Cricket Sports

ഇന്ത്യ-പാക്ക് പരമ്പര തുടങ്ങുമോ? ഗാംഗുലിയുടെ മറുപടി…

ഇന്ത്യ-പാക് ഉഭയകക്ഷി ക്രിക്കറ്റ് ബന്ധം പുനഃസ്ഥാപിക്കുന്നതിന് ഇന്ത്യന്‍ ഭരണകൂടത്തിന്റെ അനുമതി ലഭിച്ചാല്‍ മാത്രമേ നീക്കമുണ്ടാവുകയുള്ളെന്ന് ബി.സി.സിഐ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട സൗരവ് ഗാംഗുലി. ഇന്ത്യ– പാക്കിസ്ഥാൻ പരമ്പരകൾ വീണ്ടും ആരംഭിക്കുമോയെന്ന മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് നിങ്ങള്‍ ഈ ചോദ്യം ചോദിക്കേണ്ടത് മോദിയോടും, പാക് പ്രധാനമന്ത്രിയോടുമാണെന്നും ഗാംഗുലി പറഞ്ഞു.

പാകിസ്ഥാനുമായി ഉഭയകക്ഷി ക്രിക്കറ്റ് പരമ്പര ആരംഭിക്കണമെങ്കില്‍ സര്‍ക്കാരിന്റെ അനുമതി വേണം. രാജ്യാന്തര മത്സരങ്ങള്‍ക്കെല്ലാം കേന്ദ്ര സര്‍ക്കാരിന്റെ അനുമതി വേണ്ടതുണ്ട്. അതുകൊണ്ട് പാകിസ്ഥാനെതിരായ പരമ്പരയുടെ കാര്യത്തില്‍ ഇപ്പോള്‍ നമുക്ക് ഒന്നും പറയാനാവില്ല, ഗാംഗുലി വ്യക്തമാക്കി.

ഇംഗ്ലണ്ടില്‍ നടന്ന ഏകദിന ലോകകപ്പിലാണ് ഇന്ത്യയും പാക്കിസ്ഥാനും അവസാനമായി ഏറ്റുമുട്ടിയത്. അവസാനമായി ഇന്ത്യ– പാക്കിസ്ഥാൻ ക്രിക്കറ്റ് പരമ്പര നടന്നത് 2012ലും. കശ്മീരിലെ പുൽവാമയിലുണ്ടായ ഭീകരാക്രമണത്തിൽ 40 സിആർ‌പിഎഫ് ജവാന്മാർ വീരമൃത്യു വരിച്ചതോടെ ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം കൂടുതൽ വഷളായി. ലോകകപ്പ് ക്രിക്കറ്റിൽ പാക്കിസ്ഥാനെതിരായ മൽസരത്തിൽനിന്ന് ഇന്ത്യ പിന്‍മാറണമെന്ന് ആവശ്യമുയർന്നിരുന്നു. എന്നാൽ പാക്കിസ്ഥാനെതിരെ കളിക്കാൻ ടീം തീരുമാനിക്കുകയായിരുന്നു.

ഈ മാസം 23 നാണ് ഗാംഗുലി ബിസിസിഐ പ്രസിഡന്റായി അധികാരമേൽക്കുന്നത്. അടുത്ത വർഷം സെപ്റ്റംബർ വരെയാണ് കാലാവധി.