Cricket Sports

‘ചില പാകിസ്ഥാൻ കളിക്കാർക്ക് എന്റെ പ്രകടനം ദഹിക്കുന്നില്ല’; രൂക്ഷ വിമർശനവുമായി ഷമി

മുൻ പാക് താരങ്ങൾക്കെതിരെ ആഞ്ഞടിച്ച് ഇന്ത്യൻ പേസർ മുഹമ്മദ് ഷമി. ചില കളിക്കാർക്ക് തൻ്റെ ബൗളിംഗ് ദഹിക്കുന്നില്ല. തങ്ങളാണ് ഏറ്റവും മികച്ചതെന്നാണ് അവർ സ്വയം കരുതുന്നത്. എന്നാൽ കൃത്യസമയത്ത് മുഴുവൻ കഴിവും പുറത്തെടുക്കുന്നവരാണ് മികച്ചവരെന്നും ഷമി പറഞ്ഞു. ലോകകപ്പിൽ ഇന്ത്യക്ക് പ്രത്യേക പന്ത് നൽകിയെന്നടക്കമുള്ള വിമർശനങ്ങൾക്ക് മറുപടി പറയുകയായിരുന്നു ഇന്ത്യൻ പേസർ.

‘ഒരു കാരണവുമില്ലാതെ ചിലർ വിവാദം ഉണ്ടാക്കുകയാണ്. വ്യത്യസ്ത കമ്പനികളിൽ നിന്ന് വ്യത്യസ്തമായ പന്തുകൾ ഞങ്ങൾക്ക് ലഭിക്കുന്നുണ്ടെന്ന് നിങ്ങൾ പറയുന്നു. ക്രിക്കറ്റ് മത്സരങ്ങളിൽ എങ്ങനെയാണ് പന്ത് തെരഞ്ഞെടുക്കുന്നതെന്ന് വസീം അക്രം വ്യക്തമാക്കിയതാണ്. ഒരു കളിപോലും കളിക്കാത്തവർ ഇങ്ങനെ പറയുമ്പോൾ നമുക്ക് മനസ്സിലാകും. പക്ഷേ ഒരു മുൻ കളിക്കാരൻ തന്നെ ഈ വിഡ്ഢിത്തം പറയുമ്പോൾ, ആളുകൾ ചിരിക്കും. ഇതിൽ നിന്ന് പാഠം പഠിക്കൂ..’- ഷമി പറഞ്ഞു.

‘എനിക്ക് ആരോടും അസൂയയില്ല. മറ്റുള്ളവരുടെ വിജയം ആസ്വദിക്കാൻ പഠിച്ചാൽ നിങ്ങൾക്ക് മികച്ച കളിക്കാരനാകാം. ലോകകപ്പിന്റെ തുടക്കത്തിൽ ഞാൻ കളിച്ചിരുന്നില്ല. ഞാൻ കളിക്കാൻ തുടങ്ങിയപ്പോൾ, ആദ്യം അഞ്ച് വിക്കറ്റ് വീഴ്ത്തി, പിന്നീട് നാല്, പിന്നെ മറ്റൊരു അഞ്ച് വിക്കറ്റ്. ചില പാക് താരങ്ങൾക്ക് ഇത് ദഹിക്കുന്നില്ല. കൃത്യസമയത്ത് പ്രകടനം നടത്തുന്നവനാണ് ഏറ്റവും മികച്ചത്’-ഷമി കൂട്ടിച്ചേർത്തു.

ഓസ്‌ട്രേലിയയ്‌ക്കെതിരായ ലോകകപ്പ് ഫൈനലിൽ തോറ്റെങ്കിലും ടൂർണമെന്റിലുടനീളം ഇന്ത്യ മികച്ച പ്രകടനമാണ് നടത്തിയത്. ടൂർണമെന്റിൽ ഷമിയായിരുന്നു ഇന്ത്യയുടെ ഹീറോ. 24 വിക്കറ്റ് വീഴ്ത്തി, ടൂർണമെന്റിലെ ഏറ്റവും കൂടുതൽ വിക്കറ്റ് നേടിയ ബൗളറായിരുന്നു ഷമി. ടൂർണമെന്റിലെ ആദ്യ നാല് മത്സരങ്ങൾ ഷമി കളിച്ചിരുന്നില്ല. പക്ഷേ ബംഗ്ലാദേശിനെതിരായ ലീഗ് മത്സരത്തിനിടെ ഹാർദിക് പാണ്ഡ്യ പരിക്കേറ്റ് ലോകകപ്പിൽ നിന്ന് പുറത്തായി. ഇതോടെ പ്ലാൻ ബിയിലേക്ക് മാറുകയല്ലാതെ ഇന്ത്യയ്ക്ക് മറ്റ് മാർഗമില്ലായിരുന്നു. ഇതോടെയാണ് ഷമി ടീമിൽ ഇടം നേടിയത്.