Cricket

വെർട്ടിഗോ അസുഖത്താൽ ബുദ്ധിമുട്ടുകയാണെന്ന് സ്റ്റീവ് സ്മിത്ത്; ഇന്ന് കളിക്കുമോ എന്നതിൽ സംശയം

വെർട്ടിഗോ അഥവാ തലചുറ്റൽ അസുഖത്താൽ ബുദ്ധിമുട്ടുകയാണെന്നറിയിച്ച് ഓസീസ് സൂപ്പർ താരം സ്റ്റീവ് സ്മിത്ത്. അഫ്ഗാനിസ്താനെതിരെ ഇന്ന് നടക്കുന്ന മത്സരത്തിനു മുന്നോടിയായി ഇന്നലെ നടത്തിയ വാർത്താസമ്മേളനത്തിലാണ് സ്മിത്ത് ഇക്കാര്യം തുറന്നുപറഞ്ഞത്. അതുകൊണ്ട് തന്നെ താരം ഇന്ന് കളിക്കുമോ എന്നതിൽ വ്യക്തതയില്ല.

ഇന്നലെ പരിശീലനത്തിനിടെ കുറച്ചുസമയം നെറ്റ്സിൽ ബാറ്റ് ചെയ്തെങ്കിലും പിന്നീട് വെർട്ടിഗോയിൽ താരം ബുദ്ധിമുട്ടിയിരുന്നു. നിലത്തേക്കിരുന്ന താരം പിന്നീട് കസേരയിലിരിക്കുകയും വെള്ളം കുടിക്കുകയും ചെയ്യുന്നത് കാണാം. പിന്നീട് നിലത്തേക്ക് കിടക്കുന്ന സ്മിത്ത് പരിശീലനം മതിയാക്കി മടങ്ങുകയും ചെയ്തു. ഈ ദൃശ്യങ്ങൾ ക്രിക്കറ്റ് ഓസ്ട്രേലിയ തന്നെ പങ്കുവച്ചിട്ടുണ്ട്.

ഒരു രോഗം എന്നതിലുപരി രോഗലക്ഷണമാണ് വെർട്ടിഗോ. തലചുറ്റലും ബാലൻസ് ലഭിക്കാതെ വരലുമാണ് വെർട്ടിഗോയുടെ ലക്ഷണങ്ങൾ. ശരീരത്തിൻ്റെ സന്തുലനാവസ്ഥ നഷ്ടപ്പെടുന്നതാണ് വെർട്ടിഗോയ്ക്ക് കാരണം. ചെവിക്കുള്ളിലെ ലാബ്രിൻത് ആണ് പ്രധാനമായും ശരീരത്തിൻ്റെ സന്തുലനാവസ്ഥ നിലനിർത്തുന്നത്. ഇതിനൊപ്പം കണ്ണുകൾ, വിവിധ സന്ധികൾ എന്നിവയിൽ നിന്നുള്ള സന്ദേശങ്ങൾ മസ്തിഷ്കം ഏകോപിപ്പിക്കുന്നതിനാൽ നമുക്ക് ബാലൻസ് ലഭിക്കുന്നു. ഇവയിൽ ഏതിൻ്റെയെങ്കിലും പ്രവർത്തനത്തിൽ പ്രശ്നമുണ്ടായാൽ ബാലൻസ് നിലനിർത്താനാവില്ല. ചെവിയിലെ അണുബാധ മൂലം ലാബ്രിൻതിനുണ്ടാവുന്ന തകരാർ, നട്ടെല്ലിലെ തേയ്മാനം, തലച്ചോറിലെ മുഴകൾ ഇവയൊക്കെ വെർട്ടിഗോയ്ക്ക് കാരണമാവാം.

ഇന്ന് അഫ്ഗാനിസ്താനെതിരായ മത്സരം വിജയിച്ചാൽ ഓസ്ട്രേലിയക്ക് സെമി ഉറപ്പിക്കാം. ഓസ്ട്രേലിയയെ അട്ടിമറിക്കാനായാൽ അഫ്ഗാനിസ്താൻ ന്യൂസീലൻഡിനെ മറികടന്ന് നാലാം സ്ഥാനത്തും എത്തും. മുംബൈ വാംഖഡെ സ്റ്റേഡിയത്തിൽ ഉച്ചകഴിഞ്ഞ് 2 മണിക്കാണ് മത്സരം. ഇതിനകം ഇന്ത്യയും ദക്ഷിണാഫ്രിക്കയുമാണ് സെമിയിൽ പ്രവേശിച്ച ടീമുകൾ.