Cricket Sports

ഇന്ത്യക്കെതിരെ ബംഗ്ലാദേശിന് ചരിത്രജയം; ഗാംഗുലിയുടെ പ്രതികരണം ഇങ്ങനെ…

വായു മലിനീകരണം രൂക്ഷമായ ഡല്‍ഹിയില്‍ ആരോഗ്യ അടിയന്തരാവസ്ഥ നിലനില്‍ക്കുന്ന സാഹചര്യത്തിലും പരമ്പരയിലെ ആദ്യ ട്വന്റി 20 മത്സരം കളിക്കാന്‍ തയ്യാറായ ഇന്ത്യ – ബംഗ്ലാദേശ് ടീമുകള്‍ക്ക് നന്ദി അറിയിച്ച് ബി.സി.സി.ഐ അധ്യക്ഷന്‍ സൌരവ് ഗാംഗുലി. അന്തരീക്ഷ മലിനീകരണം രൂക്ഷമായ ഡല്‍ഹിയില്‍ കളിക്കാന്‍ തയ്യാറായ ഇരു ടീമുകളോടും നന്ദി പറയുന്നതായും ചരിത്രവിജയം സ്വന്തമാക്കിയ ബംഗ്ലാദേശിന് ആശംസകള്‍ നേര്‍ന്നുമാണ് ഗാംഗുലിയുടെ ട്വീറ്റ്. ബംഗ്ലാദേശിനെതിരെ ടി-20 ചരിത്രത്തിലെ ഇന്ത്യയുടെ ആദ്യ തോല്‍വിയാണ് ‍ഡല്‍ഹിയില്‍ വഴങ്ങിയത്.

ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 20 ഓവറിൽ 6 വിക്കറ്റ് നഷ്ടത്തിൽ 148 റൺസെടുത്തു. ബാറ്റിങ് നിരയില്‍ ടോപ് സ്കോററായ ശിഖര്‍ ധവാന്‍ 41 റണ്‍സ് നേടാന്‍ നേരിട്ടത് 42 പന്തുകള്‍. നേരിട്ട ആദ്യ പന്തിൽ ബൗണ്ടറിയടിച്ച് തുടങ്ങിയ ക്യാപ്റ്റൻ രോഹിത് ശർമ്മ ആ ഓവറിലെ അവസാന പന്തിൽ തന്നെ പുറത്തായി. മൂന്നാം നമ്പറിലിറങ്ങിയ രാഹുൽ രണ്ടാം വിക്കറ്റിൽ ശിഖർ ധവാനൊപ്പം പിടിച്ചു നിൽക്കാൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല. മൂന്നാം വിക്കറ്റിൽ ശ്രേയാസ് അയ്യർ ഇറങ്ങിയതോടെയാണ് സ്കോര്‍ ബോര്‍ഡ് ചലിച്ചു തുടങ്ങിയത്. അയ്യർ ധവാനൊപ്പം മൂന്നാം വിക്കറ്റിൽ 34 റൺസ് കൂട്ടിച്ചേർത്തു. അവസാന ഓവറുകളില്‍ പാണ്ഡ്യയും വാഷിങ്ടണ്‍ സുന്ദറും ചേര്‍ന്നാണ് സ്കോര്‍ 140 കടത്തിയത്.

മറുപടി ബാറ്റിങിനിറങ്ങിയ ബംഗ്ലാദേശിനു വേണ്ടി സൌമ്യ സര്‍ക്കാറും മുഷ്ഫിഖുര്‍ റഹീമും ചേര്‍ന്നുള്ള മൂന്നാം വിക്കറ്റ് പാര്‍ട്ണര്‍ഷിപ്പാണ് വിജയത്തിലേക്ക് നയിച്ചത്. മൂന്നാം വിക്കറ്റില്‍ 60 റണ്‍സ് പാര്‍ട്ണര്‍ഷിപ്പ് ആണ് ഇരുവരും ചേര്‍ന്ന നേടിയത്. 114 റണ്‍സിലെത്തിയപ്പോഴേക്കും സൌമ്യ സര്‍ക്കാര്‍ പുറത്തായെങ്കിലും മുഷ്ഫിഖുര്‍ റഹീമും മഹ്മുദുള്ളയും കൂടെ ടീമിനെ വിജയ തീരത്തിലെത്തിക്കുകയായിരുന്നു.