കൊല്‍ക്കത്തയില്‍ ഡിസംബര്‍ 19നാണ് പുതിയ ഐ.പി.എല്‍ സീസണിലേക്കുള്ള താരലേലം നടക്കുക. 73 ഒഴിവുകളിലേക്ക് 971 ക്രിക്കറ്റ് താരങ്ങളാണ് മത്സരിക്കുന്നത്. അതുകൊണ്ടുതന്നെ ലോകോത്തര താരങ്ങളില്‍ പലരെയും ടീമുകള്‍ തഴയാന്‍ സാധ്യത ഏറെയാണ്. പ്രത്യേകിച്ചും കോടികള്‍ അടിസ്ഥാന വിലയിട്ട താരങ്ങളെ.
ആസ്‌ട്രേലിയന്‍ താരങ്ങളാണ് രണ്ട് കോടി വിലയിട്ടവരില്‍ കൂടുതലും. പാറ്റ് കമ്മിന്‍സ്, ജോഷ് ഹേസല്‍വുഡ്, ക്രിസ് ലിന്‍, മാക്‌സ്‌വെല്‍, മിച്ചല്‍ മാര്‍ഷ് എന്നീ അഞ്ച് ഓസീസ് താരങ്ങളാണ് രണ്ട് കോടി അടിസ്ഥാന വിലയില്‍ ലേലത്തിലെത്തുക. അതായത് ടീമുകള്‍ ഈ താരങ്ങളെ സ്വന്തമാക്കണമെങ്കില്‍ ഏറ്റവും കുറഞ്ഞത് രണ്ട് കോടി രൂപ മുടക്കേണ്ടിവരും. ശ്രീലങ്കയുടെ മുന്‍ ക്യാപ്റ്റന്‍ ഏയ്ഞ്ചലോ മാത്യൂസും സ്‌റ്റെയിനും രണ്ട് കോടിയുടെ മോഹവിലയാണിട്ടിരിക്കുന്നത്. ഇവരില്‍ ആരെയൊക്കെ ടീമുകള്‍ വിളിച്ചെടുക്കുമെന്ന് കണ്ടറിയണം.
ഇന്ത്യക്കുവേണ്ടി കളിച്ച 19 താരങ്ങളാണ് ഐ.പി.എല്‍ ലേലത്തില്‍ പങ്കെടുക്കുന്നത്. അതില്‍ ഏറ്റവും കൂടുതല്‍ അടിസ്ഥാനവിലയിട്ടിരിക്കുന്നത് റോബിന്‍ ഉത്തപ്പയാണ്. രഞ്ജിയില്‍ കേരളത്തിന്റെ താരമായ റോബിന്‍ 1.5 കോടി രൂപയാണ് അടിസ്ഥാന വിലയായി സമര്‍പിച്ചിരിക്കുന്നത്. മോശം ഫോമിനെ തുടര്‍ന്ന് കേരളം ക്യാപ്റ്റന്‍സ്ഥാനത്തു നിന്നും 34കാരന്‍ ഉത്തപ്പയെ നീക്കിയിരുന്നു. കഴിഞ്ഞ മാസമാണ് ഉത്തപ്പയേയും പിയൂഷ് ചൗളയേയും കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് റിലീസ് ചെയ്തത്.
ഇംഗ്ലണ്ടിന് ലോകകപ്പ് നേടിക്കൊടുത്ത ക്യാപ്റ്റന്‍ ഇയോന്‍ മോര്‍ഗന്‍, ജാസണ്‍ റോയ്, ദക്ഷിണാഫ്രിക്കക്കാരന്‍ ക്രിസ് മോറിസ്, ഷോണ്‍ മാര്‍ഷ്, കെയ്ന്‍ റിച്ചാഡ്‌സണ്‍, ക്രിസ് വോക്‌സ്, ഡേവിഡ് വില്ലി, കെയ്ല്‍ അബോട്ട് എന്നിവരാണ് 1.5 കോടി അടിസ്ഥാന വിലയിട്ട് ലേലത്തില്‍ പ്രതീക്ഷയര്‍പ്പിച്ചിരിക്കുന്നവര്‍. ലോകകപ്പില്‍ 22 വിക്കറ്റ് വീഴ്ത്തിയ ആസ്‌ട്രേലിയന്‍ പേസ് ബൗളര്‍ മിച്ചല്‍ സ്റ്റാര്‍ക്കും ഇംഗ്ലണ്ട് ടെസ്റ്റ് ക്യാപ്റ്റന്‍ ജോ റൂട്ടും ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ കളിക്കാന്‍ താത്പര്യം കാണിച്ചിട്ടില്ല.
ഇത്തവണത്തെ ഐ.പി.എല്‍ ടീമുകളിലെ വിടവുകള്‍ നികത്താനായിരിക്കും ടീമുകള്‍ ഉപയോഗിക്കുക. ടീമുകളെ ഉടച്ചുവാര്‍ക്കുന്ന ലേലം 2021സീസണ് മുന്നോടിയായിട്ടായിരിക്കും സംഭവിക്കുക. ഡിസംബര്‍ ഒമ്പതിന് അന്തിമപട്ടികയുണ്ടാക്കിയ ശേഷമായിരിക്കും ടീമുകള്‍ 19ന് കൊല്‍ക്കത്തയില്‍ ലേലത്തിനെത്തുക.