Entertainment

“അന്ന് മോഹന്‍ലാലിനും മമ്മൂട്ടിക്കും അറിയില്ലായിരുന്നു ഇങ്ങനെയാകുമെന്ന്”

മോഹന്‍ലാലും മമ്മൂട്ടിയും സിനിമയിലേക്ക് വന്ന നാളുകള്‍ ഓര്‍ത്തെടുക്കുകയാണ് ആദ്യകാല സംവിധായകന്‍ സ്റ്റാന്‍ലി ജോസ്. സൂപ്പര്‍താരങ്ങളാകുമെന്ന് അവര്‍ പോലും അന്ന് കരുതിയിട്ടില്ലെന്നും അവരുടെ ഇന്നത്തെ വളര്‍ച്ചയില്‍ അത്ഭുതമുണ്ടെന്നും സ്റ്റാന്‍ലി ജോസ് കൌമുദിക്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.

“മഞ്ഞിൽ വിരിഞ്ഞ പൂക്കളിന്റെ ഷൂട്ടിംഗ് സമയത്ത് കൊടൈക്കനാലിൽ വെച്ചാണ് മോഹൻലാലിനെ കാണുന്നത്. മോഹൻലാൽ ഒരു രസികൻ ആയിരുന്നു. ആദ്യം ഒരു കീർത്തനമൊക്കെ പാടി ഇരുന്നു. എല്ലാവരെയും സോപ്പിടുന്നൊരു സ്വഭാവമുണ്ടായിരുന്നു. അന്ന് എല്ലാവര്‍ക്കും ശങ്കറിനെ അറിയാം. എല്ലാവരും ശങ്കറിനെ കാണാൻ ഓട്ടോഗ്രാഫുംകൊണ്ട് ചുറ്റും കൂടുകയാണ്. അന്ന് മോഹൻലാൽ അതുകണ്ട് അന്തിച്ചു നിന്നു. ഭാവിയിൽ അവനേക്കാളും വലിയ ആളാകുമെന്ന സങ്കൽപം പോലും മോഹൻലാലിനില്ലായിരുന്നു”- സ്റ്റാന്‍ലി പറയുന്നു.

ഇന്ത്യയിലെ തന്നെ ആദ്യത്തെ 70 എം.എം ചിത്രമായ പടയോട്ടത്തിന്റെ ഷൂട്ടിംഗ് സമയത്താണ് മമ്മൂട്ടിയെ കാണുന്നത്. പടയോട്ടത്തിന്റെ ഷൂട്ടിംഗ് സമയത്തു മമ്മൂട്ടിയുമായി നല്ല സൗഹൃദം ഉണ്ടായിരുന്നു. താൻ ഇന്നത്തെ പോലെ ഒരു മികച്ച നടൻ ആവുമെന്ന് അന്ന് മമ്മൂട്ടി സ്വയം പോലും വിചാരിച്ചു കാണില്ല എന്നാണ് സ്റ്റാന്‍ലി പറയുന്നത്.

ആദ്യകാല മലയാള ചലച്ചിത്ര നിർമ്മാതാക്കളിൽ പ്രമുഖ സ്ഥാനമുണ്ടായിരുന്ന ഉദയ സ്റ്റുഡിയോക്ക് വേണ്ടി സിനിമകൾ സംവിധാനം ചെയ്തവരിൽ ഒരാളാണ് സ്റ്റാൻലി ജോസ്. വേഴാമ്പല്‍ ആണ് സ്റ്റാന്‍ലി ആദ്യമായി സ്വതന്ത്ര സംവിധായകനായ ചിത്രം. പിന്നീട് നിരവധി മലയാള ചിത്രങ്ങളും ഒരു തമിഴ് സിനിമയും അദ്ദേഹം സംവിധാനം ചെയ്തിട്ടുണ്ട്.