴയും; എല്ലാ മാസവും മത്സരങ്ങൾ: 2021ലേക്കുള്ള ഷെഡ്യൂൾ പുറത്ത്

2021ലേക്കുള്ള ഇന്ത്യൻ ക്രിക്കറ്റ് ടീമിൻ്റെ ഷെഡ്യൂൾ പുറത്ത്. ഇടവേളകളില്ലാത്ത ക്രിക്കറ്റ് മത്സരങ്ങളാണ് അടുത്ത വർഷം ഇന്ത്യയെ കാത്തിരിക്കുന്നത്. കൊവിഡ് പശ്ചാത്തലത്തിൽ മാസങ്ങൾ നീണ്ട ഇടവേള ഉണ്ടായതു കൊണ്ട് തന്നെ അതിൽ നിന്നുണ്ടായ സാമ്പത്തിക നഷ്ടം നികത്തുക എന്ന ലക്ഷ്യത്തോടെയാണ് മത്സരക്രമം തീരുമാനിച്ചിരിക്കുന്നത്. അതേസമയം, ബിസിസിഐ ഔദ്യോഗികമായി ഷെഡ്യൂൾ പുറത്തുവിട്ടിട്ടില്ല.

അടുത്ത വർഷം ഇന്ത്യ 14 ടെസ്റ്റുകളും 16 ഏകദിനങ്ങളും 23 ടി-20കളും കളിക്കുമെന്നാണ് റിപ്പോർട്ട്. ഇത് കൂടാതെ, ഐപിഎലും ഏഷ്യാ കപ്പും ടി-20 ലോകകപ്പും ഉണ്ട്. ജനുവരി മുതൽ ഡിസംബർ വരെ എല്ലാ മാസവും മത്സരങ്ങൾ ഉണ്ടാവും. ജനുവരിയിൽ ഇംഗ്ലണ്ടിന് ആതിഥ്യം വഹിച്ചാണ് ഇന്ത്യ 2021 ആരംഭിക്കുക. മാർച്ചിൽ ഐപിഎൽ. ഐപിഎലിനു ശേഷം ശ്രീലങ്കൻ പര്യടനവും ശ്രീലങ്കയിൽ തന്നെ ഏഷ്യാ കപ്പും. അടുത്തത് സിംബാബ്‌വെ, ഇംഗ്ലണ്ട് പര്യടനങ്ങൾ. ഒക്ടോബറിൽ ദക്ഷിണാഫ്രിക്കയുടെ ഇന്ത്യൻ പര്യടനം. അതിനു പിന്നാലെ ഇന്ത്യ തന്നെ ആതിഥ്യം വഹിക്കുന്ന ടി-20 ലോകകപ്പ്. പിന്നീട് ന്യൂസീലൻഡിനെതിരെ ഹോം സീരീസും ഡിസംബറിൽ ദക്ഷിണാഫ്രിക്കൻ പര്യടനവും ഉണ്ടാവും. ഇതോടെയാണ് 2021ലെ മത്സരങ്ങൾ അവസാനിക്കുക.

ഇത്രയധികം മത്സരങ്ങൾ ഉള്ളതുകൊണ്ട് തന്നെ റൊട്ടേഷൻ പോളിസി ഏർപ്പെടുത്താനാണ് ബിസിസിഐയുടെ ലക്ഷ്യം. “ഇത് താരങ്ങൾക്ക് ബുദ്ധിമുട്ടാവുമെന്നറിയാം. പക്ഷേ, ഫ്യൂച്ചർ ടൂർ പ്രോഗ്രാം വാക്ക് പാലിക്കേണ്ടതുണ്ട്. ഇന്ത്യയിൽ ഇപ്പോൾ ഒട്ടേറെ മികച്ച താരങ്ങളുണ്ട്. താരങ്ങൾക്ക് വേണ്ട വിശ്രമം ലഭിക്കുന്നുണ്ടെന്ന് ഞങ്ങൾ ഉറപ്പ് വരുത്തും. ഉറപ്പായും റൊട്ടേഷൻ പോളിസി ഉണ്ടാവും.”- ബിസിസിഐ അംഗം പറഞ്ഞതായി ഇൻസൈഡ് സ്പോർട് റിപ്പോർട്ട് ചെയ്യുന്നു.