Cricket Sports

സച്ചിന്റെ 30 വര്‍ഷം പഴക്കമുള്ള റെക്കോര്‍ഡ് തകര്‍ത്ത് ഷഫാലി

ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കറുടെ അവസാന ആഭ്യന്തര മത്സരം കാണാന്‍ അച്ഛന്റെ കയ്യില്‍ തൂങ്ങി ബന്‍സി ലാല്‍ സ്റ്റേഡിയത്തില്‍ എത്തിയതായിരുന്നു ഷഫാലി വര്‍മ. അന്ന് ഒമ്പതുകാരിയായ അവളെ ആര്‍ക്കും തന്നെ അറിയില്ലായിരുന്നു. ആര്‍ത്തിരമ്പുന്ന കാണികള്‍ക്കിടയില്‍ അവളുടെ ശബ്ദവും മുഴങ്ങി. സച്ചിന്‍…. സച്ചിന്‍…. 2013 ലായിരുന്നു തന്റെ ഹീറോയുടെ കളി കാണാന്‍ അവള്‍ ആള്‍ക്കൂട്ടത്തിനിടയില്‍ ഇരുന്നത്. ആറു വര്‍ഷങ്ങള്‍ക്കിപ്പുറം ഷഫാലിയുടെ സ്ഥാനം കാണികള്‍ക്കിടയിലല്ല, പകരം മൈതാനത്താണ്. ഇന്ത്യന്‍ വനിതാ ടീമില്‍ അംഗം. ഇന്ന് അവള്‍ക്ക് പ്രായം 15 വയസും 285 ദിവസവും.

ഷഫാലിയുടെ ജീവിതത്തിലെ ഏറ്റവും വലിയ അഭിമാന മുഹൂര്‍ത്തമായിരുന്നു കഴിഞ്ഞ ദിവസം. കാരണം വേറൊന്നുമല്ല, താന്‍ ആരാധിച്ചിരുന്ന സച്ചിന്‍ എന്ന ക്രിക്കറ്റ് ഇതിഹാസത്തിന്റെ 30 വര്‍ഷം പഴക്കമുള്ള റെക്കോര്‍ഡാണ് അവള്‍ തകര്‍ത്തത്. അന്താരാഷ്ട്ര ക്രിക്കറ്റില്‍ അര്‍ധ സെഞ്ച്വറി നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ ഇന്ത്യന്‍ താരമെന്ന റെക്കോര്‍ഡാണ് ഷഫാലി സ്വന്തമാക്കിയത്. 30 വര്‍ഷം മുമ്പ് സച്ചിന്‍ സ്ഥാപിച്ച റെക്കോര്‍ഡ് ഇതോടെ പഴങ്കഥയായി. സെന്റ് ലൂസിയയിൽ വെസ്റ്റിൻഡീസിനെതിരായ ആദ്യ ടി 20 മത്സരത്തിലാണ് ഷഫാലി തന്റെ കന്നി അര്‍ധ സെഞ്ച്വറി കുറിച്ചത്. അന്താരാഷ്ട്ര ക്രിക്കറ്റില്‍ സച്ചിൻ തന്റെ ആദ്യ അര്‍ധ ശതകം പൂര്‍ത്തിയാക്കിയപ്പോള്‍ പ്രായം 16 വയസും 214 ദിവസവും ആയിരുന്നു. 1989 നവംബർ 23 ന് ഫൈസലാബാദിൽ നടന്ന രണ്ടാം ടെസ്റ്റിൽ പാകിസ്താനെതിരെയായിരുന്നു സച്ചിന്‍ തന്റെ ആദ്യ അര്‍ധ സെഞ്ച്വറി നേടിയത്.

ഇതേസമയം, അന്താരാഷ്ട്ര ക്രിക്കറ്റില്‍ 50 റൺസ് നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ വനിതയാണ് യു.എ.ഇയുടെ കവിഷ എഗോഡേജ്. 15 വയസും 267 ദിവസവുമായിരുന്നു അന്ന് കവിഷയുടെ പ്രായം. 2019 ജനുവരിയിൽ മലേഷ്യയ്‌ക്കെതിരെയായിരുന്നു കവിഷയുടെ അര്‍ധ ശതകം പിറന്നത്.