Cricket

ലോകകപ്പിൽ ഇന്ന് ശ്രീലങ്കയും ഇംഗ്ലണ്ടും നേർക്കുനേർ; രണ്ട് ടീമിനും അതിനിർണായകം

ലോകകപ്പിൽ ഇന്ന് ശ്രീലങ്കയും ഇംഗ്ലണ്ടും തമ്മിൽ ഏറ്റുമുട്ടും. ബെംഗളൂരു ചിന്നസ്വാമി സ്റ്റേഡിയത്തിൽ ഉച്ചക്ക് രണ്ട് മണിക്കാണ് മത്സരം. 4 മത്സരങ്ങളിൽ നിന്ന് ഓരോ ജയം മാത്രമുള്ള ഇരു ടീമിനും ഇന്നത്തെ മത്സരം നിർണായകമാണ്. ഒരു മത്സരം കൂടി പരാജയപ്പെട്ടാൽ ഇരുവരുടെയും സെമി സാധ്യതകൾ ഏറെക്കുറെ അവസാനിക്കും. അതുകൊണ്ട് തന്നെ എന്തു വിലകൊടുത്തും കളി വിജയിക്കുക എന്നതാവും ഇവരുടെ ലക്ഷ്യം.

നിലവിലെ ചാമ്പ്യന്മാരായ ഇംഗ്ലണ്ടിനെ ന്യൂസീലൻഡാണ് ആദ്യം ഞെട്ടിച്ചത്. പിന്നീട് അഫ്ഗാൻ്റെ വക അടുത്ത ഷോക്ക്. ദക്ഷിണാഫ്രിക്കക്കെതിരെ 229 റൺസിന് കീഴടങ്ങിയത് അവരുടെ നെറ്റ് റൺ റേറ്റിലും കാര്യമായ ഇടിവുണ്ടാക്കി. ഇന്നത്തെ കളി വിജയിക്കുക എന്നതിനപ്പുറം ഉയർന്ന മാർജിനിൽ വിജയിക്കുക എന്നതും ഇംഗ്ലണ്ടിൻ്റെ പദ്ധതികളിലുണ്ടാവും. എന്നാൽ, കഴിഞ്ഞ നാല് ലോകകപ്പ് എഡിഷനിൽ ഒരിക്കൽ പോലും ശ്രീലങ്കക്കെതിരെ വിജയിക്കാൻ കഴിഞ്ഞിട്ടില്ല എന്നത് ഇംഗ്ലണ്ടിന് ആശങ്കയാണ്. അന്നത്തെ ശ്രീലങ്കൻ നിരയെക്കാൾ മോശപ്പെട്ട സംഘമാണ് ഇത്തവണ എന്നതുമാത്രമാണ് ഇംഗ്ലണ്ടിൻ്റെ ആത്മവിശ്വാസം. ബെംഗളൂരുവിലെ ബാറ്റിംഗ് പിച്ചിൽ ഇംഗ്ലണ്ടിൻ്റെ വിസ്ഫോടനാത്മക ബാറ്റിംഗ് നിര ശബ്ദിച്ചാൽ അവർക്ക് ജോലി എളുപ്പമാവും. ടീമിൽ ചില മാറ്റങ്ങളുണ്ടായേക്കും.

മറുവശത്ത്, ശ്രീലങ്ക പരുക്ക് കൊണ്ട് വലഞ്ഞിരിക്കുകയാണ്. ശരാശരിയ്ക്ക് താഴെയുള്ള ബൗളിംഗ് നിര അവർക്ക് തിരിച്ചടിയാണ്. കളക്ടീവായി ബാറ്റർമാർ ഭേദപ്പെട്ട പ്രകടനങ്ങളാണ് നടത്തുന്നതെങ്കിലും ബൗളർമാർ അവസരത്തിനൊത്തുയരുന്നില്ല. ബെംഗളൂരുവിൽ ഇത് തുടർന്നാൽ ശ്രീലങ്ക ചിത്രത്തിൽ നിന്ന് പൂർണമായി പുറത്താവും. ശ്രീലങ്കൻ നിരയിൽ കാര്യമായ മാറ്റമുണ്ടായേക്കില്ല.