Cricket

രോഹിത് ശര്‍മയ്ക്ക് വിശ്രമം, സഞ്ജു ടീമില്‍?

മുംബൈ: ഇന്ത്യയും ബംഗ്ലാദേശും തമ്മിലുള്ള ഡേ നൈറ്റ് ടെസ്റ്റിന് തൊട്ടുമുമ്ബായി, ഇന്ന് വിന്‍ഡീസ് പരമ്ബരയ്ക്കുള്ള ഇന്ത്യന്‍ ടീമുകളെ പ്രഖ്യാപിക്കും. ഏകദിന, ടി20 പരമ്ബരകള്‍ക്കുള്ള ടീമിനെയാണ് പ്രഖ്യാപിക്കുക. നായകന്‍ വിരാട് കോഹ്ലിയുടെ അഭാവത്തില്‍ ഇന്ത്യന്‍ ടീമിനെ നയിച്ച ഉപനായകന്‍ രോഹിത് ശര്‍മയ്ക്ക് വിശ്രമം നല്‍കാന്‍ സാധ്യതയുണ്ട്. അതേസമയം, നിലവിലെ മുഖ്യ സെലക്ടര്‍ എം.എസ്.കെ.പ്രസാദിന്റെ അധ്യക്ഷതയില്‍ നടക്കുന്ന അവസാന യോഗമായിരിക്കും ഇന്നത്തേത്.

വെസ്റ്റ് ഇന്‍ഡീസിനെതിരെ മൂന്ന് ടി20 കളും മൂന്ന് ഏകദിനങ്ങളുമാണ് പരമ്ബരയ്ക്കുള്ളത്. ആദ്യ ടി20 ഡിസംബര്‍ ആറിന് മുംബൈയിലാണ് നടക്കുക. രണ്ടാമത്തെ മത്സരം കാര്യവട്ടത്താണ് അരങ്ങേറുക. ഡിസംബര്‍ 15ന് ചെന്നൈയിലാണ് പരമ്ബരയിലെ ആദ്യ ഏകദിനം നടക്കുക.

ഈ വര്‍ഷം കോഹ്ലിയേക്കാള്‍ കൂടുതല്‍ മത്സരങ്ങള്‍ ഇന്ത്യയ്ക്കായി ഏകദിനത്തിലും ടി20യിലും രോഹിത് ശര്‍മ കളിച്ചിട്ടുണ്ട്. 11 ടി20 കളും 25 ഏകദിനങ്ങളുമാണ് രോഹിത് കളിച്ചത്. കോഹ്ലിയേക്കാള്‍ നാല് ടി20 കളും മൂന്ന് ഏകദിനങ്ങളുമാണ് രോഹിത് കളിച്ചത്. അതിനാല്‍ രോഹിത്തിന് വിശ്രമം അനുവദിക്കാനാണ് സാധ്യത. ഓപ്പണര്‍ ശിഖര്‍ ധവാന്റെ കാര്യത്തിലും ആശങ്ക നിലനില്‍ക്കുന്നുണ്ട്. മോശം ഫോമാണ് ഗബ്ബറിന് തിരിച്ചയാകുന്നത്.

ധവാന് പകരം മായങ്ക് അഗര്‍വാളോ കെ.എല്‍ രാഹുലോ ഓപ്പണിങ്ങില്‍ പരിഗണിക്കപ്പെട്ടേക്കും. മായങ്കിന്റെ ടെസ്റ്റിലെ മിന്നും പ്രകടനം താരത്തിന് അനുകൂലമാണ്. അതേസമയം, ബംഗ്ലാദേശിനെതിരെ തിളങ്ങിയ രാഹുലിനെ പരിഗണിക്കുന്നതില്‍ സെലക്ടര്‍മാര്‍ മടികാണിക്കില്ലെന്നുറപ്പാണ്. ഹാര്‍ദിക് പാണ്ഡ്യ, ജസ്പ്രീത് ബുംറ, നവദീപ് സെയ്‌നി, ഭുവേനേശ്വര്‍ കുമാര്‍ എന്നിവര്‍ പരുക്കിന്റെ പിടിയിലാതിനാല്‍ പരിഗണിക്കാന്‍ സാധ്യതയില്ല.

ശിവം ദൂബെയും ഷാര്‍ദുല്‍ ഠാക്കൂറും വാഷിങ്ടണ്‍ സുന്ദറും ക്രുണാല്‍ പാണ്ഡ്യയും ടീമിലുണ്ടാകാനും സാധ്യതയുണ്ട്. അതേസമയം ബംഗ്ലാദേശിനെതിരായ പരമ്ബരയില്‍ ടീമില്‍ ഇടം നേടിയിട്ടും പ്ലെയിങ് ഇലവനിലെത്താന്‍ സാധിക്കാതിരുന്ന സഞ്ജുവിനെ ഇന്ന് പരിഗണിക്കുമോ എന്നാണ് ആരാധകര്‍ ഉറ്റുനോക്കുന്നത്. താരത്തിന് ഒരവസരമെങ്കിലും നല്‍കാതിരിക്കുന്നത് സെലക്ഷന്‍ കമ്മിറ്റിയ്‌ക്കെതിരെ ആരാധകര്‍ക്കിയിലുള്ള എതിര്‍പ്പ് ശക്തമാക്കും.