Cricket Sports

രവി ശാസ്ത്രിക്കെതിരെ നടപടിയെടുക്കില്ല; ടെസ്റ്റ് റദ്ദാക്കിയത് ഐപിഎലിനു വേണ്ടിയല്ല: സൗരവ് ഗാംഗുലി

ഇംഗ്ലണ്ടിനെതിരായ അവസാന ടെസ്റ്റ് പരമ്പര റദ്ദാക്കിയതിൽ വിശദീകരണവുമായി ബിസിസിഐ പ്രസിഡൻ്റ് സൗരവ് ഗാംഗുലി. ബബിളിനു പുറത്ത് പുസ്തക പ്രകാശനം സംഘടിപ്പിച്ച് രവി ശാസ്ത്രിക്കെതിരെ നടപടിയെടുക്കില്ലെന്ന് ഗാംഗുലി വ്യക്തമാക്കി. ടെസ്റ്റ് റദ്ദാക്കിയത് ഐപിഎലിനു വേണ്ടിയല്ലെന്നും താരങ്ങൾ പേടിച്ചിരുന്നു എന്നും ഗാംഗുലി അറിയിച്ചു. (sourav ganguly england test)

ടെസ്റ്റ് മത്സരം റദ്ദാക്കേണ്ടതാണെന്ന് ഗാംഗുലി വ്യക്തമാക്കി. മത്സരം മാറ്റിവെക്കുകയല്ല വേണ്ടത്. അടുത്ത വർഷത്തെ പര്യടനത്തിൽ ഇത് ഒരു ടെസ്റ്റ് ആയി നടത്താം. ക്യാമ്പിൽ കൊവിഡ് ബാധ റിപ്പോർട്ട് ചെയ്തതോടെ താരങ്ങൾ ഭയപ്പാടിലായിരുന്നു. അതുകൊണ്ടാണ് മത്സരം റദ്ദാക്കാൻ തീരുമാനിച്ചത്. കളിക്കാരെ കുറ്റം പറയാനാവില്ല. ടീം ഫിസിയോ യോഗേഷ് പർമാറുമായി എല്ലാവരും അടുത്ത് ഇടപഴകിയിരുന്നു. അദ്ദേഹത്തിന് കൊവിഡ് ബാധിച്ചു എന്ന വിവരം താരങ്ങളെ തകർത്തുകളഞ്ഞെന്നും ഗാംഗുലി പറഞ്ഞു.

ഇന്ത്യക്കെതിരായ അവസാന ടെസ്റ്റ് മത്സരം റദ്ദാക്കിയതുമായി ബന്ധപ്പെട്ടുള്ള അന്തിമ തീരുമാനത്തിനായി ഇംഗ്ലണ്ട് ക്രിക്കറ്റ് ബോർഡ് രാജ്യാന്തര ക്രിക്കറ്റ് കൗൺസിലിലെ സമീപിച്ചിരിക്കുകയാണെന്നാണ് റിപ്പോർട്ട്. അവസാന ടെസ്റ്റിൻ്റെ ഫലം തീരുമാനിക്കണമെന്ന് ആവശ്യപ്പെട്ടാണ് ഇസിബി ഐസിസിയെ സമീപിച്ചിരിക്കുന്നത്. ഇന്ത്യൻ ക്യാമ്പിൽ മുഖ്യ പരിശീലകൻ രവി ശാസ്ത്രി ഉൾപ്പെടെ സപ്പോർട്ട് സ്റ്റാഫുകൾക്ക് കൊവിഡ് ബാധിച്ച സാഹചര്യത്തിൽ ഇന്ത്യൻ താരങ്ങളുടെ അഭ്യർത്ഥന പ്രകാരമാണ് അവസാന ടെസ്റ്റ് റദ്ദാക്കിയത്. ഇസിബിയുടെ തീരുമാനം അന്തിമമാവുന്നതിനു മുൻപുള്ള ഗാംഗുലിയുടെ വെളിപ്പെത്തൽ പുതിയ ചർച്ചകൾക്ക് വഴിതെളിച്ചിട്ടുണ്ട്.

കൊവിഡ് ഭീതി നിലനിൽക്കുന്നതിനാൽ അവസാന ടെസ്റ്റിൽ കളിക്കാനിറങ്ങാൻ സാധിക്കില്ലെന്ന് ഇന്ത്യൻ താരങ്ങൾ അറിയിച്ചതിനെ തുടർന്നാണ് മത്സരം റദ്ദാക്കിയത്. മത്സരം റദ്ദാക്കിയെന്നും പരമ്പര 2-2 എന്ന നിലയിൽ സമനില ആയെന്നും ആദ്യം ഇംഗ്ലണ്ട് ആൻഡ് വെയിൽസ് ക്രിക്കറ്റ് ബോർഡ് ട്വീറ്റ് ചെയ്തു. പിന്നീട് ഇത് തിരുത്തി മത്സരം 2-1 എന്ന നിലയിൽ നിൽക്കുകയാണെന്നറിയിച്ചു.

രവി ശാസ്ത്രിക്കും സഹ പരിശീലകർക്കും പിന്നാലെ ഇന്ത്യൻ ടീമിലെ മറ്റൊരു സപ്പോർട്ട് സ്റ്റാഫിന് കൂടി കൊവിഡ് സ്ഥിരീകരിച്ചതാണ് ടെസ്റ്റ് റദ്ദാക്കുന്നതിലേക്ക് കാര്യങ്ങൾ എത്തിച്ചത്. ഫിസിയോ യോഗേഷ് പർമർക്കാണ് അവസാനം കൊവിഡ് സ്ഥിരീകരിച്ചത്.