Cricket Sports

വിവേചനം നിറത്തിന്റെ പേരില്‍ മാത്രമല്ല, വിശ്വാസത്തിന്റെ പേരിലുമുണ്ടെന്ന് ഇര്‍ഫാന്‍ പത്താന്‍

സമ്മിക്കെതിരായ അധിക്ഷേപത്തെക്കുറിച്ച് നേരിട്ട് അറിവില്ലെങ്കിലും ആഭ്യന്തര ക്രിക്കറ്റിലെ വംശീയ അധിക്ഷേപങ്ങള്‍ സത്യമാണെന്നും ഇര്‍ഫാന്‍ പത്താന്‍ പറഞ്ഞിരുന്നു…

ജോര്‍ജ്ജ് ഫ്‌ളോയിഡ് എന്ന കറുത്തവര്‍ഗ്ഗക്കാരന്റെ കൊലപാതകത്തെ തുടര്‍ന്ന് അമേരിക്കയില്‍ വര്‍ണ്ണവെറിക്കെതിരായ മുന്നേറ്റം ശക്തമാണ്. അമേരിക്കക്ക് പിന്നാലെ ലോകമാകെ പലരാജ്യങ്ങളില്‍ നിന്നും ബ്ലാക് ലൈവ്‌സ് മാറ്റേഴ്‌സ് മുന്നേറ്റത്തിന് പിന്തുണ ലഭിക്കുന്നുണ്ട്. ഈ സാഹചര്യത്തിലാണ് നിറത്തിന്റെ പേരില്‍ മാത്രമല്ല വിശ്വാസത്തിന്റെ പേരിലും വിദ്വേഷം പുലര്‍ത്തുന്നുവെന്നത് സത്യമാണെന്ന് ക്രിക്കറ്റ് താരം ഇര്‍ഫാന്‍ തുറന്നു പറഞ്ഞിരിക്കുന്നത്.

‘തൊലിയുടെ നിറത്തിന്റെ പേരില്‍ മാത്രമല്ല വിവേചനങ്ങളുള്ളത്. ഒരു പ്രദേശത്ത് നിങ്ങള്‍ മറ്റൊരു വിശ്വാസത്തില്‍ പെട്ടയാളാണെന്ന കാരണം പറഞ്ഞ് വീട് വാങ്ങാന്‍ അനുവദിക്കാത്തതും വിവേചനമാണ്’ എന്നാണ് ഇര്‍ഫാന്‍ പത്താന്റെ ട്വീറ്റ്.

ഐ.പി.എല്ലില്‍ തനിക്ക് വംശീയാധിക്ഷേപം നേരിടേണ്ടി വന്നുവെന്ന് വെസ്റ്റ് ഇന്‍ഡീസ് കളിക്കാരന്‍ ഡാരന്‍ സമ്മി തുറന്ന് പറഞ്ഞിരുന്നു. സഹതാരങ്ങള്‍ കാലു എന്ന് വിളിച്ചിരുന്നത് അധിക്ഷേപമാണെന്ന് അന്ന് മനസിലായില്ലെന്നും തിരിച്ചറിഞ്ഞപ്പോള്‍ ദേഷ്യം വന്നുവെന്നുമാണ് സമ്മി പറഞ്ഞത്.

ഇതിന് പിന്നാലെ സമ്മിക്ക് അങ്ങനെ വംശീയാധിക്ഷേപം നേരിട്ട വിവരം അറിയില്ലെന്ന് സണ്‍റൈസേഴ്‌സ് ഹൈദരാബാദില്‍ സഹതാരങ്ങള്‍ രംഗത്തെത്തി. ഇതിന് മറുപടിയായി തന്നെ അധിക്ഷേപിച്ചവര്‍ക്ക് അത് ആരാണെന്നറിയാമെന്നും നേരിട്ട് സംസാരിച്ച് തെറ്റിദ്ധാരണകളുണ്ടെങ്കില്‍ തിരുത്തുകയോ മാപ്പു പറയുകയോ വേണമെന്ന് സമ്മി ആവശ്യപ്പെട്ടിരിക്കുകയാണ്.

സമ്മിക്കെതിരായ അധിക്ഷേപത്തെക്കുറിച്ച് നേരിട്ട് അറിവില്ലെങ്കിലും ആഭ്യന്തര ക്രിക്കറ്റിലെ വംശീയ അധിക്ഷേപങ്ങള്‍ സത്യമാണെന്ന് ഇര്‍ഫാന്‍ പത്താന്‍ പറഞ്ഞിരുന്നു. സമ്മിയെ കാലു എന്ന് വിശേഷിപ്പിച്ചുള്ള ഇഷാന്ത് ശര്‍മ്മയുടെ ആറ് വര്‍ഷം മുമ്പുള്ള ഇന്‍സ്റ്റഗ്രാം പോസ്റ്റും ഇതിനിടെ വാര്‍ത്തയായി.