Cricket Sports

തകർപ്പൻ സെഞ്ച്വറിയുമായി വിമർശകരുടെ വായടപ്പിച്ച് രോഹിത്; ഇന്ത്യ ഡ്രൈവിങ് സീറ്റിൽ

ചെന്നൈ: ഇംഗ്ലണ്ടിനെതിരെയുള്ള രണ്ടാം ടെസ്റ്റിൽ രോഹിത് ശർമ്മയുടെ തകർപ്പൻ സെഞ്ച്വറിയുടെ (108*) ബലത്തിൽ ഇന്ത്യ മികച്ച സ്‌കോറിലേക്ക്. 44 ഓവറിൽ മൂന്നു വിക്കറ്റിന് 156 റൺസ് എന്ന നിലയിലാണ് ഇന്ത്യ. 27 റൺസുമായി ഉപനായകൻ അജിൻക്യ രഹാനെയാണ് രോഹിതിനൊപ്പം ക്രീസിൽ.

ആദ്യ ടെസ്റ്റിലെ മോശം പ്രകടനത്തിന് ശേഷമാണ് വിമർശകരുടെ വായടപ്പിച്ച് രോഹിത് ഫോമിലേക്ക് തിരിച്ചുവന്നത്. ഏകദിന ശൈലിയിൽ 49 പന്തിൽ നിന്നാണ് രോഹിത് അർധസെഞ്ച്വറിയിലെത്തിയത്. ഉച്ചഭക്ഷണത്തിന് പിരിയുമ്പോൾ 78 പന്തിൽ നിന്ന് 80 റൺസായിരുന്നു രോഹിതിന്റെ സമ്പാദ്യം.

എന്നാൽ പിന്നീട് താരം ഗിയർ മാറ്റി. അടുത്ത പത്തു റൺസ് 32 പന്തിലാണ് രോഹിതിന് കൂട്ടിച്ചേർക്കാനായത്. 130 പന്തുകളിൽ നിന്ന് സെഞ്ച്വറിയും. ടെസ്റ്റിൽ രോഹിതിന്റെ ഏഴാം സെഞ്ച്വറിയാണിത്. ഇംഗ്ലണ്ടിനെതിരെ കളിയുടെ മൂന്ന് ഫോർമാറ്റിലും സെഞ്ച്വറി നേടുന്ന ആദ്യ ഇന്ത്യയ്ക്കാരനാണ് രോഹിത്.

സ്‌കോർ ബോർഡ് തുറക്കും മുമ്പെ ഓപണർ ശുഭ്മാൻ ഗില്ലിനെ നഷ്ടപ്പെട്ട് പതർച്ചയോടെയാണ് ഇന്ത്യ തുടങ്ങിയത്. ഒല്ലി സ്‌റ്റോൺ ഗില്ലിനെ വിക്കറ്റിന് മുമ്പിൽ കുടുക്കുകയായിരുന്നു. ടെസ്റ്റ് സ്‌പെഷ്യലിസ്റ്റ് ബാറ്റ്‌സ്മാൻ ചേതേശ്വർ പുജരായ്ക്കും നിലയുറപ്പിക്കാനായില്ല. 58 പന്തിൽ നിന്ന് രണ്ട് ബൗണ്ടറികളോടെ 21 റൺസെടുത്ത പുജാരയെ ജാക്ക് ലീച്ച് സ്റ്റോക്‌സിന്റെ കൈകളിലെത്തിച്ചു.

പിന്നാടെത്തിയ നായകൻ വിരാട് കോലി വന്നതും പോയതും ഒരുമിച്ചായിരുന്നു. അഞ്ചു പന്ത് നേരിട്ട കോലിയെ മുഈൻ അലി പൂജ്യത്തിന് പുറത്താക്കി. 150-ാം ടെസ്റ്റിലാണ് കോലി ഡക്കായി തിരിച്ചുകയറിയത്. 86ന് മൂന്ന് എന്ന നിലയിൽ പരുങ്ങിയ ഇന്ത്യയെ രോഹിതും വൈസ് ക്യാപ്റ്റൻ രഹാനെയും ചേർന്ന് പതിയെ കരകയറ്റി. ഉച്ചഭക്ഷണത്തിന് പിരിയുമ്പോൾ മൂന്നിന് 106 എന്ന നിലയിലായിരുന്നു ഇന്ത്യ.

ടോസ് ഭാഗ്യം ഇന്ത്യയ്ക്ക്

ടോസ് നേടിയ ഇന്ത്യ ബാറ്റിങ് തെരഞ്ഞെടുക്കുകയായിരുന്നു. ആദ്യ ടെസ്റ്റിലെ കനത്ത തോൽവിക്ക് ശേഷം ജയം മാത്രം ലക്ഷ്യമിട്ടാണ് ഇന്ത്യയിറങ്ങുന്നത്. എംഎ ചിദംബരം സ്‌റ്റേഡിയത്തിൽ നിയന്ത്രണങ്ങളോടെ കാണികൾക്ക് പ്രവേശം അനുവദിച്ചിട്ടുണ്ട്.

ഇന്ത്യയുടെ ആദ്യ ഇലവനിൽ മുഹമ്മദ് സിറാജ്, അക്‌സർ പട്ടേൽ, കുൽദീപ് യാദവ് എന്നിവർ ഇടംപിടിച്ചു. ബുംറ, നദീം, വാഷിങ്ടൺ സുന്ദർ എന്നിവർക്ക് വിശ്രമം അനുവദിച്ചു.

ഇംഗ്ലണ്ട് നിരയിൽ ജോസ് ബട്‌ലർക്ക് പകരം വിക്കറ്റ് കീപ്പറായി ബെൻ ഫോക്‌സ് ഇറങ്ങും. ജോഫ്ര ആർച്ചർക്ക് പകരം മുഈൻ അലിയും ജെയിംസ് ആൻഡേഴ്‌സണ് പകരം സ്റ്റുവർട്ട് ബോർഡും കളിക്കും.

ആദ്യ ടെസ്റ്റിൽ 227 റൺസിനായിരുന്നു ഇന്ത്യയുടെ തോൽവി. നാലു വർഷത്തിന് ശേഷമാണ് ഇന്ത്യ ഹോം ഗ്രൗണ്ടിൽ തോൽക്കുന്നത്. 2017 ഫെബ്രുവരിയിൽ ഓസീസിനെതിരെയായിരുന്നു ഇതിന് മുമ്പുള്ള തോൽവി. ഇതോടെ നാലു ടെസ്റ്റുകളടങ്ങുന്ന പരമ്പരയിൽ ഇന്ത്യ പിന്നിലായി.