Entertainment

പാട്ടിലും ട്രോള്‍, ട്രോള്‍ മഴ തീരാതെ പാലാരിവട്ടം പാലം!

ഉദ്ഘാടനം കഴിഞ്ഞ് രണ്ട് വർഷം കൊണ്ട് ഗതാഗത യോഗ്യമല്ലാതായി മാറിയ പാലാരിവട്ടം പാലം കുറേ നാളുകളായി വാര്‍ത്തകളിലും ട്രോളുകളിലും ഇടം നേടിയിരുന്നു. പല പരസ്യങ്ങളിലടക്കം ആക്ഷേപഹാസ്യേന പാലാരിവട്ടം പാലം നിറഞ്ഞിരുന്നു. സന്ദർഭോചിതമായ പരസ്യങ്ങളും ട്രോളുകളുമായി പാലാരിവട്ടം പാലം സമൂഹമാധ്യമങ്ങളില്‍ ചിരി പടര്‍ത്തിയതിനു ശേഷമാണ് ട്രോളിന്‍റെ മറ്റൊരു മുഖവുമായി പാലാരിവട്ടം പാലത്തെക്കുറിച്ചുള്ള പാട്ടു വരുന്നത്. രമ്യ സര്‍വദ ദാസ് രചനയും സംഗീതവും ആലാപനവും നിര്‍വഹിച്ച ഗാനം സി.ആര്‍.സി പ്രൊഡക്ഷന്‍സാണ് പുറത്തിറക്കിയത്

ഗതാഗതകുരുക്ക് നിയന്ത്രിക്കാന്‍ നിർമ്മിച്ച പാലം കള്ളുകുടിയന്മാരുടെ കേന്ദ്രമായതിനെപ്പറ്റിയും, മഴ നനയാതെ നാട്ടുകാര്‍ക്ക് കയറിനിൽക്കാനുള്ള ഇടമായി മാത്രം ചുരുങ്ങിയതിനെപ്പറ്റിയും പാട്ടിലൂടെ വിമര്‍ശനം ഉന്നയിക്കുന്നുണ്ട്. സമകാലിക പ്രസക്തി കൊണ്ടും വ്യത്യസ്തമായ ആലാപന ശൈലി കൊണ്ടും ഗാനം സമൂഹമാധ്യമങ്ങളില്‍ ഏറെ പ്രസക്തി നേടുകയാണ്.

പാലാരിവട്ടം പാലം പഞ്ചവടിപ്പാലമാകുമോ എന്ന് ഹൈക്കോടതി പോലും ചോദിച്ചിരുന്നു. മലയാളത്തിലെ മികച്ച രാഷ്ട്രീയ ആക്ഷേപഹാസ്യ സിനിമയായിരുന്നു ‘പഞ്ചവടിപ്പാലം’. അഴിമതിക്കാരനായ പഞ്ചായത്ത് പ്രസിഡന്‍റിന്‍റെ ഇടപെടലിനെ തുടര്‍ന്ന് പഞ്ചായത്തിൽ ആദ്യമായി നിർമിച്ച പാലം, ഉദ്ഘാടനത്തിന്‍റെ അന്നുതന്നെ പൊളിഞ്ഞു വീഴുന്നതാണ് സിനിമയുടെ കഥാ തന്തു.

അങ്ങനെ പാലത്തെക്കുറിച്ചുള്ള ട്രോളിന്‍റെ ശ്രേണിയില്‍ ഇടം പിടിച്ചിരിക്കുകയാണ് രമ്യ രമ്യ സര്‍വദ ദാസിന്‍റെ പാട്ടും!