Cricket Sports

ദക്ഷിണാഫ്രിക്ക പുറത്തായപ്പോൾ പഴി സംവരണത്തിന്; 2016ൽ വന്ന സംവരണത്തിനു മുൻപ് ദക്ഷിണാഫ്രിക്ക എത്ര കപ്പടിച്ചു?

പതിവുപോലെ ദക്ഷിണാഫ്രിക്ക നിർണായക കളിയിൽ ചോക്ക് ചെയ്തു. അവിടെ പഴി സംവരണത്തിനും ബാവുമയ്ക്കും. സംവരണമേ മോശം, ബാവുമ വേസ്റ്റ് എന്ന നറേഷനുകളാണ് പൊതുവെ. ദക്ഷിണാഫ്രിക്കൻ ക്രിക്കറ്റ് ടീം സംവരണത്തെപ്പറ്റി എന്ന മറവിൽ മറ്റ് ന്യൂനപക്ഷ സംവരണത്തെയടക്കം ആക്രമിക്കുന്ന, നനഞ്ഞയിടം കുഴിക്കുന്നവരുമുണ്ട്.

ഏകദിനത്തിൽ 44 ശരാശരിയിൽ 89 സ്ട്രൈക്ക് റേറ്റിൽ കളിക്കുന്ന മനുഷ്യനാണ് ടെംബ ബാവുമ. ഈ ലോകകപ്പ് അയാൾക്ക് നിരാശയുടേതായി. അത് ആർക്കുമുണ്ടാകാവുന്നതാണ്. കോഹ്ലി കുറേ നാൾ ഫോം ഡിപ്പിലായിരുന്നല്ലോ. ജോസ് ബട്ട്ലർ, ബാബർ അസം എന്നിങ്ങനെ വൈറ്റ് ബോൾ ക്രിക്കറ്റിലെ നിലവിലെ ഏറ്റവും നല്ല താരങ്ങൾ, ഒപ്പം അതാത് ദേശീയ ടീം ക്യാപ്റ്റന്മാർ ഈ ലോകകപ്പിൽ നിരാശപ്പെടുത്തി. ഇതിൽ ബാബറിന് പാകിസ്താനിയായതുകൊണ്ട് കുറേ വെറുപ്പ് കിട്ടി. ബട്ലറിന് അത്ര ഉണ്ടായില്ല. ‘പാവം ബട്ലർ, ഫോമൗട്ടായി’ എന്നതാണ് ഒരു പൊതു നറേഷൻ. അതെ. അതാണ് ശരി. ആ വിശദീകരണം ബാവുമയ്ക്ക് എന്തുകൊണ്ട് ലഭിക്കുന്നില്ല. Because, he is black? അതോ കറുത്ത വർഗക്കാരനായതുകൊണ്ട് മാത്രം സംവരണത്തിലൂടെ ദേശീയ ടീമിൽ ലഭിച്ച സ്ഥാനമെന്നതോ?

1998ൽ, കേവലം 25 വർഷം മുൻപ് മഖായ എൻ്റിനിയിലൂടെയാണ് ദക്ഷിണാഫ്രിക്കൻ ക്രിക്കറ്റ് ടീം ഡ്രസിങ് റൂമിൽ ഒരു കറുത്ത വർഗക്കാരൻ കാലുകുത്തുന്നത്. വർഷങ്ങളോളം ഒപ്പം ടീമിൽ കളിച്ചവരിൽ നിന്ന് എൻ്റിനിയ്ക്ക് വിവേചനം ഏൽക്കേണ്ടിവന്നിട്ടുണ്ട്. കാരണം, അയാളുടെ തൊലി കറുത്തതായിരുന്നു. അത് അയാൾ പറഞ്ഞിട്ടുമുണ്ട്. അയാൾ മാത്രമല്ല, ആഷ്‌വെൽ പ്രിൻസ്, ജെപി ഡുമിനി, ഹാഷിം അംല തുടങ്ങി നിരവധി കളിക്കാർ വരേണ്യതയുടെ കുത്തുവാക്കുകളിൽ മുഖം കുനിച്ചിരുന്നിട്ടുണ്ട്. ഇത് അവർ തന്നെ പറഞ്ഞതാണ്.

വെള്ളക്കാർ അടിമകളാക്കിവച്ചിരുന്ന ഒരു ജനതയിലെത്രയോ കറുത്ത വർഗക്കാർ, മിടുക്കന്മാർ തെരുവിൽ ടെന്നീസ് ബോളിൽ മാത്രം ക്രിക്കറ്റ് കളിച്ച് ജീവിതം തീർത്തിട്ടുണ്ടാവും? തങ്ങളുടെ രാജ്യത്തുവന്ന്, തങ്ങളെ ഭരിച്ച്, തങ്ങളുടെ രാജ്യത്തിനു വേണ്ടി അവർ രാജ്യാന്തര തലത്തിൽ മത്സരിക്കുമ്പോൾ റേഡിയോ കമൻ്ററി കേട്ടും പത്രം വായിച്ചും ടെലിവിഷൻ കണ്ടും എത്രയോ കുഞ്ഞുങ്ങൾ ആ ടീമിലൊന്ന് കളിക്കാൻ കൊതിച്ചിട്ടുണ്ടാവും? ആ നിരാശയ്ക്കും നിലയ്ക്കാത്ത പോരാട്ടത്തിനുമൊടുവിൽ, 94ൽ അപ്പാർത്തീഡ് അവസാനിച്ചതുകൊണ്ട് മാത്രം കറുത്ത വർഗക്കാർക്ക് മുഖം ലഭിച്ച ഒരു ടീമാണ് ദക്ഷിണാഫ്രിക്ക. 98ൽ എൻ്റിനി കളിച്ചെങ്കിലും സംവരണം വരാൻ പിന്നെയും സമയമെടുത്തു. 2016ൽ, വെറും ഏഴ് വർഷം മുൻപാണ് ക്രിക്കറ്റ് ടീമിൽ സംവരണം വന്നത്. 2021ൽ ടീമിൻ്റെ നായകനായ ബാവുമയാണ് ദക്ഷിണാഫ്രിക്കൻ ടീമിലെ ആദ്യ കറുത്ത വർഗക്കാരനായ ക്യാപ്റ്റൻ.

