Cricket Sports

അയാള്‍ കാരണമാണ് ഇന്ത്യ – പാക് ബന്ധം തകര്‍ന്നത്: ശാഹിദ് അഫ്രീദി

പ്രധാനമന്ത്രി നരേന്ദ്ര മോദി അധികാരത്തിലിരിക്കുന്നതുവരെ ഇന്ത്യയുമായുള്ള ക്രിക്കറ്റ് ബന്ധം മെച്ചപ്പെടുത്താൻ കഴിയില്ലെന്ന് മുൻ പാകിസ്താൻ നായകൻ ശാഹിദ് അഫ്രീദി. 2014 ൽ മോദിയുടെ നേതൃത്വത്തിലുള്ള ബി.ജെ.പി അധികാരത്തിൽ വന്നതിനുശേഷം ഇന്ത്യയും പാകിസ്താനും തമ്മിലുള്ള ബന്ധം കൂടുതൽ വഷളായതായി അഫ്രീദി കുറ്റപ്പെടുത്തി.

മോദി അധികാരത്തിലിരിക്കുന്നതു വരെ ഞങ്ങൾക്ക് ഇന്ത്യയിൽ നിന്ന് ഒരു പ്രതികരണവും ലഭിക്കുമെന്ന് കരുതുന്നില്ലെന്നും അഫ്രീദി പറഞ്ഞു. ”ഇന്ത്യക്കാർ ഉൾപ്പെടെ നമുക്കെല്ലാവർക്കും മോദി ചിന്തിക്കുന്ന രീതി മനസിലായിട്ടുണ്ട്. അദ്ദേഹത്തിന്റെ ചിന്താഗതി നിഷേധാത്മകത നിറയുന്നതാണ്.” അഫ്രീദി പറഞ്ഞു. ഇന്ത്യയും പാകിസ്താനും തമ്മിലുള്ള ക്രിക്കറ്റ് ബന്ധം പുനസ്ഥാപിക്കാൻ കഴിയുമോ എന്ന ചോദ്യത്തിന് മറുപടി പറയുകയായിരുന്നു താരം. “അയാള്‍ ഒരാള്‍ കാരണം ഇന്ത്യയും പാകിസ്താനും തമ്മിലുള്ള ബന്ധം തകരാറിലായി. ഇതല്ല ഞങ്ങൾ ആഗ്രഹിച്ചത്. ഇരു രാജ്യങ്ങളില്‍ നിന്നുമുള്ള ജനങ്ങള്‍ രണ്ടിടങ്ങളിലേക്കും യാത്ര ചെയ്യാന്‍ ആഗ്രഹിക്കുന്നു. മോദി എന്താണ് ആഗ്രഹിക്കുന്നതെന്നും അദ്ദേഹത്തിന്റെ അജണ്ട യഥാർഥത്തിൽ എന്താണെന്നും എനിക്ക് മനസിലാകുന്നില്ല, ” അഫ്രീദി പറഞ്ഞു.

ഇന്ത്യയും പാകിസ്താനും അവസാനമായി ഒരു ഉഭയകക്ഷി പരമ്പരയിൽ പങ്കെടുത്തത് 2012-13 ൽ മിസ്ബ ഉൾ ഹഖിന്റെയും മുഹമ്മദ് ഹഫീസിന്റെയും ടീമുകൾ ഇന്ത്യയിലെത്തിയപ്പോഴായിരുന്നു. 2006 ൽ രാഹുൽ ദ്രാവിഡ് ക്യാപ്റ്റനായിരുന്ന സമയത്താണ് ഇന്ത്യന്‍ ടീമിന്റെ അവസാന പാകിസ്താൻ സന്ദർശനം. 2008 ലെ 26/11 മുംബൈ ഭീകരാക്രമണത്തിനുശേഷം, രണ്ട് ക്രിക്കറ്റ് ടീമുകളും ഐ.സി.സി ടൂർണമെന്റുകളിൽ മാത്രമാണ് നേര്‍ക്കുനേര്‍ കളിച്ചിട്ടുള്ളത്. അതേസമയം, ഇന്ത്യൻ പ്രീമിയർ ലീഗ്, രാജ്യത്തെ വളർന്നുവരുന്ന ക്രിക്കറ്റ് താരങ്ങളെ അന്താരാഷ്ട്ര ക്രിക്കറ്റിന്റെ സമ്മർദ്ദങ്ങളെ നന്നായി നേരിടാൻ സഹായിച്ചതായും അദ്ദേഹം പറഞ്ഞു.

മികച്ച വിദേശ കളിക്കാരുമായി ഐ‌.പി.‌എല്ലിൽ കളിച്ച ശേഷം അവരുടെ പുതിയ കളിക്കാർ അന്താരാഷ്ട്ര ക്രിക്കറ്റിലേക്ക് വരുമ്പോൾ സമ്മര്‍ദങ്ങളെ നേരിടാന്‍ പ്രാപ്തരായി കഴിഞ്ഞിരിക്കും. ഐ.പി.എൽ അവരുടെ ക്രിക്കറ്റിനെ തന്നെ മാറ്റി. തങ്ങളുടെ പാകിസ്താൻ സൂപ്പർ ലീഗും ഇതുപോലെയാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇതിനകം തന്നെ ചില നല്ല യുവ താരങ്ങളെ ലീഗിലൂടെ കണ്ടെത്തി കഴിഞ്ഞതായും അഫ്രീദി പറഞ്ഞു.