Cricket Sports

പിങ്ക് ബോളിന്റെ രുചിയറിഞ്ഞ് കോഹ് ലി, ഗില്ലിന് ബൗണ്‍സര്‍ പ്രഹരം; പതിവില്ലാതെ ത്രോഡൗണ്‍ നെറ്റ്‌സ് മാറ്റി സ്ഥാപിച്ച്‌ ഇന്ത്യ

ബംഗ്ലാദേശിനെതിരായ ടെസ്റ്റ് പരമ്ബരയ്ക്ക് മുന്‍പായി പിങ്ക് ബോളില്‍ പരിശീലനം നടത്തി ഇന്ത്യന്‍ നായകന്‍ വിരാട് കോഹ് ലിയും. നേരത്തെ, രഹാനെ, പൂജാരെ ഉള്‍പ്പെടെയുള്ള ഇന്ത്യന്‍ ബാറ്റ്‌സ്മാന്മാര്‍ പിങ്ക് ബോളില്‍ നെറ്റ്‌സില്‍ വിയര്‍പ്പൊഴുക്കിയിരുന്നു.

വിശ്രമം കഴിഞ്ഞ് ടെസ്റ്റ് പരമ്ബരയ്ക്കായി ടീമിനൊപ്പം ചേര്‍ന്ന ദിവസം തന്നെ പിങ്ക് ബോളില്‍ പരിശീലനം നടത്താന്‍ കോഹ് ലി തെരഞ്ഞെടുത്തു. എന്നാല്‍, നെറ്റ്‌സില്‍ ലൈറ്റ്‌സിന് കീഴിലോ, പിങ്ക് ബോളില്‍ മുഴുവന്‍ സമയമോ ഇന്ത്യന്‍ താരങ്ങള്‍ പരിശീലനം നടത്തിയിട്ടില്ല.

പേസര്‍, സ്പിന്നര്‍, ത്രോ ഡൗണ്‍സ് എന്നിങ്ങനെ മൂന്ന് വിഭാഗങ്ങളായി തിരിച്ചാണ് നെറ്റ്‌സ് ഒരുക്കുന്നത്. ടീമിന്റെ നിര്‍ദേശത്തെ തുടര്‍ന്ന് ത്രോ ഡൗണ്‍ നെറ്റ് ഗ്രൗണ്ടിന്റെ മറ്റൊരു ഭാഗത്താണ് തയ്യാറാക്കിയത്. ബ്ലാക്ക് സ്‌ക്രീനും ഇവിടെ സ്ഥാപിച്ചിട്ടുണ്ടെന്ന് പിടിഐ റിപ്പോര്‍ട്ട് ചെയ്യുന്നു.

കഴിഞ്ഞ ദിവസം നെറ്റ്‌സില്‍ കോഹ് ലിയാണ് ആദ്യം പിങ്ക് ബോളില്‍ പരിശീലനം തുടങ്ങിയത്. പിന്നാലെ പൂജാര പിങ്ക് ബോളും, റെഡ് ബോളും മാറി മാറി നേരിട്ടു. പരിശീലനത്തിന് ഇടയില്‍ ബൗണ്‍സറില്‍ യുവതാരം ശുഭ്മന്‍ ഗില്ലിന് പ്രഹരമേറ്റു. എന്നാല്‍ താരത്തിന്റെ പരിക്ക് ഗുരുതരമല്ലെന്നാണ് റിപ്പോര്‍ട്ട്.