വെറും ഏഴ് വർഷം മുൻപ് മാത്രം നിയമത്തിൽ വന്ന ക്രിക്കറ്റ് ടീമിലെ സംവരണത്തിൻ്റെ പേരിൽ ഇത്ര അസഹിഷ്ണുതയെങ്കിൽ അവസരങ്ങളുണ്ടായിട്ടും നിറം കറുത്തുപോയതിനാൽ ടീമിലിടം കിട്ടാതിരുന്ന കറുത്ത വർഗക്കാർ എത്ര അസഹിഷ്ണുതയുള്ളവരാവണം? ഇക്കാലമത്രയും ക്രിക്കറ്റ് കളിച്ചിട്ട്, 1998 വരെ വെള്ളക്കാർ മാത്രം കളിച്ചിട്ട്, 2021 വരെ വെള്ളക്കാർ മാത്രം നയിച്ചിട്ട് അവർക്ക് ഇന്നുവരെ ഒരു ലോകകപ്പ് കിട്ടിയിട്ടുണ്ടോ? അതൊക്കെ അപ്പോൾ ആരുടെ പിഴവാണ്? അതൊക്കെ വെള്ളക്കാർ നയിച്ചതുകൊണ്ട് കിട്ടാത്തതാണെന്ന് പറയാൻ കഴിയുമോ?

ബാവുമ അത്ര മോശം ക്യാപ്റ്റനല്ല. സെമിയിൽ അയാൾ വരുത്തിയ ഒരേയൊരു പിഴവ് കേശവ് മഹാരാജിനെ നേരത്തെ കൊണ്ടുവന്നില്ലെന്നത് മാത്രമാണ്. അത് ഇടങ്കയ്യന്മാർക്കെതിരെ ലെഫ്റ്റ് ആം സ്പിന്നർ ഒരു ഫേവറബിൾ മാച്ചപ്പല്ല എന്നതുകൊണ്ടാവാം. തുടക്കത്തിൽ തന്നെ ബാക്ക്ഫൂട്ടിലായിട്ടും, 6 ഓവറിൽ 60 ഉം 14 ഓവറിൽ 106ഉം വഴങ്ങിയിട്ടും കേവലം 212 റൺസ് വച്ച് കളി 48ആം ഓവർ വരെ കൊണ്ടുപോകാൻ അയാൾക്ക് കഴിഞ്ഞു. അറ്റാക്കിംഗ് ഫീൽഡിട്ട് ലബുഷെയ്നെ പുറത്താക്കിയതു പിന്നിൽ ബാവുമയുടെ തലച്ചോറായിരുന്നു. ടീമിലെ പ്രധാന ബൗളർ കഗീസോ റബാഡയ്ക്ക് പരുക്ക് പറ്റിയതും മറ്റൊരു പ്രധാന ബൗളർ മാർക്കോ യാൻസൻ ഓഫ് ഡേ ആയതും അയാളുടെ പദ്ധതികളെ തകിടം മറിച്ചു. കൈവിട്ട ക്യാച്ചുകൾ, മീറ്ററുകൾ മാത്രം അകലെ വീണ എഡ്ജുകൾ. ദക്ഷിണാഫ്രിക്കയ്ക്ക് വീണ്ടും നിർഭാഗ്യത്തിൻ്റെ അകമ്പടിയുണ്ടായിരുന്നു.

ടീം പരാജയപ്പെടുമ്പോൾ ക്യാപ്റ്റന്മാർ ക്രൂശിക്കപ്പെടുന്നത് സാധാരണയാണ്. ബാബർ അസം രാജിവച്ചു, ബട്ലർ തന്നെ പുറത്താക്കരുതെന്ന് പറയാതെ പറഞ്ഞു. ഇവർക്കെതിരെയൊക്കെ വിമർശനങ്ങളുയരുന്നുണ്ട്. ഫൈനലിൽ ഇന്ത്യ തോറ്റാൽ രോഹിതിനെതിരെയും വാളുയരും. എന്നാൽ, ദക്ഷിണാഫ്രിക്ക പരാജയപ്പെടുമ്പോൾ ബാവുമയുടെ നിറം, സംവരണമൊക്കെ എങ്ങനെ ചർച്ചകളിലേക്ക് വരുന്നു എന്നതാണ് ചോദ്യം. അയാളൊരു മോശം ക്യാപ്റ്റനാണെന്ന് അഭിപ്രായമുള്ളവർ കാണും. അതിനെ അംഗീകരിക്കുന്നു. എന്നാൽ, അയാൾ സംവരണം വഴി വന്നതിനാൽ മോശമാണെന്ന അഭിപ്രായം ആഭാസമാണ്.