Kerala

കാപ്പന് പാലാ സീറ്റ് നൽകുമെന്ന് ചെന്നിത്തല

മാണി സി കാപ്പനെ യു ഡി എഫിലേക്ക് സ്വാഗതം ചെയത് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കാപ്പൻ യു ഡി എഫി ലേക്ക് വന്നാൽ നിയമസഭാ തെരഞ്ഞെടുപ്പിൽ പാലാ സീറ്റ് നൽകുമെന്നും ചെന്നിത്തല പറഞ്ഞു. കാപ്പൻ തനിച്ചുവന്നാലും എൻസിപി ഒന്നിച്ചുവന്നാലും യുഡിഎഫ് സ്വീകരിക്കുമെന്ന് അദ്ദേഹം പറഞ്ഞു.

പാലാ സീറ്റിനെ ചൊല്ലി എൻസിപി യിൽ ഉടലെടുത്ത തർക്കം ക്ലൈമാക്സിലേക്കെത്തുമ്പോൾ എൻ സി പി ഇടത് മുന്നണിയിൽ തുടരുമെന്നാണ് സൂചന. പാലാ സീറ്റ്‌ നൽകാത്തത് അനീതി ആണെന്ന് വിലയിരുത്തിയെങ്കിലും ദേശീയ തലത്തിലെ വിശാല സാഹചര്യമാണ് മുന്നണി മാറ്റത്തിൽ നിന്ന് പാർട്ടിയെ പിന്നോട്ട് വലിക്കുന്നത്. സിപിഎം ഉൾപ്പെടെ ദേശീയ തലത്തിൽ കോൺഗ്രസ്‌ ഇതര പ്രതിപക്ഷ ചേരി ശക്തിപ്പെടുമ്പോൾ ശരദ് പവാറിനെ ഉയർത്തിക്കാട്ടുന്നതിൽ സിപിഎമ്മും മുഖ്യ പങ്കാളിയാണ്.

അതിനാൽ കോൺഗ്രസ് മുൻ കൈയ്യിലുള്ള മുന്നണിയിലേക്ക് പോകുന്നത് ഈ ഘട്ടത്തിൽ ഉചിതമാകില്ലെന്ന് ദേശീയ അധ്യക്ഷൻ നിലപാടെടുത്തതായാണ് സൂചന. അതേസമയം മാണി സി കാപ്പൻ കൂട്ടുരും ഞായറാഴ്ച യുഡിഎഫിന് ചേരും.

രമേശ് ചെന്നിത്തലയുടെ ഐശ്വര്യ കേരളയാത്ര പാലായിൽ എത്തുമ്പോഴാകും മാണി സി കാപ്പൻ യുഡിഎഫിന്റെ ഭാഗമാവുക. എൻ സി പി യിലെ ഭൂരിഭാഗം ജില്ലാ കമ്മിറ്റികളും തൻറെ കൂടെ ഉണ്ടെന്നാണ് മാണി സി കാപ്പന്റെ അവകാശവാദം. ദേശീയ നേതൃത്വത്തിന്റെ ഔദ്യോഗിക തീരുമാനം ഉടനുണ്ടാകും. ഇതോടെ എൻസിപിയുടെ പിളർപ്പും ഔദ്യോഗികമാകും